kerala-police

ആലപ്പുഴ: സീറ്റ് ബെൽറ്റിടാതെ ഔദ്യോഗിക വാഹനത്തിൽ യാത്ര ചെയ്‌ത രണ്ട് പൊലീസുകാർക്ക് സ്ഥലംമാറ്റം. ഇതുസംബന്ധിച്ച വീഡിയോ പ്രചരിച്ചതിനെ തുടർന്നാണ് ജില്ലാ പൊലീസ് മേധാവി സ്ഥലംമാറ്റിയത്. അരൂർ സ്റ്റേഷനിലെ അഡീഷണൽ എസ്.എെ വീരേന്ദ്രകുമാറിനെ കായംകുളത്തേക്കും, വാഹനം ഓടിച്ചിരുന്ന അസിസ്റ്റന്റ് എസ്.എെ സിദ്ധാർത്ഥിനെ എ.ആർ ക്യാമ്പിലേക്കുമാണ് സ്ഥംലമാറ്റിയത്. ജില്ലാ പൊലീസ് മേധാവി കെ.എം.ടോമിയുടെ നിർദേശപ്രകാരം സ്‌പെഷൽ ബ്രാഞ്ച് ഡി.വൈ.എസ്.പി ബിനുകുമാർ സമർപ്പിച്ച അന്വേഷണ റിപ്പോർട്ട് അനുസരിച്ചാണ് നടപടി. പൊലീസ് വാഹനത്തിൽ യാത്ര ചെയ്‌തിരുന്ന ഉദ്യോഗസ്ഥരെ പിന്നാലെയെത്തിയ ബൈക്ക് യാത്രക്കാരൻ സീറ്റ് ബെൽറ്റിടാൻ നിർബന്ധിക്കുന്ന വീഡിയോ വൈറലായതിനെ തുടർന്നാണ് നടപടി. കേരള കൗമുദി ഓൺലൈനാണ് ഇത് സംബന്ധിച്ച വാർത്ത ആദ്യം പുറത്തുവിട്ടത്.

അതേസമയം, പൊലീസ് വാഹനം തടഞ്ഞുനിറുത്തി ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയതിന് യുവാവിനെതിരെ കേസെടുക്കാമെങ്കിലും ഇക്കാര്യത്തിൽ പൊലീസുകാർ പരാതി നൽകിയിട്ടില്ല. അതിനാൽ തന്നെ യുവാവിനെതിരെ കേസെടുത്തില്ല. ഉദ്യോഗസ്ഥർക്കെതിരെ വകുപ്പ് തല നടപടിയുണ്ടാകുമെന്നും ജില്ലാ പൊലീസ് മേധാവി അറിയിച്ചു.

ശ്രീലങ്കൻ മന്ത്രിക്ക് എസ്കോർട്ട് ഡ്യൂട്ടി പോയ ശേഷം സ്റ്റേഷനിലേക്കു മടങ്ങുന്നതിനിടെയാണ് പൊലീസുകാർ കാമറയുടെ കെണിയിൽ കുടുങ്ങിയത്. രണ്ടുപേരും സീറ്റ് ബെൽറ്റ് ഇടാതെ വിശാലേമായി ഇരുന്ന് ലാത്തിയടിച്ച് പോവുകയാണ്. ജീപ്പിനെ മറികടന്നെത്തിയ ബൈക്ക് യാത്രക്കാരന് നിയമലംഘനം സഹിച്ചില്ല. മോട്ടോർ വാഹന നിയമം പൊലീസിനും ബാധകമാകേണ്ടതാണല്ലോ. സാറേ, സീറ്റ് ബെൽറ്റൊക്കെ ഇടാം.' ജീപ്പിനൊപ്പമെത്തി ബൈക്കുകാരൻ പറ‌ഞ്ഞെങ്കിലും ഏമാന്മാർ കേട്ട ഭാവം കാണിച്ചില്ല. പോരെങ്കിൽ, അതിന് തനിക്കെന്തു വേണം എന്നൊരു പൊലീസ് മുറയും! ബൈക്കിലെ ഹീറോ, ജീപ്പ് മറികടന്ന് വട്ടംചുറ്റിനിന്ന് സിനിമാ സ്റ്റൈലിൽ നടന്നുവന്നു. ഉദ്യോഗസ്ഥരുടെ പേരും തസ്തികയും ചോദിച്ചറിഞ്ഞു. മുഴുവൻ സീനും ഡയലോഗ് സഹിതം ബൈക്കുകാരന്റെ ഹെൽമറ്റിലിരുന്ന് ഗോപ്രോ ആക്‌ഷൻ കാമറ പകർത്തുകയാണെന്ന് അവരെങ്ങനെ അറിയാൻ! എന്തായാലും പണി മണത്തതോടെ ഏമാന്മാർ സീറ്റ് ബെൽറ്റൊക്കെ ഇട്ട് മാന്യമായി ആയിരുന്നു തുടർന്നുള്ള യാത്ര. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആയതോടെ ജില്ലാ പൊലീസ് മേധാവി അന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു.