''ങ്‌ഹേ?"
ഞെട്ടലോടെ ചന്ദ്രകല ചുറ്റും നോക്കി.
ഒന്നും കാണുവാൻ വയ്യ...
ഇരുട്ടിനൊപ്പം പുകയും!
അടുത്ത് എവിടെ നിന്നോ ആണ് പാഞ്ചാലിയുടെ ശബ്ദം കേട്ടതെന്ന് ഉറപ്പ്!
അടുത്ത നിമിഷം പ്രജീഷും ചന്ദ്രകലയും മറ്റൊന്നു കണ്ടു...
നടുമുറ്റത്ത് ഒരു ചെറിയ തീജ്വാല... തൊട്ടടുത്ത സെക്കന്റിൽ ആ ജ്വാല വലുതായി...
പിന്നെ അത് ചെറു പന്തങ്ങൾ കണക്കെ തീയുടെ അനേക രൂപങ്ങളായി..
ഒരേ സമയം അവ നടുമുറ്റത്തു നിന്ന് നാലുപാടും ചിതറി...
പുകയിലൂടെ കറുത്ത രൂപങ്ങളെ അവർ അവ്യക്തമായി കണ്ടു...
അവറ്റകൾ പന്തങ്ങൾ ഉയർത്തിപ്പിടിച്ചിരിക്കുന്നതുപോലെ...
ആ കറുത്ത രൂപങ്ങൾ നടുമുറ്റത്തിനു ചുറ്റുമുള്ള വരാന്തകളിലേക്കു കയറി...
പിന്നെ കണ്ടത് തീപ്പന്തങ്ങളുടെ നൃത്തം...
ചുടലപ്പിശാചുക്കൾ തീ വാരിയെറിഞ്ഞ് ചുവടു വയ്‌ക്കുന്നതു പോലെ...
''പ്രജീഷേ..." ചന്ദ്രകലയുടെ നിലവിളി നാവിൽ മരിച്ചുവീണു.
അയാളും വിറയ്ക്കുകയാണെന്ന് താൻ പിടിച്ചിരുന്ന കയ്യിൽ നിന്ന് ചന്ദ്രകല മനസ്സിലാക്കി.
''മമ്മീ..."
വീണ്ടും ഈണത്തിലുള്ള വിളി.
''പോകാൻ തീരുമാനിച്ചു... അല്ലേ?"
''ഞങ്ങളെ കൊല്ലല്ലേ മോളേ..." എന്നു വിലപിക്കണമെന്നുണ്ട് ചന്ദ്രകലയ്ക്ക്. പക്ഷേ കഴിഞ്ഞില്ല...
പെട്ടെന്ന് തന്റെ കൈയിലെ പിടിവിട്ട് പ്രജീഷ് താഴെ വീണത് ചന്ദ്രകല അറിഞ്ഞു.
അതേ നിമിഷം അവളും മോഹാലസ്യപ്പെട്ടു വീണു...
ചന്ദ്രകല കണ്ണു തുറക്കുമ്പോൾ നേരം നന്നെ പുലർന്നിരുന്നു.
മുറിയിൽ തന്റെ സെൽഫോൺ ശബ്ദിക്കുന്നതു കേട്ടു.
പരിഭ്രമത്തോടെ ചന്ദ്രകല ചുറ്റും നോക്കി. വരാന്തയുടെ സിമന്റു തറയിൽ കിടക്കുകയാണു താൻ!
തൊട്ടരുകിൽ പ്രജീഷ്.
അയാൾ പല്ലുകൾ കോർത്തു കടിച്ചു പിടിച്ചിരിക്കുന്നു!
പൊടുന്നനെ അവളുടെ മനസ്സിൽ തലേ രാത്രി തെളിഞ്ഞു.
എവിടെ കറുത്ത രൂപങ്ങളും പന്തങ്ങളും... കുന്തിരിക്കത്തിന്റെ പുക....
ഒരിടത്തും ഒന്നുമില്ല.
ചന്ദ്രകല എഴുന്നേൽക്കാൻ ശ്രമിച്ചു. രക്തം മുഴുവൻ വാർന്നുപോയതു പോലെയുള്ള തളർച്ച.
ഇടം കൈ തറയിൽ കുത്തി അവൾ എഴുന്നേറ്റിരുന്നു. പിന്നെ പ്രജീഷിനെ കുലുക്കി വിളിച്ചു.
''അയ്യോ... കൊല്ലല്ലേ.."
പ്രജീഷ് ഒറ്റ നിലവിളി.
