ദുബായ് : മൂന്നുദിവസത്തെ ഗൾഫ് പര്യടനത്തിനെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി യു.എ.ഇയിൽ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ സ്മരണാർഥമുള്ള സ്റ്റാമ്പ് പ്രകാശനം ചെയ്യും. ആഗസ്റ്റ് 23 മുതൽ 25വരെയാണ് നരേന്ദ്രമോദിയുടെ ഗൾഫ് സന്ദർശനം. യു.എ.ഇയിലും, ബഹ്റിനിലുമാണ് മോദി സന്ദർശനം നടത്തുന്നത്.
നരേന്ദ്രമോദിയുടെ രണ്ടുദിവസത്തെ യു.എ.ഇ സന്ദർശനത്തിൽ ഇരുരാജ്യങ്ങളുടേയും രാഷ്ട്രപിതാക്കൻമാർക്കു ആദരവർപ്പിക്കും. ഇന്ത്യയുടെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ നൂറ്റിഅൻപതാം ജന്മവാർഷികത്തോടനുബന്ധിച്ചു ഗാന്ധി സ്മാരക സ്റ്റാമ്പ് അബുദാബിയിൽ പ്രധാനമന്ത്രി പ്രകാശനം ചെയ്യും. ഒപ്പം യു.എ.ഇ രാഷ്ട്രപിതാവ് ഷെയ്ഖ് സായിദിന്റെ പേരിലുള്ള, രാജ്യത്തെ പരമോന്നത സിവിലിയൻ പുരസ്കാരം നരേന്ദ്രമോദിക്കു സമ്മാനിക്കും.
വ്യാപാരഇടപാടുകൾക്കടക്കം ഉപയോഗിക്കാവുന്ന റൂപേ കാർഡ് പ്രധാനമന്ത്രി യു.എ.ഇയിൽ അവതരിപ്പിക്കും. തുടർന്ന് ശനിയാഴ്ച ബഹ്റൈനിലെത്തുന്ന നരേന്ദ്രമോദി ബഹ്റൈൻ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. സാംസ്കാരികം, ബഹിരാകാശ ഗവേഷണം, പുനരുപയോഗ ഊർജം തുടങ്ങിയ മേഖലകളിൽ വിവിധ കരാറുകളിൽ ഇരുരാജ്യങ്ങളും ഒപ്പുവയ്ക്കും. മനാമയിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ പ്രവാസിഇന്ത്യക്കാരെ മോദി അഭിസംബോധന ചെയ്യും. ഗൾഫ് മേഖലയിലെ ആദ്യ ക്ഷേത്രമായ മനാമ ശ്രീകൃഷ്ണ ക്ഷേത്രത്തിൻറെ നവീകരണ പ്രവർത്തനങ്ങൾ മോദി ഉദ്ഘാടനം ചെയ്യും. തുടർന്നു ഞായറാഴ്ച ഉച്ചയോടെ ജി സെവൻ ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി ഫ്രാൻസിലേക്കു മടങ്ങും
ജമ്മുകാശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞശേഷം ഇസ്ലാമിക രാഷ്ട്രത്തിലേക്കുള്ള മോദിയുടെ സന്ദർശത്തിന് രാഷ്ട്രീയ നിരീക്ഷകർ ഏറെ പ്രാധാന്യം കൽപ്പിക്കുന്നുണ്ട് കാശ്മീർ പ്രശ്നം അന്താരാഷ്ട്ര തലത്തിലേക്ക് ചർച്ചാവിഷയമായി പാക് പ്രധാനമന്ത്രി ഉയർത്തുന്നതിനിടെ കാശ്മീർ വിഷയം ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്ന നിലപാടാണ് യു.എ.ഇ സ്വീകരിച്ചിരുന്നത്