ബാസൽ : ഇന്ത്യൻ വനിതാതാരം പി.വി. സിന്ധു സ്വിറ്റ്സർലൻഡിൽ നടക്കുന്ന ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിന്റെ മൂന്നാം റൗണ്ടിലെക്കെത്തി. ഇന്നലെ നടന്ന രണ്ടാം റൗണ്ട് മത്സരത്തിൽ ചൈനീസ് തായ്പേയ്യുടെ പായ് യു പോയെ നേരിട്ടുള്ള ഗെയിമുകൾക്ക് തകർത്താണ് ലോക അഞ്ചാം നമ്പർ താരമായ സിന്ധു പ്രീക്വാർട്ടറിലേക്ക് കടന്നത്. 21-14, 21-15 എന്ന സ്കോറിനായിരുന്നു 42 മിനിട്ട് നീണ്ട മത്സരത്തിൽ സിന്ധുവിന്റെ വിജയം. ആദ്യ റൗണ്ടിൽ സിന്ധുവിന് ബൈ ലഭിച്ചിരുന്നു.
അമേരിക്കയുടെ ഷാങ് ബെയ്വെനും ആസ്ട്രേലിയയുടെ സുയാനൻ യു ബൻഡി ചെന്നും തമ്മിലുള്ള രണ്ടാം റൗണ്ട് പോരാട്ടത്തിലെ ജേതാവിനെയാണ് സിന്ധു മൂന്നാം റൗണ്ടിൽ നേരിടേണ്ടത്.