ഷൊർണൂർ : നഗരത്തിൽ നായകളെ കൂട്ടത്തോടെ ചത്തനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത. രണ്ട് ദിവസം മുൻപാണ് ഷൊർണൂർ നഗരത്തിലെ ചിന്താമണി ജംഗ്ഷൻ,ആലിൻമൂട്,സൗപർണിക നഗർ,മഞ്ഞക്കാട്,ഗണേശഗിരി എന്നിവിടങ്ങളിൽ നായകളെ കൂട്ടത്തോടെ ചത്തനിലയിൽ കണ്ടെത്തിയത്. സമാനമായ മുറിവുകളോടെയാണ് ഏഴോളം നായകളുടെ ജഡം കണ്ടെത്തിയത്. മുറിവുകളുടെ പ്രാഥമിക പരിശോധനയിൽ വെടിയേറ്റുവെന്ന സംശയമാണുള്ളത്. അതിനാൽ തന്നെ സംഭവത്തിൽ നിഗൂഢത നിലനിൽക്കുന്നുണ്ട് . പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ചത്തനായകളിൽ രണ്ടെണ്ണത്തിന്റെ ശവം കൂടുതൽ പരിശോധനകൾക്കായി തൃശൂർ മണ്ണൂത്തിയിലെ വെറ്റിനറി സർവ്വകലാശാലയിൽ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.
തെരുവുനായ ശല്യം ഏറെയുള്ള സ്ഥലങ്ങളിലാണ് നായകളെ സമാനമായ മുറിവുകളോടെ ചത്തനിലയിൽ കണ്ടെത്തിയത്. ഒരാഴ്ച മുൻപും ആറുപേർക്ക് തെരുവുനായകളുടെ കടിയേറ്റിരുന്നു. അതേ സമയം സമാനമായ മുറിവുകളോടെ ഏഴോളം നായകളെ ചത്തനിലയിൽ കണ്ടെത്തിയത് ഏതെങ്കിലും സംഘടനകളുടെ അക്രമപരിശീലനത്തിന്റെ ഭാഗമായിട്ടുള്ളതാണെന്ന സംശയവും ഉയർത്തിയിട്ടുണ്ട്.