ചന്ദ്രകല ഭയന്നുപോയി.
കണ്ണു തുറന്ന പ്രജീഷ് അവളെ തുറിച്ചു നോക്കി. പ്രേതത്തിന്റെതു പോലെ വിളറി വെളുത്ത മുഖം!
സ്ഥലകാലബോധം തിരിച്ചുകിട്ടുവാൻ അല്പനേരമെടുത്തു പ്രജീഷിന്.
പിന്നെ പെട്ടെന്ന് അയാൾ ചാടിയെഴുന്നേറ്റു. പേടിയോടെ ചുറ്റും നോക്കി.
''എന്തിയേ അതൊക്കെ..."
''അറിയില്ല..." ചന്ദ്രകല കൈമലർത്തി. ''ഞാനും ഇപ്പഴാ ഉണർന്നത്..."
മുറിയിൽ വീണ്ടും സെൽഫോൺ റിംഗു ചെയ്യുന്ന ഒച്ച.
പ്രജീഷ് അവളെ കൈപിടിച്ച് എഴുന്നേൽപ്പിച്ചു.
പിന്നെ ഇരുവരും മുറിയിലേക്ക് ഓടി.
ഫോണിൽ 'കിടാവ് സാർ" എന്ന പേരു തെളിയുന്നതു കണ്ടു.
റാഞ്ചും പോലെ ചന്ദ്രകല ഫോൺ എടുത്തു.
''എത്ര നേരമായി ഞാൻ വിളിക്കുന്നു കലേ..."
കിടാവിന്റെ നീരസം നിറഞ്ഞ ശബ്ദം.
''സോറി സാർ..." ചന്ദ്രകല മെല്ലെ കിതപ്പടക്കി. ''ഫോൺ സൈലന്റ് മോഡിൽ ആയിപ്പോയി."
''ങാ. പിന്നെ... പണം ഞാൻ അവിടെയെത്തിക്കണോ അതോ?" കിടാവ് തിരക്കി.
''ഇങ്ങോട്ട് കൊണ്ടുവരണ്ടാ. ഞങ്ങൾ അങ്ങോട്ട് വരാം."
അവൾ പെട്ടെന്നു പറഞ്ഞു. പണം ഇവിടേക്കു കൊണ്ടുവന്നാൽ അതും നഷ്ടമായാലോ എന്നൊരു സംശയം ചന്ദകലയ്ക്ക്.
''എങ്കിൽ ശരി. ഞാൻ ഒരാളെ അവിടേക്കയയ്ക്കാം. ആ ആൾ വശം പ്രമാണങ്ങൾ കൊടുത്തു വിടണം. പതിനൊന്നു മണിക്ക് നിങ്ങൾ രജിസ്ട്രാർ ഓഫീസിൽ എത്തുമ്പോഴേക്ക് എഗ്രിമന്റ് തയ്യാറായിരിക്കും."
''ശരി സാർ."
ചന്ദ്രകല കാൾ മുറിച്ചു.
ശേഷം പ്രജീഷിനോട് വിവരം പറഞ്ഞു.
''എങ്കിൽ എഗ്രിമെന്റു കഴിഞ്ഞ് നമുക്കിങ്ങോട്ട് തിരികെ പോരണ്ടാ... ആ വഴിതന്നെയങ്ങ് പോകാം. കൊണ്ടുപോകേണ്ട സാധനങ്ങളൊക്കെ നേരത്തെ കാറിൽ വയ്ക്കണം."
പ്രജീഷിനു തിടുക്കമായി.
തലേന്ന് ഒന്നും കഴിക്കാത്തതിനാൽ നല്ല വിശപ്പുണ്ടായിരുന്നു ഇരുവർക്കും.
ചന്ദ്രകല കിച്ചണിൽ കയറി ചായ ഉണ്ടാക്കി. അല്പം ബേക്കറി സാധനങ്ങൾ ഇരുന്നതും എടുത്തു.
തൽക്കാല ശാന്തിക്ക് അത് കഴിച്ചു.
പുറത്തൊരു വണ്ടി വന്നു നിൽക്കുന്ന ഒച്ചകേട്ടു.
''കിടാവ് സാറ് പറഞ്ഞുവിട്ട ആളായിരിക്കും."
പ്രജീഷ് ചെന്നുവാതിൽ തുറന്നു.
പക്ഷേ അടുത്ത നിമിഷം സർപ്പദംശനം ഏറ്റതുപോലെ അയാൾ ഞെട്ടി പിന്നോട്ടുമാറി...
(തുടരും)