തിരുവനന്തപുരം : രാജകീയ യാത്രകളുടെ കുളമ്പടി കേട്ടുണർന്നിരുന്ന അനന്തപുരിയുടെ ചരിത്ര വീഥികളിൽ നാളെ കൃഷ്ണഭക്തി നിറഞ്ഞൊഴുകും. ഭക്തിയുടെ നെയ്ത്തിരി നിറഞ്ഞു തെളിയുന്ന അഷ്ടമി രോഹിണിയിൽ നാടെങ്ങും കൃഷ്ണലഹരിയിലാണ്ടു പോകും. പ്രണയവും വിരഹവും കുസൃതിയും വാത്സല്യവും സൗഹൃദവും ശാന്തിയും സമാധാനവുമെല്ലാം ഉൾക്കൊണ്ട് മനുഷ്യനോട് ചേർന്ന് നിൽക്കുന്ന അവതാര പുരുഷനാണ് ശ്രീകൃഷ്ണൻ. മത - ദൈവ സങ്കല്പങ്ങളെ നിഷ്പ്രഭമാക്കുന്നതാണ് കൃഷ്ണഭക്തി.
ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ചുള്ള എല്ലാ ഒരുക്കങ്ങളും ക്ഷേത്രങ്ങളിൽ പൂർത്തിയായി. ശ്രീകൃഷ്ണ സ്വാമി ക്ഷേത്രങ്ങളിലെല്ലാം അഷ്ടമിരോഹിണി മഹോത്സവത്തിന് കൊടിയേറിയിരുന്നു. ചിങ്ങത്തിൽ അഷ്ടമിയും രോഹിണിയും ചേർന്നു വരുന്ന ദിവസത്തിലാണ് ശ്രീകൃഷ്ണന്റെ ജനിച്ചത്. ജന്മാഷ്ടമി ദിനത്തിൽ ജപിക്കുന്ന ഭഗവത് മന്ത്രങ്ങൾക്ക് സാധാരണ ദിനത്തിനേക്കാൾ നാലിരട്ടി ഫലം നൽകും.
അഷ്ടമിരോഹിണി ദിവസം അർദ്ധരാത്രി കഴിയുന്നതുവരെ ഉറങ്ങാതെ കൃഷ്ണഭജനം ചെയ്താൽ ഭഗവാന്റെ അനുഗ്രഹം ഉണ്ടാകുമെന്നും വിശ്വാസമുണ്ട്. അർദ്ധരാത്രി പാൽപ്പായസമുണ്ടാക്കി വീടിന് പിൻഭാഗത്ത് വയ്ക്കുന്ന ചടങ്ങുമുണ്ട്. ഉണ്ണിക്കൃഷ്ണന്റെ കാലടികൾ അരിപ്പൊടി കലക്കിയ വെള്ളച്ചായത്തിൽ വീട്ടുമുറ്റം മുതൽ പായസം വച്ചിരിക്കുന്നിടം വരെ വരച്ചു വയ്ക്കുന്ന പതിവ് ഇപ്പോഴുമുണ്ട്. ഉണ്ണിക്കൃഷ്ണൻ രാത്രിയിൽ വന്ന് ഈ പാൽപ്പായസം കുടിക്കുമെന്നാണ് വിശ്വാസം.
ആഘോഷങ്ങളിൽ പ്രധാനമാണ് ഉറിയടി. ഉണ്ണിക്കണ്ണന്റെ വേഷം കെട്ടിയ കുട്ടി തൂങ്ങിയാടുന്ന വെണ്ണക്കുടം ചാടിപ്പിടിക്കാൻ ശ്രമിക്കുതോടെയാണ് ഉറിയടി തുടങ്ങുന്നത്. കാണികളിക്ക് ആവേശം പകരുന്ന ഈ കൗതുകക്കാഴ്ച കണ്ണൻ ഉറിചാടിപ്പിടിക്കുന്നതോടെ അവസാനിക്കും.
ശ്രീകൃഷ്ണ ജയന്തി ബാലദിനമായാണ് ബാലഗോകുലം ആചരിക്കുന്നത്. ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ശോഭായാത്ര നടക്കും. ശോഭയാത്രകളിൽ ദ്വാപരയുഗ സ്മരണകളുണർത്തുന്ന നിശ്ചലദൃശ്യങ്ങളും ശ്രീകൃഷ്ണഗോപികാവേഷങ്ങളുമുണ്ടാകും.