അബു ദാബി: ദുബായിൽ നടന്ന ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ ഇന്ത്യക്കാരി സ്ത്രീക്ക് 7 കോടിയിലേറെ രൂപ സമ്മാനം. രണ്ട് ഇന്ത്യക്കാർക്കും ഒരു പാക്കിസ്ഥാനി, പോർച്ചുഗീസുകാരൻ, ബഹ്റൈൻ സ്വദേശി എന്നിവർക്കുംമാണ് സമ്മാനം ലഭിച്ചത്. ദുബായിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാരിയായ ഒ.ബീജലിന് ഏഴ് കോടിയിലേറെ രൂപയാണ്(10 ലക്ഷം യുഎസ് ഡോളർ) സമ്മാനമായി ലഭിക്കുക. ഒരുപാട് വർഷങ്ങളായി ദുബായിൽ ജോലി ചെയ്യുന്ന 34കാരി ബീജലിന് 4111 നമ്പർ ടിക്കറ്റിലാണ് സമ്മാനം അടിച്ചത്. തനിക്ക് സന്തോഷമറിയിക്കാൻ വാക്കുകൾ കിട്ടുന്നില്ലെന്നും ദുബായിക്ക് താൻ ഏറെ നന്ദി പറയുന്നുവെന്നും ബീജൽ പ്രതികരിച്ചു.
ഇക്കഴിഞ്ഞ ജൂലൈ 25ന് നാട്ടിലേയ്ക്ക് തിരിച്ചപ്പോൾ ബീജലിന്റെ ഭർത്താവാണ് ഇരുവരുടെയും പേരിൽ ടിക്കറ്റെടുത്തത്. പതിവായി ഡ്യൂട്ടിഫ്രീ നറുക്കെടുപ്പിന്റെ ടിക്കറ്റെടുക്കാറുണ്ട് ഇവർ. 1999ലാണ് ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പ് ആരംഭിക്കുന്നത്. അന്ന് മുതൽ ഇൗ ഭാഗ്യം ലഭിക്കുന്ന ഇന്ത്യക്കാരിൽ 148–ാമത്തെ ആളാണ് ബീജൽ. ഇവരെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത് വിടാൻ ലോട്ടറി അധികൃതർ തയാറായിട്ടില്ല.
ഇന്ന് രാവിലെ ദുബായ് രാജ്യാന്തര വിമാനത്താവളം ടെർമിനൽ 3ലെ കോൺകോഴ്സ് ബിയിലായിരുന്നു നറുക്കെടുപ്പ് നടന്നത്. തുടർന്ന് നടന്ന ദുബായ് ഡ്യൂട്ടി ഫ്രീ ഫൈനസ്റ്റ് സർപ്രൈസ് പ്രമോഷൻ നറുക്കെടുപ്പിൽ ഇന്ത്യക്കാരൻ ഷഹീൻ ഷെയ്ഖിന് മോട്ടോ ഗുസ്സി കാലിഫോർണിയ ടൂറിങ് മോട്ടോർബൈക്കും പാക്കിസ്ഥാൻ സ്വദേശി ജഹാൻസെബ് ആരിഫിന് നിസാൻ ജിടിആർ പ്രിമിയം എഡിഷൻ കാറും പോർചുഗീസ് സ്വദേശിനി ആനി എസ്പി ഡയസിന് പോർഷെ കാറും ബഹ്റൈൻ സ്വദേശി ഗുലാം അമീറിക്ക് അപ്രിലിയ ടുവോനോ ആർആർ മോട്ടോർ ബൈക്കും സമ്മാനമായി ലഭിച്ചു.