തിരുവനന്തപുരം: നാല് ശതമാനം പലിശ നിരക്കിലുള്ള കാർഷിക സ്വർണ്ണപണയ വായ്‌പ നിർത്തലാക്കാൻ റിസർവ് ബാങ്കിൽ നിന്ന് രേഖാമൂലം നിർദേശം ലഭിച്ചിട്ടില്ലെന്ന് സംസ്ഥാനതല ബാങ്കേഴ്സ് സമിതി ചെയർമാൻ ആർ.എ ശങ്കരനാരായണൻ പറഞ്ഞു. അതിനാൽത്തന്നെ കർഷകർക്ക് നാല് ശതമാനം പലിശയ്ക്ക് മൂന്ന് ലക്ഷം രൂപവരെയും, കർഷകർ അല്ലാത്തവർക്ക് ഒമ്പത് ശതമാനം പലിശയ്ക്ക് പരിധിയില്ലാതെ വായ്പയെടുക്കാനോ പഴയ വായ്പ പുതുക്കാനോ തടസങ്ങളില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
സ്വർണപണയ വായ്പ എടുക്കാൻ വരുന്നവർ കർഷകർ തന്നെയാണെന്ന് ഉറപ്പിക്കാൻ അവരെ വിശ്വസത്തിലെടുക്കുക എന്ന മാർഗം മാത്രമേയുള്ളുവെന്നും അദ്ദേഹം വ്യക്തമാക്കി. നാല് ശതമാനം പലിശയ്ക്കുള്ള കാർഷിക വായ്പകൾ അവസാനിപ്പിക്കാൻ കേന്ദ്രസർക്കാർ നേരത്തെ തീരുമാനമെടുത്തിരുന്നു. ഈ വർഷം ഒക്ടോബർ ഒന്നുമുതൽ സ്വർണ്ണപ്പണയതത്തിന്മേൽ വായ്പ നൽകേണ്ടതില്ലെന്നുമായിരുന്നു കേന്ദ്രസർക്കാരിന്റെ നിർദേശം. കഴിഞ്ഞ മാസം 31നാണ് കേന്ദ്ര കൃഷിവകുപ്പ് ഇക്കാര്യം വീഡിയോ കോൺഫറൻസിലൂടെ അറിയിച്ചത്. അനർഹർ വായ്പയെടുക്കുന്നത് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാരാണ് കേന്ദ്ര സർക്കാരിനും റിസർവ് ബാങ്ക് ഗവർണർക്കും കത്തയച്ചത്.