തിരുവനന്തപുരം: പരസ്പരം പോരടിച്ചതാണ് കാരണമെങ്കിലും മൃഗശാലയിലെ രണ്ടാമത്തെ അനാക്കോണ്ടയും ചത്തതോടെ അപൂർവ വന്യജീവികളുടെ സംരക്ഷണത്തിൽ കൂടുതൽ ശ്രദ്ധ നൽകാൻ മൃഗശാല അധികൃതർ തീരുമാനിച്ചു. കഴിഞ്ഞ ദിവസം ചത്ത ഏയ്ഞ്ചലയെന്ന അനാക്കോണ്ടയുടെ കൂട്ടിൽ ശേഷിച്ച റൂത്ത് എന്ന പാമ്പിനെ കൂടുതൽ നിരീക്ഷണത്തിനായി പ്രത്യേകം മാറ്റിപാർപ്പിച്ചിരിക്കുകയാണ്. ഒൻപത് വയസും 3.6 മീറ്റർ നീളമുള്ള ഏയ്ഞ്ചല കഴിഞ്ഞ ദിവസം രാവിലെയോടെ ചത്തതിന് മുൻപ് ഈ മാസം 6ന് രേണുകയെന്ന അനാക്കോണ്ടയും ഇവിടെ ചത്തിരുന്നു. ഏയ്ഞ്ചലയുമായി ചുറ്റിപ്പിണഞ്ഞപ്പോൾ ഞെരിഞ്ഞമർന്നായിരുന്നു രേണുക ചത്തത്. ഏഴു കിലോമാത്രം ഭാരമുള്ള രേണുകയും 50 കിലോ ഭാരമുള്ള ഏയ്ഞ്ചലയും തമ്മിലുള്ള ചുറ്റിപ്പിണഞ്ഞതിനിടെ ഏയ്ഞ്ചലയുടെ വയറിന് പുറത്ത് മുറിവുണ്ടാവുകയും ചെയ്തിരുന്നു. പരസ്പരം ഞെരുക്കിയപ്പോൾ ഏയ്ഞ്ചലയുടെ വൻകുടലിൽ കാൻസറിന് സമാനമായുണ്ടായിരുന്ന മുഴ പൊട്ടി ആന്തരിക രക്തസ്രാവം ഉണ്ടായതിനെ തുടർന്നുള്ള അണുബാധയാണ് പാമ്പിന്റെ മരണകാരണമെന്ന് പാലോട്ടെ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് അനിമൽ ഡിസീസിലെ പരിശോധനയിൽ വ്യക്തമായിരുന്നു.
കൂട്ടിലെ മണലിലും വെള്ളത്തിലും മറ്റുള്ള വസ്തുക്കളിലും അണുബാധ ഉണ്ടാകുന്ന സാദ്ധ്യത മുൻനിറുത്തി ഈ കൂടിനെ അണുവിമുക്തമാക്കുന്നതിനുള്ള നടപടി തുടരുകയാണ്. ഒരു മാസത്തോളം ഈ കൂട് പൂർണമായും അടച്ചിടാനാണ് തീരുമാനമെന്ന് വെറ്ററിനറി സർജൻ അലക്സാണ്ടർ ജേക്കബ് പറഞ്ഞു. രേണുക ചത്ത ശേഷം മൃഗശാല അധികൃതർ പാമ്പിൻകൂട്ടിൽ സി.സി.ടി.വി കാമറ ഘടിപ്പിച്ചിരുന്നു.
പോസ്റ്റ്മോർട്ടം നടത്തിയ ഏയ്ഞ്ചലയുടെ ആന്തരികാവയവങ്ങൾ നീക്കംചെയ്ത് സ്റ്റഫ് ചെയ്ത ശേഷം കഴിഞ്ഞ ദിവസം രാത്രി ഒൻപതോടെ നാച്വറൽ ഹിസ്റ്ററി മ്യൂസിയത്തിലേക്ക് മാറ്റി. നവീകരണ പ്രവർത്തനങ്ങൾക്ക് ശേഷം ഹിസ്റ്ററി മ്യൂസിയം തുറക്കുമ്പോൾ ഏയ്ഞ്ചലയെയും നേരത്തെ സ്റ്റഫ് ചെയ്തു സൂക്ഷിച്ചിട്ടുള്ള രേണുകയെയും പ്രദർശിപ്പിക്കാനാണ് തീരുമാനം.
2014ൽ ശ്രീലങ്കയിലെ ദെഹിവാല മൃഗശാലയിൽ നിന്നെത്തിച്ച ഏഴ് അനാക്കോണ്ടകളിൽ ഇനി അഞ്ചെണ്ണമാണ് അവശേഷിക്കുന്നത്. സ്വതന്ത്ര ആവാസ വ്യവസ്ഥയിലാണെങ്കിൽ 250 കിലോ വരെ വലിപ്പം ഉണ്ടാകുന്നതാണ് അനക്കോണ്ടകൾ .
ആമസോൺ കാടുകളിൽ കാണുന്ന ഇത്തരം അനാക്കോണ്ടകൾ കാട്ടുപന്നിയുടെ വലിപ്പമുള്ള മൃഗങ്ങളെ ഭക്ഷിക്കുന്നതാണ് ശാരീരിക വലിപ്പം കൂടുന്നതിന് കാരണമെന്ന് ഡോ. അലക്സാണ്ടർ ജേക്കബ് പറഞ്ഞു.