girl

ലൈംഗിക വിദ്യാഭ്യാസം അതു കേൾക്കുമ്പോൾ തന്നെ സമൂഹത്തിന്റെ നെറ്റി ചുളിയും, കൗമാരകാലത്തേയ്ക്ക് കടക്കുമ്പോൾ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അവരുടെ ശരീരത്തിലുണ്ടാവുന്ന മാറ്റങ്ങളെ കുറിച്ചുള്ള കൃത്യമായ അവബോധം നൽകുന്നതിൽ രക്ഷിതാക്കളോ അദ്ധ്യാപകരോ ശ്രദ്ധനൽകാത്തതാണ് വികലമായ ലൈംഗിക താത്പര്യങ്ങളിലേക്കും തെറ്റിദ്ധാരണകളിലേക്കും നയിക്കുന്നത്. കൗമാരക്കാരിൽ ഉണ്ടാവുന്ന സംശയങ്ങൾ പലപ്പോഴും ദൂരീകരിക്കാൻ അവർ ആശ്രയിക്കുന്നത് സഹപാഠികളാരെങ്കിലും കൈമാറുന്ന ഇക്കിളി വാരികകളിലൂടെയാണ്. പലപ്പോഴും തെറ്റായ വിവരങ്ങളിലൂടെ കുട്ടികളുടെ ദിശാബോധം മാറ്റുന്ന വിവരങ്ങളാവും ഇതിലൂടെ കൗമാരക്കാരുടെ മനസിലേക്കെത്തുന്നത്.


കൗമാരക്കാരെ ബോധവത്കരിക്കുവാനായി ലൈംഗിക വിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യത്തോടെ പാഠഭാഗങ്ങൾ സിലബസിൽ ചേർത്തിട്ടുണ്ടെങ്കിലും പലപ്പോഴും ആ ഭാഗങ്ങൾ വേണ്ടവിധം പഠിപ്പിക്കാതിരിക്കുവാനാണ് അദ്ധ്യാപകർ ശ്രമിച്ചിരുന്നത്. ഇതൊക്കെ അറിയുന്നത് മോശമാണെന്ന ധാരണ സമൂഹത്തിനുള്ള കാലം ലൈംഗിക വിദ്യാഭ്യാസം ശരിയായ രീതിയിൽ നമ്മുടെ കുട്ടികൾക്ക് ലഭിക്കുകയില്ല. ലൈംഗിക വിദ്യാഭ്യാസത്തിന്റെ ആവശ്യകതയെ കുറിച്ച് ഗൗരവത്തോടെ ചർച്ച ചെയ്യേണ്ട ആവശ്യകതയെ കുറിച്ച് ഫേസ്ബുക്കിൽ നസീർ ഹുസൈൻ എഴുതിയ കുറിപ്പ് വായിക്കേണ്ടതാണ്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

എനിക്ക് എന്റെ പത്താം ക്ലാസ്സിലെ ജീവശാസ്ത്രം ക്ലാസ് ആണ് ഓർമ വന്നത്. മൂന്നാമത്തെ അധ്യായം ആയിരുന്നു പ്രത്യുൽപ്പാദനം. കൗമാരത്തിലേക്ക് കടന്ന ഞങ്ങളുടെ വലിയ കൗതുകം ആയിരുന്നു ആ അധ്യായം. ടെക്സ്റ്റ് ബുക്ക് കയ്യിൽ കിട്ടിയ മുതൽ അതിലെ ചിത്രങ്ങൾ നോക്കി ഇരിപ്പാണ്, പ്രത്യത്പാദന അവയവങ്ങളുടെ ചിത്രം കണ്ടിട്ട് വലിയ പിടി ഒന്നും കിട്ടുന്നില്ല. പ്രേമു ടീച്ചർ ആയിരുന്നു ജീവശാസ്ത്രം എടുത്തിരുന്നത് എന്നാണ് ഓർമ. രണ്ടാം അധ്യായം കഴിഞ്ഞപ്പോൾ ടീച്ചർ പറഞ്ഞു

'മൂന്നാമത്തെ അധ്യായം ഞാൻ വർഷ അവസാനം എടുക്കാം. നമുക്ക് നാലാമത്തെ അധ്യായം ഇപ്പോൾ പഠിക്കാം.'

അങ്ങിനെ ടീച്ചർ നൈസ് ആയിട്ട് ഒഴിവാക്കിയ ആ അധ്യായം ഒരിക്കലും എടുക്കുക ഉണ്ടായില്ല. ബാക്ടീരിയ പ്രത്യുൽപ്പാദിപ്പിക്കുന്നതു എങ്ങിനെ എന്ന് പഠിച്ച ഞങ്ങൾ , ഞങ്ങളുടെ ശരീരത്തിൽ എന്താണ് നടക്കുന്നത് എന്ന് ഒരിക്കലും പഠിക്കുക ഉണ്ടായില്ല.

