psc

കൊച്ചി: പി.എസ്.സി പരീക്ഷാക്രമക്കേടുമായി ബന്ധപ്പെട്ട് പൊലീസിനെയും പി.എസ്.എസിയെയും രൂക്ഷമായ ഭാഷയിൽ വിമർശിച്ച് ഹൈക്കോടതി രംഗത്തെത്തി. യൂണിവേഴ്സിറ്റി കോളേജിൽ നടന്ന വധശ്രമക്കേസിലെ പ്രതിയായ അമീറിന്റെ ജാമ്യാപേക്ഷ പരിഗണിക്കവേയാണ് പൊലീസിനെതിരെ ഹൈക്കോടതി രൂക്ഷമായ വിമർശനം നടത്തിയത്. കേസിൽ പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണനയിലുണ്ടെങ്കിലും അറസ്‌റ്റ് ചെയ്യുന്നതിന് തടസമില്ലെന്ന്‌ കോടതി വ്യക്തമാക്കി. മുൻകൂർ ജാമ്യാപേക്ഷ നിലനിൽക്കെ മുൻകേന്ദ്രമന്ത്രിയെ അറസ്റ്റ് ചെയ്ത നാടാണിത്. എന്നിട്ടും പ്രതികളെ പിടിക്കാൻ പൊലീസ് മടിക്കുന്നതെന്തിനാണെന്ന് ചോദിച്ച കോടതി കൊടിയുടെ നിറമോ രാഷ്ട്രീയ സ്വാധീനമോ നോക്കിയല്ല ഇത്തരം കാര്യങ്ങൾ ചെയ്യേണ്ടതെന്നും ചൂണ്ടിക്കാട്ടി. സമാനമായ സംഭവം ചെയ്‌തത് മറ്റൊരു പാർട്ടിയുടെ ആളായിരുന്നുവെങ്കിൽ പൊലീസിന്റെ സമീപനം ഇങ്ങനെയാകുമായിരുന്നോയെന്നും കോടതി ചോദിച്ചു.സഹപാഠിയെ കുത്തിയ കേസിലെ പ്രതിയായ അമറിനെ പിടികൂടാൻ വൈകരുതെന്നും കോടതി വ്യക്തമാക്കി.

ഇതിന് പിന്നാലെയാണ് പി.എസ്.എസി പരീക്ഷാതട്ടിപ്പ് കേസിൽ പ്രതിയായ കോൺഗ്രസ് നേതാവ് സഫീറിന്റെ ജാമ്യാപേക്ഷ കോടതി പരിഗണിച്ചത്. കേസിലെ നാലാം പ്രതിയായ സഫീറിന്റെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോൾ പി.എസ്.സിക്കെതിരെ രൂക്ഷമായ വിമർശനമാണ് കോടതി ഉന്നയിച്ചത്. പി.എസ്.സി പരീക്ഷാ ഹാളിൽ എങ്ങനെ മൊബൈൽ ഫോൺ ലഭ്യമായെന്ന്‌ കോടതി ചോദിച്ചു. സ്വാധീമുള്ളവർക്ക് എന്തും ചെയ്യാനാകുമോയെന്നും കോടതി ആരാഞ്ഞു. ഉന്നത ബന്ധമുള്ളവർക്ക്‌ ചോദ്യപേപ്പറും ഉയർന്ന മാർക്കും കിട്ടുന്ന സ്ഥിതിയാണുള്ളത്. പി.എസ്.സിയുടെ വിശ്വാസ്യത തന്നെചോദ്യം ചെയ്യപ്പെടുകയാണെന്നും കോടതി ചൂണ്ടിക്കാട്ടി. പരീക്ഷാ ഹാളിൽ മൊബൈൽ ഫോൺ അനുവദനീയമാണോയെന്നും ഇങ്ങനെയാണോ പരീക്ഷ നടത്തേണ്ടതെന്നും ഹൈക്കോടതി പി.എസ്.സിയോട്‌ ചോദിച്ചു.മുൻകൂർ ജാമ്യാപേക്ഷ കോടതിയുടെ പരിഗണനയിലുള്ളത് അറസ്‌റ്റിന് തടസമല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.