കഥ ഇതുവരെ...
മതിപ്പുവിലയുടെ പകുതിയായ അൻപതു കോടിക്ക് വടക്കേ കോവിലകം വിറ്റിട്ട് എന്നെന്നേക്കുമായി അവിടെ നിന്നു പോകുകയാണ് ചന്ദ്രകലയും കാമുകൻ പ്രജീഷും.
തങ്ങൾ ചുട്ടെരിച്ചുകൊന്ന പാഞ്ചാലിയുടെ പ്രേതം അവിടെയുണ്ടെന്ന് അവർ കരുതുന്നു.
അതിനു ബലമേറിയ അനുഭവങ്ങളും ഉണ്ടായി. കൊലപാതകത്തിൽ പങ്കുണ്ടായിരുന്ന പലരും വ്യത്യസ്ത സാഹചര്യങ്ങളിൽ കൊല്ലപ്പെട്ടുകഴിഞ്ഞു.
കോവിലകത്ത് അനിഷ്ടസംഭവങ്ങൾ വേറെ...
എം.എൽ.എ ശ്രീനിവാസ കിടാവാണ് കോവിലകം വാങ്ങുന്നത്.
എവിടെപ്പോയാലും അവസാനിപ്പിക്കുമെന്ന്, പ്രേതരൂപത്തിൽ പാഞ്ചാലി തന്റെ രണ്ടാനമ്മയായ ചന്ദകലയ്ക്കു മുന്നറിയിപ്പു നൽകിയിട്ടുമുണ്ട്.
തുടർന്ന് വായിക്കുക...
''സാർ..." അറിയാതെ ഒരു പതിഞ്ഞ ശബ്ദം പ്രജീഷിന്റെ കണ്ഠത്തിൽ നിന്നുയർന്നു.
മുന്നിൽ നിന്നയാൾ പക്ഷേ ചിരിച്ചുകൊണ്ട് പ്രജീഷിനെ അടിമുടി നോക്കി.
''കഴിഞ്ഞ ഏതാനും മാസങ്ങൾകൊണ്ട് നീയങ്ങ് തടിച്ചു കൊഴുത്തല്ലോടാ..."
പ്രജീഷിനു നാവനങ്ങിയില്ല. അയാൾക്കു പിന്നാലെ ചന്ദ്രകലയും അവിടേക്കു വരുന്നുണ്ടായിരുന്നു.
വാതിൽക്കൽ നിന്ന അയാളെ കണ്ട് അവളും നടുങ്ങി.
''അലിയാർ സാർ..."
അവളുടെ ചുണ്ടനങ്ങി.
''അതെ." സി.ഐ അലിയാർ ചിരിച്ചു.
അയാൾ സിവിൽ ഡ്രസ്സിൽ ആയിരുന്നു.
''നിങ്ങൾ ഇന്ന് ഇവിടം വിട്ട് പോകുകയാണെന്ന് ഞാൻ ഒരു സ്വപ്നം കണ്ടു. പുലർച്ചെ കാണുന്ന സ്വപ്നം ഫലിക്കുമെന്നാണല്ലോ നിങ്ങളൊക്കെ കരുതുന്നത്.
മിണ്ടിയില്ല, ചന്ദ്രകലയും പ്രജീഷും.
അലിയാർ മുന്നോട്ടു വന്നു. ഇരുവരും യാന്ത്രികമായി വഴിയൊഴിഞ്ഞു.
അലിയാർ കോവിലകത്തിനുള്ളിൽ കയറി. വെറുതെ ചുറ്റും നോക്കി.
''ഞാൻ വന്നത് എന്തിനാണെന്ന് നിങ്ങൾ ചിന്തിക്കുന്നുണ്ടാവും. നിങ്ങളുടെ യാത്ര തടയും എന്ന ഭയവും കാണും. എന്നാൽ അതിന്റെ ആവശ്യമില്ല. സർവ്വീസിൽ തിരികെ പ്രവേശിക്കാതെ എനിക്കതിനു കഴിയില്ലല്ലോ?"
