ibrahim-kunj

കൊച്ചി: പാലാരിവട്ടം മേൽപ്പാലം സംബന്ധിച്ച് നടന്ന അഴിമതിയിൽ മുൻമന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞിനെ വിജിലൻസ് ചോദ്യം ചെയ്യുന്നു. എറണാകുളത്തെ വിജിലൻസ് ഓഫീസിൽ വിളിച്ചുവരുത്തിയ ശേഷമാണ് ഇബ്രാഹിം കുഞ്ഞിനെ വിജിലൻസ് ചോദ്യം ചെയ്യുന്നത്. പാലാരിവട്ടം മേൽപ്പാലത്തിന്റെ നിർമാണത്തിൽ അഴിമതിയും ക്രമക്കേടുകളും നടന്നിരുന്നുവെന്ന് വിജിലൻസ് നേരത്തെ തന്നെ കണ്ടെത്തിയിരുന്നു. പാലത്തിന്റെ നിർമാണ സമയത്ത് കേരളത്തിന്റെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയായിരുന്നു ഇബ്രാഹിംകുഞ്ഞ്. ഇപ്പോൾ എം.എൽ.എയും മുസ്ലിം ലീഗിന്റെ സമുന്നതനായ നേതാവുമാണ് അദ്ദേഹം. പാലത്തിന്റെ നിർമാണവുമായി ബന്ധമുണ്ടായിരുന്ന ഉദ്യോഗസ്ഥരെ നേരത്തെ തന്നെ വിജിലൻസ് ചോദ്യം ചെയ്തിരുന്നു. ഗതാഗതത്തിനായി തുറന്ന് കൊടുത്ത് മൂന്ന് വർഷത്തിനുള്ളിൽ തന്നെ പാലം അടച്ചിടേണ്ടതായി വന്നു. അഴിമതി മൂലം നിർമാണത്തിൽ സംഭവിച്ച ക്രമക്കേടുകളായിരുന്നു ഇതിന് കാരണം.

മേൽപ്പാലത്തിന്റെ നിർമാണത്തിലെ അഴിമതിയുമായി ബന്ധപ്പെട്ട് ചിലരെ ചോദ്യം ചെയ്യണ്ട ആവശ്യമുണ്ടെന്ന് അന്വേഷണ സംഘം മൂവ്വാറ്റുപുഴ വിജിലൻസ് കോടതിയെ നേരത്തെ തന്നെ അറിയിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് മുൻമന്ത്രിയെ വിജിലൻസ് ചോദ്യം ചെയ്തത്. ഉത്ഘാടന സമയം വരെയും ആരും ഇങ്ങനെയൊരു വീഴ്ച കണ്ടില്ലല്ലോ, അങ്ങനെ ഒരു വീഴ്ച കണ്ടിരുന്നെങ്കിൽ ഇന്നത്തെ സർക്കാർ മുഖ്യമന്ത്രിയെ കൊണ്ടുവന്ന് പാലം ഉത്‌ഘാടനം ചെയ്യുമായിരുന്നോ എന്നാണ് ചോദ്യം ചെയ്യൽ കഴിഞ്ഞ് പുറത്തിറങ്ങിയ ഇബ്രാഹിംകുഞ്ഞ് മാദ്ധ്യമങ്ങളോട് പ്രതികരിച്ചത്. മുൻപും ഇങ്ങനെ പാലങ്ങൾക്ക് കേടുപാടുകൾ കണ്ടെത്തിയിട്ടുണ്ടെന്നും, കൊല്ലത്തുള്ള 'ഏനാത്ത്' പാലത്തിൽ ഇത്തരത്തിൽ കേടുപാടുകൾ കണ്ടെത്തിയിട്ടുണ്ടെന്നും മുൻമന്ത്രി പറഞ്ഞു.