തിരുവനന്തപുരം: സംസ്ഥാന ടൂറിസം വകുപ്പ് നടപ്പിലാക്കുന്ന പൈതൃകത്തെരുവ് പദ്ധതിയും കേന്ദ്ര സർക്കാരിന്റെ സഹായത്തോടെ നടപ്പിലാക്കുന്ന സ്മാർട്ട് സിറ്റിയും തമ്മിലിടിച്ചപ്പോൾ വൈകുന്നത് ചാലയുടെ വികസനം എന്ന തലസ്ഥാനവാസികളുടെ ഏറെക്കാലമായുള്ള സ്വപ്നമാണ്. ചാലയെ പൈതൃകത്തെരുവായി സംരക്ഷിക്കുന്നതിനായി ടൂറിസം വകുപ്പ് രൂപം കൊടുത്ത പൈതൃക തെരുവ് പദ്ധതിയുടെ ഒന്നാംഘട്ടത്തിൽ നിർമ്മിക്കുമെന്ന് പറഞ്ഞവയൊന്നും ഇതുവരെ നിർമ്മിച്ചിട്ടില്ല. പച്ചക്കറി മാർക്കറ്റിനായുള്ള കെട്ടിടത്തിന്റെ നിർമ്മാണം മാത്രമാണ് അന്തിമഘട്ടത്തിലെത്തിയത്. പച്ചക്കറി മാർക്കറ്റിനു പുറമേ അമിനിറ്റി സെന്റർ, പ്രധാന കവാടം എന്നിവയാണ് ആദ്യം നിർമിക്കുമെന്ന് പറഞ്ഞിരുന്നത്. എന്നാൽ കേന്ദ്രസർക്കാരിന്റെ സഹായത്തോടെ നടപ്പിലാക്കുന്ന സ്മാർട്ട് സിറ്റി പദ്ധതിയിൽ ചാലയിലെ നിർമ്മാണം കൂടി ഉൾപ്പെടുമെന്ന് വന്നതോടെ പൈതൃകത്തെരുവ് പദ്ധതി ഇഴയാൻ തുടങ്ങി.
കഴിഞ്ഞ നവംബർ ഒന്നിനായിരുന്നു പൈതൃക പദ്ധതിയുടെ നിർമ്മാണോദ്ഘാടനം. നാലു മാസത്തിനുള്ളിൽ ആദ്യഘട്ടത്തിൽ ഉൾപ്പെടുത്തിയ പച്ചക്കറി മാർക്കറ്റ്, അമിനിറ്റി സെന്റർ, പ്രധാന കവാടം എന്നിവ പൂർത്തിയാക്കുമെന്നായിരുന്നു പ്രഖ്യാപനം. പത്തുനാൾ കൂടിയാകുമ്പോൾ മാസം പത്താകും. പച്ചക്കറി മാർക്കറ്റിന്റെ മേൽക്കൂരയുടെ പണിയാണ് ഇപ്പോൾ നടക്കുന്നത്. രണ്ടു പദ്ധതികളും ടൂറിസം വകുപ്പാണ് നടപ്പിലാക്കുന്നത്. പൈതൃകത്തെരുവ് പദ്ധതിയുടെ നിർവഹണച്ചുമതല ഹാബിറ്റാറ്റിനാണ്. എന്നാൽ സ്മാർട്ട് സിറ്റി പദ്ധതിയുമായി ബന്ധപ്പെട്ട ചാലയിലെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് ഇതുവരെ ടെൻഡർ അനുവദിച്ചിട്ടില്ല. ടൂറിസം ഡയറക്ടർ ബാലകിരണിനെയാണ് ഇതു സംബന്ധിച്ച കാര്യങ്ങൾക്കായി ചുമതലപ്പെടുത്തിയിരിക്കുന്നത്.
സ്മാർട്ട് സിറ്റി പദ്ധതി സംബന്ധിച്ച കാര്യങ്ങൾ വ്യക്തമാകാത്തത് കാരണമാണ് ഒന്നാം ഘട്ടം പൈതൃക തെരുവ് പദ്ധതി നിർമ്മാണം പൂർത്തിയാകാത്തതെന്നാണ് ഹാബിറ്റാറ്റിന്റെ വാദം.60 കോടി രൂപ ചെലവിൽ ചാല നവീകരിക്കുന്നതാണ് സ്മാർട്ട് സിറ്റി പദ്ധതി. ചാലയിലേക്കുള്ള ഇലക്ട്രിസിറ്റി ലൈനുകളെല്ലാം ഭൂമിക്കടിയിലൂടെ ആക്കുന്നതുൾപ്പെടെയുള്ള പദ്ധതി കഴിഞ്ഞ മാർച്ച് അഞ്ചിന് ഉദ്ഘാടനം ചെയ്തതാണ്. 17 ചെറിയ പദ്ധതികൾക്ക് ടെൻഡറായെങ്കിലും വമ്പൻ പദ്ധതിയായ ചാല വികസന പദ്ധതിയുടെ ടെൻഡർ നടപടികൾ വൈകുകയായിരുന്നു. രണ്ടു പദ്ധതികളിലെയും വികസനനിർദേശങ്ങൾ തമ്മിൽ സാമ്യവുമുണ്ട്. ഇരുപദ്ധതികളെയും ഒന്നിപ്പിച്ചുകൊണ്ട് നീങ്ങിയില്ലെങ്കിൽ ചാല വികസനം അനന്തമായി നീളും.