കോവിലകത്തിനുള്ളിൽ മൊട്ടുസൂചി വീണാൽ കേൾക്കാവുന്ന നിശ്ശബ്ദത. അതിലേക്ക് അലിയാരുടെ കനത്ത ശബ്ദം മുഴക്കമായി വീണു.
''എനിക്കെതിരെ ഒരുപാട് കരുക്കൾ നീക്കിയവരാണല്ലോ നിങ്ങൾ? ഒരു പാവം പെൺകുട്ടിയെ ചുട്ടുകരിച്ചിട്ട്. ആ നിങ്ങളെ ഒന്നുകൂടി നേരിൽ കാണാമെന്നു തോന്നി."
''സാറിനിപ്പം എന്താ വേണ്ടത്?"
ചന്ദ്രകലയ്ക്ക് അസ്വസ്ഥതയായി.
''ഇപ്പോൾ ഒന്നും വേണ്ടാ. പക്ഷേ വേണ്ടിവരും. വസുന്ധരയുടെയും രാമഭദ്രന്റെയും മകൾ പാഞ്ചാലിയുടെയും മറ്റും മരണങ്ങളുടെ ഫയൽ ഞാൻ വലിച്ചിളക്കി പുറത്തിടുമ്പോൾ.. അത് എപ്പോഴും നിങ്ങളുടെ ഓർമ്മയിൽ ഉണ്ടായിരിക്കണം."
ഒന്നു നിർത്തി, അവർ മറുപടി പറയുന്നുണ്ടോ എന്ന് പ്രതീക്ഷിച്ചിട്ട് അലിയാർ തുടർന്നു:
''അന്ന് ഏത് പാതാളത്തിന്റെ അടിത്തട്ടിലോ, നരകത്തിലെ അഗ്നിയിൽ വെന്തെരിഞ്ഞോ കിടക്കുകയാണെങ്കിൽ കൂടി നിങ്ങളെ ഞാൻ ഇവിടെ വരുത്തും. സർക്കാരിന്റെ വളയണിയിക്കാൻ. എന്നിട്ട് ജനത്തിനു മുന്നിലൂടെ വലിച്ചിഴയ്ക്കാൻ."
''സാറെന്താ പേടിപ്പിക്കുകയാണോ?" പ്രജീഷിനും ധൈര്യമായി.
''അതേടാ. അല്ലെന്നു തോന്നുന്നുണ്ടോ? ഉണ്ടെങ്കിൽ അതങ്ങ് മാറ്റിയേര്. എന്നിട്ട് ഊണിലും ഉറക്കത്തിലും എന്റെ വിളിക്ക് കാതോർത്തോ... ഇത്രയും പറയാനാ ഞാൻ വന്നത്."
അലിയാർ വെട്ടിത്തിരിഞ്ഞു. പിന്നെ പ്രജീഷിന്റെ കണ്ണുകളിലേക്കു നോക്കി.
''സ്വത്തുക്കൾക്കുവേണ്ടി ഒരു തമ്പുരാനെയും ഭാര്യയെയും മകളെയും കൊന്ന ഇവൾ ഏത് രാത്രിയിലാണ് നിന്റെ കഴുത്തിൽ വെട്ടുകത്തി അമർത്തുന്നതെന്ന് ആർക്കറിയാം. അതുകൊണ്ട് നീ സൂക്ഷിച്ചോ..."
പ്രജീഷിന്റെ മുഖം ചോര ഉൾവലിഞ്ഞതുപോലെ വിളറി.
അലിയാർ, ചന്ദ്രകലയോടും പറഞ്ഞു.
