raj-thackeray

മുംബയ്: ചോദ്യം ചെയ്യലിനായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിലെത്തി മഹാരാഷ്ട്ര നവനിർമാൺ സേന നേതാവും, അന്തരിച്ച ശിവസേന സ്ഥാപകൻ ബാൽ താക്കറെയുടെ അനന്തരവനുമായ രാജ് താക്കറെ. ഐ.എൽ ആൻഡ് എഫ്.എസ് എന്ന സ്ഥാപനവുമായി ബന്ധപ്പെട്ടുള്ള അഴിമതി അന്വേഷിക്കുന്നതിന്റെ ഭാഗമാണ് ഈ ചോദ്യം ചെയ്യൽ. തന്റെ ഭാര്യ ശർമിള, മകൻ അമിത്, മകൾ ഉർവശി, എം.എൻ.എസ് നേതാവ് നന്ദ്ഗവോൻകർ എന്നിവരോടൊപ്പമാണ് താക്കറെ ഇ.ഡി കാര്യാലയത്തിലേക്ക് എത്തിയത്.

കോഹിനൂർ സി.ടി.എൻ.എല്ലിന്റെ കീഴിലുള്ള ഐ.എൽ ആൻഡ് എഫ്.എസ് രാജ് താക്കറെ കള്ളപ്പണ ഇടപാട് നടത്തിയിട്ടുണ്ട് എന്ന ആരോപണവുമായി രംഗത്ത് വന്നിരുന്നു. ഇത് അന്വേഷിക്കുന്നതിന് വേണ്ടിയാണ് ഇ.ഡി താക്കറെയെ വിളിച്ച് വരുത്തിയത്. ശിവസേന നേതാവും മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായിരുന്ന മനോഹർ ജോഷിയുടെ മകൻ ഉന്മേഷ് ജോഷിയാണ് കോഹിനൂർ സി.ടി.എൻ.എല്ലിന്റെ സ്ഥാപകനും ഉടമയും. രാജ് താക്കറെയുടെ വരവിനെ തുടർന്ന് അനിഷ്ട സംഭവങ്ങൾ ഒഴിവാക്കുന്നതിന് വേണ്ടി മുംബയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.

മുംബയിലെ ഇ.ഡി ആസ്ഥാനത്തിനു മുന്നിലാണ് നിരോധനാജ്ഞ. രാജ് താക്കറെയെ ചോദ്യം ചെയ്യുന്നതിൽ പ്രതിഷേധിച്ച് എം.എൻ.എസ് പ്രവർത്തകർ കൂട്ടംകൂടിയേക്കാമെന്ന ഭയത്താലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. സംഘർഷങ്ങൾ കണക്കിലെടുത്ത് എം.എൻ.എസ് നേതാക്കളെ പൊലീസ് കരുതൽ തടങ്കലിലാക്കിയിട്ടുണ്ട്. ജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കരുതെന്ന് എന്ന രാജ് താക്കറെയുടെ അഭ്യർത്ഥനയെ തുടർന്ന് ഇന്ന് നടത്താനിരുന്ന ബന്ദ് എം.എൻ.എസ് പിൻവലിച്ചിരുന്നു. മോദിക്കും അമിത് ഷായ്‌ക്കുമെതിരെ നടത്തി വിമർശനങ്ങളാണ് എൻഫോഴ്‌സ്‌മെന്റ് നടപടികൾക്ക് പിന്നിലെന്നാണ് എം.എൻ.എസിന്റെ ആരോപണം.