വസ്ത്രങ്ങളെല്ലാം ഫാഷൻ ട്രെൻഡുകളുടെ പ്രദർശനങ്ങളായി മാറി. അടിവസ്ത്രങ്ങളും ഇതിൽനിന്ന് വ്യത്യസ്തമല്ല. ഫാഷനൊപ്പം ആകർഷണീയവും അണിയാൻ സൗകര്യവുമുള്ള അടിവസ്ത്രങ്ങളോടാണ് കൂടുതൽ പേർക്കും താൽപ്പര്യം. ബ്രാകളിലാണ് പുതിയ ഫാഷൻ പരീക്ഷണങ്ങൾ ഏറെയും നടക്കുന്നത്. വസ്ത്രങ്ങൾ ഓൺലൈനിൽ വാങ്ങാൻ കഴിയുന്ന കാലമായതോടെ ഇഷ്‌ടമുള്ളത് തിരഞ്ഞെടുക്കാനുള്ള അവസരവും സ്ത്രീകൾക്ക് ലഭിക്കുന്നുണ്ട്. താൽപര്യങ്ങൾക്കനുസരിച്ചുള്ള മോഡലുകൾ വിപണിയിൽ ലഭിക്കുന്നതിനേക്കാൾ കൂടുതൽ സൗകര്യത്തോടെയും സ്വകാര്യതയോടെയും ഓൺലൈനിൽ നിന്ന് വാങ്ങാൻ കഴിയും.
സാരി, ചുരിദാർ, സൽവാർ കമ്മീസ്, ടി - ഷർട്ട് തുടങ്ങിയ വേഷങ്ങൾക്കൊപ്പം ധരിക്കാൻ വിവിധ തരത്തിലുള്ള ബ്രാകൾ ലഭ്യമാണ്. സാധാരണ സാരിയോടൊപ്പം ഉപയോഗിക്കുന്ന കട്ടിംഗുകൾ ഇല്ലാത്തതാണ് സാൽവാർ കമ്മീസിനൊപ്പം ധരിക്കുന്ന ബ്രാകളുടെ പ്രത്യേകത. സാൽവാർ ധരിക്കുമ്പോൾ ഒതുങ്ങിയിരിക്കാൻ ഇത് സഹായിക്കും. ബ്രൈഡൽ കളക്ഷനുകളിൽ നൈറ്റ് മോഡൽ ബ്രാകളോടാണ് പ്രിയം. കിടപ്പുമുറിയിൽ ഉപയോഗിക്കുന്ന നൈറ്റ് മോഡൽ ബ്രാകൾക്ക് ആവശ്യക്കാരേറെയാണ്. കപ്പ് സൈസ് കുറവുള്ള ബ്രാകളോടാണ് കൗമാരക്കാർക്ക് ഏറെ പ്രിയം. ബ്രാകളുടെ സ്ട്രാപ്പിനും പ്രത്യേകതകൾ ഏറെയാണ്. മേൽ വസ്ത്രത്തിന് ഇണങ്ങുന്ന സ്ട്രാപ്പുകൾക്കാണ് പ്രചാരം കൂടുതൽ.
ആദ്യമായി ബ്രാ അണിയുന്നവർക്കായുള്ള പ്രത്യേക തരം ബ്രാകൾക്കും വിപണിയിൽ ആവശ്യക്കാരുണ്ട്. ഹുക്കില്ലാത്തതും ബനിയൻ മോഡലിലിൽ ഉള്ളതും അണിയാൻ സുഖമുള്ളതും ഒക്കെയാണ് അത്. ബ്രായും പാന്റീസും ചേർന്നുള്ള സെറ്റുകൾ ലഭ്യമാണെങ്കിലും ഒരേ നിറത്തിലുള്ളതായതിനാൽ വിപണിയിൽ ഇതിനോട് താൽപ്പര്യം ഏറെയില്ല. കൂടുതൽ ഫിറ്റ്നെസ് നൽകുന്ന അൾട്രാ സോഫ്റ്റ്, ടാക്‌ടൺ എന്നിവ കൊണ്ട് നിർമ്മിക്കുന്ന ബ്രാകൾക്കും ഡിമാന്റുണ്ട്.