നംഗൽ: എട്ട് വയസുകാരി പെൺകുട്ടിയെ മൂന്ന് വർഷമായി ലൈംഗികമായി പീഡിപ്പിച്ച് മദ്ധ്യവയസ്ക്കൻ. പഞ്ചാബിലെ, നംഗലിലാണ് സംഭവം നടന്നത്. തന്റെ ഭാര്യയുടെ അടുക്കൽ ട്യൂഷനായി എത്തിയിരുന്ന പെൺകുട്ടിയെയാണ് 53 വയസുകാരനായ ബരേഷ് കുമാർ പീഡിപ്പിച്ചത്. തങ്ങളുടെ മകളെ ഇയാൾ വർഷങ്ങളായി ലൈംഗികമായി ചൂഷണം ചെയ്തു വരികയായിരുന്നു ഇയാൾ എന്ന് കാണിച്ചുകൊണ്ട് കുട്ടിയെ മാതാപിതാക്കൾ പൊലീസിനെ സമീപിച്ചതോടെയാണ് സംഭവം വെളിച്ചത്ത് വരുന്നത്.
ഇക്കഴിഞ്ഞ ആഗസ്റ്റ് 15നാണ് മാതാപിതാക്കൾ മകളിൽ നിന്നും ഈ വിവരം അറിയുന്നത്. ട്യൂഷൻ ക്ലാസിൽ നിന്നും മടങ്ങി വന്ന കുട്ടി ആകെ അസ്വസ്ഥത പ്രകടിപ്പിക്കുകയും, ഇനി താൻ ട്യൂഷൻ ക്ലാസ്സിൽ പോകില്ല എന്ന് അറിയിക്കുകയും ചെയ്തു. ഇതേ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടി ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ട് എന്ന് ഇവർ മനസിലാക്കുന്നത്. മയക്കുമരുന്നുകൾ നൽകിയാണ് ബരേഷ് പെൺകുട്ടിയെ പീഡിപ്പിക്കാറുണ്ടായിരുന്നത് എന്നാണ് പുറത്ത് വരുന്ന വിവരം.
ഈ വിവരം പുറത്ത് പറഞ്ഞാൽ പെൺകുട്ടിയെയും മാതാപിതാക്കളെയും കൊല്ലുമെന്നും ഇയാൾ കുട്ടിയോട് പറഞ്ഞിരുന്നു. എന്നാൽ സംഭവം പുറത്ത് വന്നപ്പോൾ ഇത് കള്ളക്കേസാണെന്നും, മുൻവൈരാഗ്യം തീർക്കുന്നതിന് വേണ്ടിയാണ് കേസ് കെട്ടിച്ചമച്ചതെന്നുമാണ് ബരേഷും കുടുംബവും പറയുന്നത്. മൂന്നാം ക്ലാസിലാണ് പെൺകുട്ടി പഠിക്കുന്നത്. കേസ് സംബന്ധിച്ചുള്ള പൊലീസ് അന്വേഷണം തുടരുകയാണ്.