ഞങ്ങളുടെ ലൈംഗിക അറിവുകൾ പക്ഷെ ഞങ്ങൾ വിദ്യാർത്ഥികളുടെ ഇടയിൽ കൈമാറി വന്ന കൊച്ചു പുസ്തകങ്ങളിലെ ഇക്കിളി ചിത്രങ്ങളിലൂടെയും കഥകളിലൂടെയും ആയിരുന്നു. അഭിലാഷ അഭിനയിച്ച ആദ്യപാപം എന്ന 'അ പടം' റിലീസ് ആയതും ആയിടക്കാണ്. എഴുപത്തി അഞ്ചു ലക്ഷം രൂപ മുടക്കിയ ആ ചിത്രം രണ്ടു കോടി നേടിയത് എങ്ങിനെ ആണെന്ന് നിങ്ങൾക്ക് ഊഹിക്കാവുന്നതേ ഉള്ളു. ഇന്ന് ഒരു പക്ഷെ കുട്ടികൾ കാണുന്നത് ഇന്റർനെറ്റിലെ നീലച്ചിത്രങ്ങൾ ആവാം. പക്ഷെ അന്ന് ഇങ്ങിനെ കൈമാറിക്കിട്ടിയ 'അറിവുകൾ' മനസിൽ കുത്തി വച്ച മണ്ടത്തരങ്ങൾ കുറെ നാൾ കഴിഞ്ഞാണ് മനസിലായത്. സ്വയം ഭോഗം എന്ന പാപം ചെയ്ത കുറ്റബോധത്തിൽ ഉറങ്ങാൻ കഴിയാതിരുന്ന കുറെ കൂട്ടുകാർ എനിക്കുണ്ടായിരുന്നു.

അധ്യാപകരുടെ അടുത്ത് നിന്നും, മാതാപിതാക്കളുമായുള്ള സംഭാഷണത്തിലും പഠിക്കുന്ന പോലെ അല്ല, കൊച്ചു പുസ്തകങ്ങളിൽ കൂടിയും, നീല ചിത്രങ്ങളിൽ കൂടിയും ഉള്ള പഠനം. വളരെ അയഥാർത്ഥമായ കാര്യങ്ങൾ മനസ്സിൽ പഠിപ്പിക്കാനും തങ്ങളുടെ ശരീര ഭാഗങ്ങളെ കുറിച്ച് അജ്ഞാത പരത്താനും മാത്രമേ അത് ഉപകരിക്കൂ.

മുതിർന്നു കഴിഞ്ഞു അടുത്ത സ്ത്രീ സുഹൃത്തുക്കൾ ഉണ്ടായി കഴിഞ്ഞാണ് ഇന്ത്യയിലെ കൗമാരക്കാരായ പെൺകുട്ടികളുടെ കാര്യം ഇതിലും കഷ്ടം ആണെന്ന് മനസ്സിൽ ആവുന്നത്. ആദ്യമായി ആർത്തവം ഉണ്ടായ ദിവസം താൻ മരിക്കാൻ പോവുകയാണെന്ന് വിചാരിച്ചു, ഓഫീസിൽ പോയ അമ്മ തിരിച്ചു വരുന്ന വരെ കരഞ്ഞു കൊണ്ട് കാത്തിരുന്ന ഒരു കൂട്ടുകാരി , ആൺകുട്ടികളോട് സംസാരിച്ചാൽ കാതു പഴുത്തു പോകും എന്ന് അമ്മ പറഞ്ഞു പേടിപ്പിച്ച ഒരാൾ, വലിയ മാറിടം ഉണ്ടായാൽ നീ മോശക്കാരിയാണെന്നു മറ്റുള്ളവർ വിചാരിക്കും എന്ന കൂട്ടുകാരുടെ വാക്ക് കേട്ട് സ്വന്തം ശരീരത്തെ തന്നെ വെറുത്ത വേറൊരാൾ.... നമ്മുടെ സമൂഹം കൗമാരക്കാരിൽ ലൈംഗികതയെ കുറിച്ച് കുത്തിവയ്ക്കുന്ന മണ്ടത്തരങ്ങൾ വളരെ വലുതാണ്. ലൈംഗികത സ്വാഭാവികമായ ഒരു കാര്യം ആണെന്നും പ്രത്യുൽപ്പാദനം അതിന്റെ ഒരു ഭാഗം ആണെന്നും നമ്മുടെ കുട്ടികൾക്ക് ആരാണ് പറഞ്ഞു കൊടുക്കുന്നത്?

നിങ്ങളുടെ വീട്ടിൽ കൗമാരക്കാരായ ആൺകുട്ടിയോ പെൺകുട്ടിയെ ഉണ്ടെങ്കിൽ ദയവായി താഴെ കാണുന്ന വീഡിയോ കാണിക്കുക. ഞങ്ങളുട വീട്ടിൽ ഞാന് ഭാര്യയും കുട്ടികളുടെ കൂടെ ഒപ്പം ഇരുന്നു കണ്ട വീഡിയോ ആണ്. ഞങ്ങൾക്കും കുറച്ചു ചമ്മൽ ഉണ്ടായിരുന്നു, പക്ഷെ ഇതിനു ശേഷം കുട്ടികളോട് സംസാരിച്ചു കഴിഞ്ഞപ്പോൾ ഇത് വളരെ സ്വാഭാവികം ആയ കാര്യം ആയി തോന്നി.

ആൺകുട്ടികൾക്ക് : https://www.youtube.com/watch?v=FKJPtx1QuCc

പെൺകുട്ടികൾക്ക് : https://www.youtube.com/watch?v=kzjbyEiuruM

ബാക്ടീരിയ ഇരപിടിക്കുന്നത് എങ്ങിനെ എന്നതിനേക്കാൾ പ്രധാനം ആണ് കൗമാരക്കാർക്ക് അവരുടെ ശരീരത്തിൽ നടക്കുന്നത് മനസിലാക്കാൻ ഉള്ള അവകാശം. ഞാൻ പഠിച്ചപ്പോൾ ഉള്ള കാര്യം ആണ് ഞാൻ പറഞ്ഞത്, ഇന്ന് സ്‌കൂളുകളിൽ എങ്ങിനെ ആണ് എന്നെനിക്കറിയില്ല. നിങ്ങളുടെ അനുഭവങ്ങളും പങ്കു വായിക്കുമല്ലോ