ഒരാളുടെ ജീവിതകാലത്തെ ഏറ്റവും വലിയ സമ്പാദ്യം അയാളും കുടുംബവും താമസിക്കുന്ന വീടാകും. ജീവിതകാലം മുഴുവൻ കഷ്ടപ്പെട്ടാലാണ് പലർക്കും വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കാനാവുന്നത്. എന്നാൽ ഇത്രയും പണം ചെലവഴിച്ചു നിർമ്മിക്കുന്ന വീടിന് ഒരു ഇൻഷുറൻസ് എടുത്താലോ എന്ന് ചിന്തിക്കാറുണ്ടോ ? കേരളത്തിൽ ഒരു ശതമാനം വീടുകൾ പോലും ