trump

വാഷിംഗ്ടൺ: അഫ്ഗാനിസ്ഥാനിലെ ഐസിസ് ഭീകരർക്കെതിരെ ഇന്ത്യയെ പോലെ അടുത്തുള്ള രാജ്യങ്ങൾ പോരാടണമെന്ന് അമേരിക്കൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആവശ്യപ്പെട്ടു. അടുത്തു കിടക്കുന്ന ഇന്ത്യ, ഇറാൻ, റഷ്യ, തുർക്കി എന്നീ രാജ്യങ്ങൾ അഫ്ഗാൻ ഭീകരർക്കെതിരെ ഒന്നും ചെയ്‌തിട്ടില്ല.

7000 മൈൽ അകലെയുള്ള അമേരിക്ക മാത്രമാണ് ഭീകരർക്കെതിരെ പോരാടുന്നത് - ട്രംപ് വൈറ്റ് ഹൗസിൽ മാദ്ധ്യമങ്ങളോട് പറഞ്ഞു.

അടുത്തായിട്ടും അഫ്ഗാനിസ്ഥാനിൽ ഐസിസിനെതിരെ ഇന്ത്യ ഒന്നും ചെയ്യുന്നില്ല. പാകിസ്ഥാനും അടുത്തുണ്ട്. അവരും ഭീകരർക്കെതിരെ വളരെ കുറച്ചുമാത്രമേ ശ്രമിക്കുന്നുള്ളൂ. ഇതു ശരിയല്ല. എന്തെങ്കിലും ചെയ്യുന്നുണ്ടെങ്കിൽ അത് അമേരിക്ക മാത്രമാണ്.

ഈ രാജ്യങ്ങളിലെല്ലാം ഐസിസിന്റെ സാന്നിദ്ധ്യം ഉള്ളതിനാൽ ഏതെങ്കിലും ഘട്ടത്തിൽ അവർക്ക് സ്വന്തമായി പോരാട്ടം നടത്തേണ്ടി വരും. കാരണം ഭീകരർക്കെതിരെ പോരാടാൻ ഇനിയൊരു പത്തൊൻപത് വർഷം കൂടി അമേരിക്ക അവിടെ തുടരുമെന്ന് ഞാൻ കരുതുന്നില്ല. റഷ്യയും ഇറാനും ഇന്ത്യയും തുർക്കിയും ഭീകരരെ തുരത്താനുള്ള പോരാട്ടത്തിൽ പങ്കെടുക്കണമെന്നും ട്രംപ് പറഞ്ഞു.

ഐസിസിന്റെ സാമ്രാജ്യത്തെ അമേരിക്ക നൂറ് ശതമാനവും ഉന്മൂലനം ചെയ്‌തു. റെക്കാഡ് സമയത്തിലാണ് ഞാനതു ചെയ്തത്. അതിന് ഒരു വർഷം വേണ്ടിവരുമെന്നാണ് എല്ലാവരും കരുതിയത്. പക്ഷേ ഞാൻ അത് ഒരു മാസം കൊണ്ട് ചെയ്‌തു. ഐസിസിന്റെ കാലിഫേറ്റ് തന്നെ അപ്രത്യക്ഷമായി. ഇപ്പോൾ അവരെ പറ്റി കേൾക്കുന്നില്ലല്ലോ.

കാശ്മീർ വിഷയത്തിൽ മദ്ധ്യസ്ഥതയ്ക്കു തയാറാണെന്ന് രണ്ടാമതും പറഞ്ഞതിനു പിന്നാലെയാണ് ഇന്ത്യയ്‌ക്കെതിരെ ട്രംപിന്റെ കുറ്റപ്പെടുത്തൽ.

അഫ്ഗാനിസ്ഥാനിൽ‌ നിന്നു പൂർണമായി യു.എസ് സേനയെ പിൻവലിക്കില്ലെന്നും കഴിഞ്ഞദിവസം ട്രംപ് വ്യക്തമാക്കിയിരുന്നു.

''ആയിരക്കണക്കിന് ഐസിസ് ഭീകരരാണ് അമേരിക്കയുടെ കസ്റ്റഡിയിൽ ഉള്ളത്. യൂറോപ്പിൽ നിന്ന്,​ പ്രത്യേകിച്ചും ഫ്രാൻസിലും ജർമനിയിലും നിന്നുള്ളവരാണ് അവർ. യൂറോപ്പ് അവരെ തിരിച്ചെടുക്കണം. ഇല്ലെങ്കിൽ ആ രാജ്യങ്ങളിൽ അവരെ തിരികെ വിടേണ്ടി വരും. അല്ലാതെ അമേരിക്ക അവരെ അൻപത് വർഷം ഗ്വാണ്ടനാമോ ജയിലിൽ അടച്ച് തീറ്റിപ്പോറ്റില്ല."- ട്രംപ്

 അഫ്ഗാൻ നല്ല അയൽക്കാർ

നല്ല സൗഹൃദം പുലർത്തുന്ന രാജ്യങ്ങളാണ് ഇന്ത്യയും അഫ്ഗാനിസ്ഥാനും. ചരിത്രപരവും, സാംസ്‌കാരികപരവുമായ ബന്ധങ്ങളെ അടിസ്ഥാനമാക്കിയുള്ള വളരെ കരുത്തുറ്റ ഒരു പങ്കാളിത്തമാണ് ഇരുരാജ്യങ്ങളും തമ്മിലുള്ളത്. അഫ്ഗാനിസ്ഥാനിൽ നിക്ഷേപമിറക്കിയും, കാബൂളിന്റെ പ്രതിരോധശേഷി ശക്തിപ്പെടുത്തിയും, മേഖലാ ബന്ധങ്ങൾ പ്രോത്സാഹിപ്പിച്ചുകൊണ്ടുമുള്ള ഒരു ബഹുമുഖ സമീപനമാണ് ഇന്ത്യ പുലർത്തുന്നത്. കോടിക്കണക്കിന് രൂപയുടെ പുന:രുദ്ധാരണപ്രവർത്തനങ്ങളാണ് ഇന്ത്യ അഫ്ഗാനിൽ നടത്തിക്കൊണ്ടിരിക്കുന്നത്. മാത്രമല്ല,​ അമേരിക്കയുടെയും ചൈനയുടെയും അധിനിവേശം ചെറുക്കുന്നതിലും ഇന്ത്യ അഫ്ഗാനിസ്ഥാനെ പരോക്ഷമായി സഹായിക്കുന്നുണ്ട്.