ajit-dovel

ന്യൂഡൽഹി : കാശ്മീർ വിഷയം പാകിസ്ഥാൻ അന്താരാഷ്ട്രതലത്തിൽ ചർച്ചയാക്കാനുദ്ദേശിക്കുന്ന വേളയിൽ നിർണായക ദൗത്യവുമായി ഇന്ത്യൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ റഷ്യയിലെത്തി. കാശ്മീർ വിഷയത്തെ ചൈനയുടെ പിന്തുണയോടുകൂടി യു.എൻ രക്ഷാസമിതിയിൽ എത്തിച്ച പാകിസ്ഥാന്റെ നീക്കത്തെ മുളയിലേ നുള്ളിയത് റഷ്യയുടെ പിന്തുണയോടു കൂടിയായിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഡോവൽ റഷ്യയിലെത്തുന്നത്. റഷ്യൻ ഇടപെടലിനു പിന്നാലെ രക്ഷാസമിതിയിലെ ചൈനയൊഴികെയുള്ള മറ്റെല്ലാ സ്ഥിരാംഗങ്ങളും കാശ്മീർ വിഷയം ഇന്ത്യയുടെ ആഭ്യന്തരകാര്യമാണെന്ന നിലപാടാണ് സ്വീകരിച്ചത്.

അടുത്തമാസം റഷ്യയിലെ വ്ളാദിവൊസ്‌ടോകിൽ വച്ചുനടക്കുന്ന കിഴക്കൻ സാമ്പത്തിക ഉച്ചകോടിക്ക് പങ്കെടുക്കുവാനായി നരേന്ദ്ര മോദി എത്തുന്നുണ്ട്. പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് മുന്നോടിയായുള്ള ചർച്ചവിഷയമടക്കമുള്ള കാര്യങ്ങൾ ക്രമീകരിക്കുന്നതിനും, ഇന്ത്യൻ ഭാഗത്തുനിന്നുള്ള നിർണായക തീരുമാനങ്ങൾ അറിയിക്കുവാനു ഡോവൽ ഇപ്പോൾ റഷ്യയിൽ സന്ദർശനം നടത്തുന്നത്. ഭീകരവാദ ഭീഷണിയെ ചെറുക്കുന്നതിനായി ഇരു രാജ്യങ്ങളും ഒന്നിച്ചു നിൽക്കേണ്ട ആവശ്യകതയെ കുറിച്ചും സ്വീകരിക്കേണ്ട നടപടികളെകുറിച്ചും റഷ്യൻ സുരക്ഷാ ഉപദേഷ്ടാവുമായി ഡോവൽ ചർച്ച നടത്തും. ഇതിനുപുറമേ റഷ്യൻ ബഹിരാകാശ ഏജൻസിയുടെ ഡയറക്ടറുമായും ഡോവൽ ചർച്ച നടത്തുന്നുണ്ട്. ഉച്ചകോടിക്കായി അടുത്തമാസം റഷ്യയിലെത്തുന്ന നരേന്ദ്രമോദി റഷ്യയുമായി ബഹിരാകാശ രംഗത്തെ സഹകരണം സംബന്ധിച്ചും റഷ്യയുമായി ചർച്ച നടത്തുന്നുണ്ട്.