raging

ലക്നൗ : ഉത്തർപ്രദേശിൽ 150 ഒന്നാം വർഷ മെഡിക്കൽ കോളേജ് വിദ്യാർത്ഥികളെ സീനിയർ വിദ്യാർത്ഥികൾ നിർബന്ധിച്ച് തല മൊട്ടയടിപ്പിച്ച് വരിവരിയായി നടത്തി. ഉത്തർപ്രദേശ് യൂണിവേഴ്‌സിറ്റി ഓഫ് മെഡിക്കൽ സയൻസസിലാണ് ഈ ക്രൂരമായ റാഗിങ് അരങ്ങേറിയത്. മൊട്ടയടിച്ച ശേഷം വിദ്യാർത്ഥികൾ വരിവരിയായി മാർച്ച് ചെയ്യുകയും സീനിയർ വിദ്യാർത്ഥികളെ സല്യൂട്ട് ചെയ്യുന്നതുമായ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

അതേസമയം സംഭവത്തിൽ വൈസ് ചാൻസലർ ഡോ. രാജ്കുമാറിന്റെ പ്രതികരണം വിവാദത്തിലായി. താൻ അനുഭവിച്ചതിന്റെ പത്ത് ശതമാനം പോലും ഇവർക്ക് അനുഭവിക്കേണ്ടിവന്നിട്ടില്ലെന്നാണ് ഡോ.രാജ് കുമാർ പറഞ്ഞത്.

'എൺപതുകളിൽ വിദ്യാർത്ഥിയായിരുന്ന സമയത്ത് ഞാനും റാഗ് ചെയ്യപ്പെട്ടിട്ടുണ്ട്. അന്ന് അനുഭവിച്ചതിന്റെ പത്ത് ശതമാനം പോലും ഇപ്പോൾ റാഗ് ചെയ്യപ്പെട്ട കുട്ടികൾ അനുഭവിച്ചിട്ടില്ല. ആസമയത്ത് സീനിയേഴ്സിനെ ഭയന്ന് പലപ്പോഴും മതിലു ചാടേണ്ടി വന്നിട്ടുണ്ട്. പിന്നീട് ഇതേ സീനിയേഴ്സ് തന്നെ ചായയും സമൂസയും വാങ്ങിത്തന്നിട്ടുണ്ട്'- രാജ്കുമാർ പറഞ്ഞു. കാമ്പസിൽ റാഗിംഗ് തടയാൻ സ്പെഷ്യല്‍ സ്ക്വാഡുകൾ ഉണ്ടെന്നും ഇതിന് മുമ്പ് റിപ്പോർട്ട് ചെയ്ത സംഭവങ്ങളിൽ നടപടി എടുത്തിട്ടുണ്ടെന്നും ഡോ.രാജ് കുമാർ കൂട്ടിച്ചേർത്തു. വിഷയം പ്രത്യേക സംഘം അന്വേഷിക്കുന്നുണ്ടെന്നും ഉത്തരവാദികളായ വിദ്യാർത്ഥികളെ സസ്‌പെൻഡ് ചെയ്തതായും അദ്ദേഹം അറിയിച്ചു .

വെള്ള കോട്ട് ധരിച്ച വിദ്യാർത്ഥികൾ ചെറു ഗ്രൂപ്പുകളായി പോവുന്നതാണ് വീഡിയോകളിലുള്ളത്. എല്ലാവരുടെയും തല മൊട്ടയടിച്ചിട്ടുണ്ട്. രണ്ടാമത്തെ വീഡിയോയിൽ വിദ്യാർത്ഥികൾ സീനിയർ വിദ്യാർത്ഥികളെ സല്യൂട്ട് ചെയ്യുന്നതായി കാണാം. സർവകലാശാല ജീവനക്കാരെയും വീഡിയോകളിൽ കാണുന്നുണ്ടെങ്കിലും ഇവരാരും റാഗിംഗ് തടയാൻ ശ്രമിക്കുന്നില്ല.