wireless

ചെന്നൈ: മദ്യലഹരിയിൽ പൊലീസിന്റെ വയർലെസ് സെറ്റ് മോഷ്‌ടിച്ച് സന്ദേശം കൈമാറിയ സംഭവത്തിൽ ചെന്നൈ പോരൂരിലെ സ്വകാര്യ ഐ.ടി കമ്പനി ജീവനക്കാരായ രണ്ട് പേർ പിടിയിലായി. വിരുഗമ്പാക്കാം ആർകോട് റോഡിൽ കഴിഞ്ഞ ദിവസം പുലർച്ചെ നടന്ന സംഭവത്തിഷ വരുൺരാജ് (25), അജിത് (25) എന്നിവരാണ് പിടിയിലായത്. സുഹൃത്തിന്റെ നിശാപാർട്ടി കഴിഞ്ഞ് പുലർച്ചെ മൂന്നോടെ രാമപുരത്തെ താമസസ്ഥലത്തേക്ക് മടങ്ങുന്നതിനിടെയാണ് ഇവർ പൊലീസിന്റെ വയർലെസ് സെറ്റ് അടിച്ചുമാറ്റിയത്.

വീട്ടിലേക്കുള്ള യാത്രയ്‌ക്കിടെ വൽസരവാക്കം സിഗ്‌നലിനടുത്തുള്ള തട്ടുകടയിൽ ഇവർ ചായകുടിക്കാനായി നിറുത്തി. ഇതിനിടയിൽ പൊലീസിന്റെ പട്രോളിങ് സംഘവും കടയിലെത്തി. ചായകുടിച്ച് മടങ്ങാനൊരുങ്ങിയ യുവാക്കളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ പൊലീസുകാർ പരിശോധിച്ചപ്പോൾ ഇവർ മദ്യലഹരിയിലാണെന്ന് മനസിലാക്കി. ഇതോടെ ഇവരെ പൊലീസ് കസ്‌റ്റഡിയിലെടുത്തു. സ്‌റ്റേഷനിലേക്ക് ഇരുവരെയും കൊണ്ടുപോകുന്നതിനിടയിലാണ് വാഹനത്തിലിരുന്ന വയർലെസ് സെറ്റ് യുവാക്കളുടെ ശ്രദ്ധയിൽ പെട്ടത്. സെറ്റ് കൈക്കലാക്കിയ വരുൺ രാജ് ഇതിലൂടെ തെറ്റ് ചെയ്യാഞ്ഞിട്ടും തങ്ങളെ പൊലീസ് പിടിച്ചുവച്ചിരിക്കുയാണെന്ന് സന്ദേശം അയച്ചു. കൺട്രോൾ റൂമിലുൾപ്പെടെ സന്ദേശമെത്തിയതോടെ വയർലെസ് സെറ്റിന്റെ ഉടമയായ പൊലീസുകാരന് ഉന്നതാധികാരികളുടെ വിളിയെത്തി. ഇതോടെ നടത്തിയ തിരച്ചിലിലാണ് യുവാക്കളുടെ കൈവശം വയർലെസ് കണ്ടെത്തിയത്. മനഃപൂർവമല്ലെന്നും മദ്യലഹരിയിൽ സംഭവിച്ചതാണെന്ന് ഇരുവരും പൊലീസിനോടു സമ്മതിച്ചു. കേസ് ചാർജ് ചെയ്ത ശേഷം ഇരുവരെയും പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.