ചിങ്ങം പിറന്നിട്ടും ഓണമെത്താറായിട്ടും ചാലക്കമ്പോളത്തിന് ഒരു ഉണർവില്ലാത്തതുപോലെ. ആൾത്തിരക്ക് കുറഞ്ഞു. പലവ്യജ്ഞനങ്ങളുമായി ലോറികൾ സഭാപതി കോവിൽ റോഡിൽ കിടക്കുന്നുണ്ട്. പക്ഷേ, കടകളിൽ ആളനക്കം കുറവ്. പച്ചക്കറി മാർക്കറ്റിലും തിരക്ക് തീരെയില്ല. ആരെങ്കിലുമൊക്കെ എന്തെങ്കിലുമൊക്കെ വാങ്ങാനെത്തുമെന്ന പ്രതീക്ഷയിൽ ചെറുകിട കച്ചവടക്കാർ ഇരിക്കുന്നതും കാണാം. ചിലരുടെ മുഖത്ത് കടുത്ത നിരാശ. മുമ്പൊക്കെ വീട്ടിലായാലും നാട്ടിലായാലും എന്തെങ്കിലും വിശേഷമുണ്ടെങ്കിൽ സാധനങ്ങളെല്ലാം കൂടി വാങ്ങാനായി പോകുന്നത് ചാലയിലേക്കാണ്. ചാല മാർക്കറ്റിൽ കിട്ടാത്തതായി ഒന്നുമില്ല.
ജില്ലയിൽ നിന്നു മാത്രമല്ല കൊല്ലത്തു നിന്നുപോലും ഓണം, വിവാഹം, ഉത്സവം ഒക്കെ ആഘോഷിക്കാൻ പർച്ചേസിംഗിന് എത്തിയിരുന്നത് ചാലയിലായിരുന്നു.
നഗരത്തിനകത്തും പുറത്തുമൊക്കെ പുതിയതായി ആരംഭിച്ച ഷോപ്പിംഗ് സെന്ററുകളിൽ പഴവും പച്ചക്കറിയും പലവ്യജ്ഞനവുമെല്ലാം വിൽക്കാൻ തുടങ്ങിയപ്പോഴാണ് ചാലയുടെ മുഖം മങ്ങിത്തുടങ്ങിയത്. തുണിത്തരങ്ങളും ഇലക്ട്രോണിക്സ് സാധനങ്ങളും വീട്ടുപകരണങ്ങളും പഴവും പച്ചക്കറിയുമെല്ലാം ഒരിടത്ത് തന്നെ കിട്ടാൻ തുടങ്ങിയപ്പോൾ ആൾക്കാർ അങ്ങോട്ട് ഓടി. നഗരത്തിലെ ന്യൂജെൻ ഷോപ്പിംഗ് സെന്ററുകൾ മാത്രമല്ല തിരിച്ചടിയായതെന്ന് വ്യാപാരികൾ
പറയുന്നു. ഇപ്പോൾ നഗരത്തിനു പുറത്തും ഇത്തരത്തിൽ സെന്ററുകൾ ഉണ്ട്. ഹോൾസെയിൽ സെന്ററുകൾ മിക്കയിടത്തും തുടങ്ങിക്കഴിഞ്ഞു. ചാലയിലെ വിലയെ അപേക്ഷിച്ച് മറ്രിടങ്ങളിൽ രണ്ടോ മൂന്നോ രൂപ കൂടിയാലും ഏറ്റവും അടുത്തു നിന്നു സാധനം ലഭിക്കുമ്പോൾ അവിടെ നിന്നു വാങ്ങാനാണ് ഉപഭോക്താക്കൾ ശ്രമിക്കുക.
രണ്ട് സഞ്ചി സാധനവും വാങ്ങി ഇവിടെ നിന്നു കിഴക്കേകോട്ടയിലേക്ക് ആട്ടോറിക്ഷ പിടിക്കുന്നവരിൽ നിന്നു 25 രൂപ വാങ്ങേണ്ടതിനു പകരം 50 രൂപ ചോദിക്കുന്നവരുണ്ട്. പിന്നെങ്ങനെ ആളുകൾ വീണ്ടും ഇവിടെ വരും? പച്ചക്കറി വ്യാപാരിയായ കേശവൻ ചോദിക്കുന്നു.
പലചരക്ക് വ്യാപാരം നടത്തിയവരിൽ 40 ശതമാനം പേർ ചാലവിട്ടു പോയെന്ന് വ്യാപാരി കെ.കൃഷ്ണൻകുട്ടി പറയുന്നു. അഞ്ചു വർഷം മുമ്പ് നൂറിലേറെ പലചരക്ക് വ്യാപാരികളുണ്ടായിരുന്നതാണ്, ഇപ്പോൾ ഉള്ളത് എഴുപതിനു താഴെ. അതിൽ തന്നെ നല്ല കച്ചവടം ഉള്ളത് പത്തോളം കടകൾക്കാണ്. ആകെ വില്പന പകുതിയായി കുറഞ്ഞു. വലിയ ഷോപ്പിംഗ് സെന്ററുകളിൽ ഡിസ്കൗണ്ടും ഓഫറുമൊക്കെ നൽകി ആളുകളെ ആകർഷിക്കുമ്പോൾ ഇപ്പോഴും പഴയ രീതിയിൽ കച്ചവടം നടത്തുന്ന ചാലക്കാർക്ക് നഷ്ടം സഹിക്കേണ്ടി വരുന്നുവെന്നാണ് അദ്ദേഹം പറയുന്നത്.
പച്ചക്കറി മാർക്കറ്റിനകത്ത് മീൻ മാർക്കറ്റിലാണ് ഇന്നലെ രാവിലെ പതിനൊന്നരയ്ക്കു തിരക്കുണ്ടായിരുന്നത്. അതിനു കാരണം മറ്റൊന്നുമല്ല- ഇതുവരെ ഷോപ്പിംഗ് സെന്ററുകളിൽ മീൻ വില്പന തുടങ്ങിയിട്ടില്ല!