kevin

കോട്ടയം: കെവിൻ വധക്കേസിൽ നീനു മാത്യുവിന്റെ സഹോദരൻ അടക്കം 10 പ്രതികൾ കുറ്റക്കാരാണെന്ന് കോട്ടയം പ്രിൻസിപ്പൽ സെഷൻസ് കോടതി കണ്ടെത്തി. എന്നാൽ നീനുവിന്റെ അച്ഛനും കേസിലെ അഞ്ചാം പ്രതിയുമായ ചാക്കോ ജോണിനെ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിട്ടില്ല.ചുമത്തിയിരുന്ന കുറ്റങ്ങൾ സംശയാതീതമായി തെളിയിക്കാൻ കഴിയാത്തതിനാൽ ഇയാളെ കോടതി വെറുതെ വിടുകയായിരുന്നു. കേസ് അപൂർവങ്ങളിൽ അപൂർവമാണെന്ന് വിലയിരുത്തിയ കോടതി ഇതിനെ ദുരഭിമാനക്കൊലയാണെന്നും വിധിച്ചു. കേസിലെ ശിക്ഷാവിധി മറ്റന്നാളായിരിക്കും ഉണ്ടാവുക. അപൂർവങ്ങളിൽ അപൂർവമെന്ന് ഉൾപ്പെടുത്തിയതോടെ പ്രതികൾക്കെതിരെ വധശിക്ഷ അടക്കമുള്ള ശിക്ഷയുണ്ടാകുമെന്നാണ് നിയമ വിദഗ്‌ദ്ധർ പറയുന്നത്.

2018 മെയ് 27 നാണ് കോട്ടയം സ്വദേശിയായ കെവിനെ കൊല്ലം തെൻമലയ്ക്ക് സമീപം മരിച്ച നിലയിൽ കണ്ടെത്തിയത്. കൊല്ലം സ്വദേശിയായ നീനുവുമായുള്ള പ്രണയ ബന്ധത്തെ എതിർത്ത് പെൺകുട്ടിയുടെ സഹോദരനും സുഹൃത്തുക്കളും ചേർന്ന് തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയെന്നാണ് കേസ്. നീനുവിന്റെ അച്ഛനും സഹോദരനും ഉൾപ്പെടെ 14 പേരെ പ്രതികളാക്കിയാണ് കുറ്റപത്രം സമർപ്പിച്ചത്. എന്നാൽ ഇതിൽ 10 പ്രതികളെ മാത്രമേ കുറ്റക്കാരായി കണ്ടെത്താൻ കഴിഞ്ഞുള്ളൂ. ബാക്കി നാല് പേരെ കോടതി വെറുതെ വിട്ടു. നീനുവിന്റെ അച്ഛൻ ചാക്കോയ്‌ക്കെതിരെയുള്ള കുറ്റങ്ങൾ തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ല, കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്തതിന് തെളിവുകൾ ലഭിക്കാത്ത സാഹചര്യത്തിൽ സംശയത്തിന്റെ ആനകൂല്യം നൽകി വിട്ടയച്ചു. ദളിത് ക്രിസ്ത്യൻ വിഭാഗത്തിൽപ്പെട്ട കെവിൻ നീനുവിനെ വിവാഹം ചെയ്തതിലുള്ള നീനുവിന്റെ ബന്ധുക്കളുടെ ദുരഭിമാനമാണ് കൊലപാതകത്തിന് കാരണമെന്നാണ് കുറ്റപത്രം. ഇത് അംഗീകരിച്ച കോടതി കേസ് ദുരഭിമാനക്കൊലയാണെന്ന് വിധിച്ചു. കൊലക്കുറ്റം ഉൾപ്പെടെ പത്ത് വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്. കുറ്റക്കാരാണെന്ന് കണ്ടെത്തിയ പ്രതികൾക്ക് 10 വകുപ്പുകളും ബാധകമാകും. ഇതനുസരിച്ച് പരമാവധി ശിക്ഷ വരെ ഇവർക്ക് ലഭിക്കുമെന്നാണ് വിവരം.