''തന്നെക്കാൾ പ്രായമുള്ള നിന്നോട് ഇവൻ സ്നേഹം കാണിച്ചു നിൽക്കുന്നത് എന്തിനാണെന്നറിയാമോ? പണം ! അത് ഒന്നിനുവേണ്ടി മാത്രം. പണം കയ്യിൽ കിട്ടിയാൽ നീ കൺമുന്നിൽ കാണും, നല്ല കൊച്ചു പെൺപിള്ളേരുമായി ഇവൻ കൈകോർത്തു നടക്കുന്നത്."
കവിളടക്കം ഒരടിയേറ്റതു പോലെയായി ചന്ദ്രകല.
ഒന്നുകൂടി ചിരിച്ചിട്ട് അലിയാർ ഇറങ്ങിപ്പോയി.
പ്രജീഷിന്റെയും ചന്ദ്രകലയുടെയും ഉള്ളിൽ പരസ്പര സംശയത്തിന്റെ തീപ്പൊരികൾ വിതറി എന്ന ആത്മസംതൃപ്തിയോടെ...!
ഇനി ആ തീപ്പൊരികൾ അണയാതെ ഓരോ നിമിഷവും പുകഞ്ഞുകൊണ്ടിരിക്കുമെന്ന് അറിയാമായിരുന്നു അലിയാർക്ക്.
അല്പനേരത്തേക്ക് പരസ്പരം മിണ്ടുകയോ നോക്കുകയോ പോലും ചെയ്തില്ല ചന്ദ്രകലയും പ്രജീഷും.
അലിയാർ പറഞ്ഞതുപോലെ ആയിരിക്കുമോ കാര്യങ്ങൾ എന്ന് ഇരുവരും ചിന്തിച്ചുപോയി.
''നിന്നെ ഞാൻ ചതിക്കുമെന്ന് നിനക്ക് തോന്നുന്നുണ്ടോ കലേ?" അവസാനം പ്രജീഷ് നാവു ചലിപ്പിച്ചു.
ഉണ്ടോ ഇല്ലയോ എന്നു വ്യക്തമാകാത്ത രൂപത്തിൽ ചന്ദ്രകല തലയാട്ടുക മാത്രം ചെയ്തു.
അര മണിക്കൂർ കഴിഞ്ഞപ്പോൾ എം.എൽ.എ ശ്രീനിവാസ കിടാവ് പറഞ്ഞുവിട്ട ആൾ വന്നു.
ചന്ദ്രകല പ്രമാണങ്ങൾ അയാളുടെ കൈവശം കൊടുത്തുവിട്ടു.
പിന്നെ ഇരുവരും വേഗത്തിൽ, കൊണ്ടുപോകേണ്ട സാധനങ്ങൾ അടങ്ങിയ ഏതാനും പെട്ടികളും ബാഗുകളും കാറിൽ കൊണ്ടുവച്ചു.
തുടർന്ന് പത്തരയോടെ മുറിയിൽ നിന്നിറങ്ങി.
''എല്ലാം എടുത്തിട്ടുണ്ടല്ലോ..."
ഒരുവട്ടം കൂടി പ്രജീഷ് മുറിയാകെ പരിശോധിച്ച് ഉറപ്പുവരുത്തി.
ചന്ദ്രകല അവസാനമായി കോവിലകത്തുകൂടി കണ്ണോടിച്ചു.
ഒരിക്കലും ഈ പ്രേത ഭവനത്തിലേക്കു തിരിച്ചുവരവില്ലാത്ത യാത്ര...
അവർ കോവിലകത്തിന്റെ ആനവാതിൽ അടച്ചുപൂട്ടി.
ചന്ദ്രകല താക്കോൽ തന്റെ ബാഗിൽ വച്ചു. ശേഷം കാറിൽ കയറി.
കോവിലകത്തിനുള്ളിൽ നിന്ന് രണ്ട് കണ്ണുകൾ എല്ലാം ശ്രദ്ധിക്കുന്നുണ്ടായിരുന്നു...
(തുടരും)