deadbody-

വെല്ലൂർ: ശ്മാശനത്തിലേക്കുള്ള വഴി ഉന്നതജാതിക്കാർ അടച്ചതിനെത്തുടർന്ന് ദളിത് വൃദ്ധന്റെ മൃതദേഹം പാലത്തിൽ നിന്ന് കെട്ടിയിറക്കി. തമിഴ്നാട്ടിലെ വെല്ലൂരിലാണ് സംഭവം. പാലത്തിൽനിന്ന് മൃതദേഹം കെട്ടിയിറക്കി ശ്മശാനത്തിലെത്തിക്കുന്നതിന്റെ ദൃശ്യങ്ങൾ സാമൂഹ്യമാദ്ധ്യമങ്ങളിൽ വലിയതോതിൽ പ്രചരിക്കുകയാണ്. വെല്ലൂർ‌ നാരായണപുരത്ത് അപകടത്തിൽ മരിച്ച കുപ്പൻ (65)ന്റെ മൃതദേഹമാണ് കടുത്ത ജാതിവിവേചനത്തിന്റെ നേർക്കാഴ്ചയായിരിക്കുന്നത്.

ഈ മാസം 16നാണ് കുപ്പൻ മരിച്ചത്. 17ന് നടന്ന സംഭവത്തിന്റെ വീഡിയോ ബുധനാഴ്ചയോടെയാണു വൈറലായത്.

''ശ്മശാനത്തിലേക്കുള്ള വഴി ഉൾപ്പെടുന്ന പ്രദേശം ഒരു ദശാബ്ദം മുമ്പാണ് വെള്ളാള ഗൗണ്ടർമാർ ഉൾപ്പെടെയുള്ള ഉന്നതജാതിയിൽപ്പെട്ടവർ കൈയടക്കി വേലികെട്ടിത്തിരിച്ചത്. അന്നുമുതൽ പാലംവഴി കെട്ടിയിറക്കിയാണ് ഇവിടെ താണജാതിക്കാരുടെ മൃതദേഹങ്ങൾ പുഴക്കരയിലെ ശ്മശാനത്തിലെത്തിച്ചിരുന്നത്. ഞങ്ങൾക്കൊരു റോഡോ ശ്മശാനമോ വേണം"- കുപ്പന്റെ അനന്തരവൻ വിജയ് ആവശ്യപ്പെട്ടു.

15 വർഷം മുമ്പ് പാലം ഇല്ലാതിരുന്നപ്പോൾ മൃതദേഹം വെള്ളത്തിൽ ഒഴുക്കിവിടുകയാണു ചെയ്തിരുന്നത്. പാലം വന്നപ്പോഴാണ് അതിലൂടെ കയറുകെട്ടിയിറക്കി മൃതദേഹം സംസ്കരിക്കാനുള്ള സാഹചര്യമുണ്ടായതെന്നും വിജയ് പറഞ്ഞു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി എസ്.ഐ ബി.പ്രിയങ്ക അറിയിച്ചു.