congress

ന്യൂഡൽഹി: വ്യക്തമായ തെളിവുകളോ കുറ്റപത്രമോ ഇല്ലാതെയാണ് മുതിർന്ന നേതാവും മുൻ കേന്ദ്രമന്ത്രിയുമായ പി.ചിദംബരത്തെ അറസ്‌റ്റ് ചെയ്‌തതെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സിംഗ് സുർജേവാല ആരോപിച്ചു. മകളെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ഇന്ദ്രാണി മുഖർജിയുടെ മൊഴിയെ അടിസ്ഥാനമാക്കിയാണ് ചിദംബരത്തിനെതിരെ കേസെടുത്തിരിക്കുന്നത്. ചിദംബരത്തിനെതിരെ നടക്കുന്നത് മോദി സർക്കാരിന്റെ പ്രതികാരമാണ്. ജനാധിപത്യത്തിന്റെ ഒരു മര്യാദയും പാലിക്കാതെയാണ് മോദി സർക്കാർ പ്രവർത്തിക്കുന്നത്. കേന്ദ്രസർക്കാർ ഏജൻസികളെയും മാദ്ധ്യമങ്ങളിലെ ഒരുവിഭാഗത്തെയും ഉപയോഗിച്ച് ജനാധിപത്യത്തെ കശാപ്പ് ചെയ്യുകയാണെന്നും കോൺഗ്രസ് ആസ്ഥാനത്ത് വച്ച് നടത്തിയ വാർത്താ സമ്മേളനത്തിൽ സുർജേവാല ആരോപിച്ചു.

അഞ്ച് വർഷത്തെ അന്വേഷണത്തിനൊടുവിലും ചിദംബരത്തിനെതിരെ തെളിവുകൾ കണ്ടെത്താൻ ഇതുവരെ സി.ബി.ഐയ്‌ക്ക് കഴിഞ്ഞിട്ടില്ല. എന്നാൽ കൊലക്കേസ് പ്രതിയുടെ മൊഴി അനുസരിച്ച് കേസെടുത്ത സി.ബി.ഐ അർദ്ധരാത്രിയിൽ വീട്ടിലെ മതിൽ ചാടിക്കടന്ന് ചിദംബരത്തെ അറസ്‌റ്റ് ചെയ്തത്. കേസിൽ ചിദംബരത്തിനെതിരെ ഒരു തെളിവും ലഭിച്ചിട്ടില്ലെന്ന് തങ്ങളുടെ രാഷ്ട്രീയ യജമാന്മാരോട് സി.ബി.ഐ ഉദ്യോഗസ്ഥർ പറയണമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്നലെ രാത്രി 10 മണിയോടെ ഡൽഹിയിലെ ജോർബാഗിലെ വീട്ടിൽ നിന്ന് അറസ്റ്റ് ചെയ്ത ചിദംബരത്തെ സി.ബി.ഐ ആസ്ഥാനത്തെ ഗ്രൗണ്ട് ഫ്ലോറിലുള്ള ഗസ്റ്റ് ഹൗസിലെ അഞ്ചാം നമ്പർ സ്യൂട്ടിലാണ് ചോദ്യം ചെയ്യലിന് വിധേയനാക്കിയത്. ഇദ്ദേഹത്തെ ഒന്നര മണിക്കൂറോളം ചോദ്യം ചെയ്തെന്നാണ് സൂചന. അതേ സമയം സി.ബി.ഐയുടെ ചോദ്യങ്ങൾക്കൊന്നും ചിദംബരം പ്രതികരിച്ചിട്ടില്ലെന്നും ചിദംബരം മൗനം പാലിക്കുകയായിരുന്നെന്നുമാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. അർദ്ധ രാത്രിയോടെ ഒന്നാം ഘട്ട ചോദ്യം ചെയ്യൽ അവസാനിച്ചങ്കിലും രണ്ടാം ഘട്ട ചോദ്യം ചെയ്യൽ ഇന്ന് രാവിലെ 9മണിയോടെ തന്നെ സി.ബി.ഐ ആസ്ഥാനത്ത് തുടങ്ങി. ഇന്ദ്രാണി മുഖർജിയുമായുള്ള കൂടിക്കാഴ്ചയുടെ വിശദാംശങ്ങൾ ആണ് ചോദ്യം ചെയ്യുന്നതെന്നാണ് സൂചന. സി.ബി.ഐ ആസ്ഥാനത്ത് കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

അതേസമയം ചിദംബരത്തെ സി.ബി.ഐ കസ്റ്റഡിയിലേക്ക് വിട്ടുകൊടുക്കുകയാണെങ്കിൽ മകൻ കാർത്തി ചിദംബരത്തെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യുമെന്നാണ് സൂചന. കേസിൽ തന്റെ നിലപാട് എ.ഐ.സി.സി ആസ്ഥാനത്തെത്തി വാർത്താസമ്മേളനം നടത്തി മാദ്ധ്യമങ്ങളെ അറിയിച്ച ശേഷം വീട്ടിലേക്ക് മടങ്ങിയതിന് പിന്നാലെയാണ് സി.ബി.ഐ ചിദംബരത്തെ അറസ്റ്റ് ചെയ്തത്. ചിദംബരത്തിന്റെ വീടിന് ചുറ്റും യൂത്ത് കോൺഗ്രസ് പ്രവർത്തകർ വളഞ്ഞിരുന്നു. പ്രതിഷേധത്തിനിടെ ഗേറ്റ് പൂട്ടിയതിനാൽ ചിദംബരത്തിന്റെ വീടിന്റെ മതിൽ ചാടിക്കടന്നാണ് എൻഫോഴ്സ്മെന്റും സി.ബി.ഐയും അറസ്റ്റ് ചെയ്തത്. സ്ഥലത്ത് സംഘർഷാവസ്ഥ സൃഷ്ടിച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു.