വീണ്ടും കേരളത്തെ നടുക്കി ഒരു പ്രളയക്കെടുതി കൂടി ഉണ്ടായിരിക്കുകയാണ്. ജീവനും ജീവിതവും നഷ്ടപ്പെട്ട നിരവധിയാളുകൾ ഉണ്ട്. കഴിഞ്ഞ വർഷം പ്രളയം വന്നപ്പോൾ നമ്മൾ കരുതി അതൊരു ഒറ്റപ്പെട്ട സംഭവമായിരിക്കും ഇനി അങ്ങനെയൊന്നും ഉണ്ടാകില്ലെന്ന്. കൃത്യം ഒരു വർഷം ദൈവത്തിന്റെ സ്വന്തം നാടെന്ന് നമ്മൾ അഭിമാനത്തോടെ പറയുന്ന കേരളത്തിൽ വീണ്ടും പ്രളയമെത്തി. ദുരിതത്തിൽ നിന്ന് കരകയറാൻ ശ്രമിക്കുന്ന കേരളജനതയ്ക്ക് ചില ഓർമ്മപ്പെടുത്തലുകളുമായി രംഗത്തെത്തിയിരിക്കുകയാണ് നടൻ മോഹൻലാൽ.
ഒറീസയ്ക്ക് സാധിക്കുമെങ്കിൽ നമുക്കും സാധിക്കുമെന്ന് മോഹൻലാൽ ബ്ലോഗിലൂടെ പറയുന്നു. രണ്ട് വർഷത്തെ അനുഭവത്തിന്റെ വെളിച്ചത്തിൽ നാം മാറേണ്ടതുണ്ടെന്നും, പണം പിരിക്കൽ മാത്രമല്ല ദുരിതാശ്വാസമെന്ന് തിരിച്ചറിയണമെന്നും അദ്ദേഹം കുറിച്ചു.
മഴ പെയ്‌ത് മണ്ണിടിഞ്ഞു കഴിഞ്ഞ് മനുഷ്യരെ രക്ഷിക്കുന്നതിന് ഓടുന്നതിന് മുമ്പ് ആധുനിക ശാസ്ത്ര സംവിധാവും കൃത്യമായ പ്ലാനിംഗും ഉപയോഗിച്ച് അപകടസ്ഥലങ്ങളിൽ നിന്ന് അവരെ മാറ്റാൻ സാധിക്കില്ലേയെന്ന് മോഹൻലാൽ ചോദിക്കുന്നു.