നിവിൻ പോളി നായകനാകുന്ന പടവെട്ട് എന്ന ചിത്രം അടുത്ത മാസം 20 ന് കണ്ണൂരിൽ തുടങ്ങും. നിവിന്റെ നായികയാകുന്നത് ഒരു അന്യഭാഷ നായികയായിരിക്കും. സണ്ണി വയ്ൻ പ്രൊഡക് ഷന്റെ ആദ്യ സിനിമാ നിർമ്മാണ സംരംഭമാണ് പടവെട്ട് .
നാടക സംവിധായകനും പരസ്യ ചിത്ര സംവിധായകനുമായ ലിജു കൃഷ്ണനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പടവെട്ടിന്റെ 90 ശതമാനം ചിത്രീകരണവും കണ്ണൂരിൽ വച്ചായിരിക്കും. നിവിൻ ഇതുവരെ ചെയ്യാത്ത പുതുമയുള്ള ഒരു കഥാപാത്രമായിരിക്കും ചിത്രത്തിലേതെന്നു സംവിധായകൻ ലിജു കൃഷ്ണ സിറ്റി കൗമുദിയോട് പറഞ്ഞു. 2020 ൽ നടക്കുന്ന കഥയാണിതെന്നും സംവിധായകൻ പറഞ്ഞു. നേരത്തെ മൊമന്റ് ജസ്റ്റ് ബിഫോർ ഡെത്ത് എന്ന നാടകം സണ്ണി വയ്ൻ നിർമ്മിച്ചിരുന്നു. ഈ നാടകത്തിന്റെ സംവിധാനം നിർവ്വഹിച്ചതും ലിജുകൃഷ്ണയായിരുന്നു. ചിത്രത്തിന്റെ മറ്റു വിവരങ്ങളൊന്നും പുറത്തു വിട്ടിട്ടില്ല.
പടവെട്ടിന്റെ തിരക്കഥയും സംവിധായകന്റേതാണ് . ദീപക് ഡി . മേനോൻ ആണ് ഛായാഗ്രഹണം. ഹിറ്റ് തമിഴ് ചിത്രമായ 96 ന് ശേഷം ഗോവിന്ദ് വസന്ത് മലയാളത്തിൽ സംഗീതം നിർവഹിക്കുന്നുവെന്ന പ്രത്യേകതയും പടവെട്ടിനുണ്ട്. ഗാനങ്ങൾ അൻവർ അലിയും എഡിറ്റിംഗ് ഷഫീക് മുഹമ്മദ് അലിയും നിർവഹിക്കുന്നു.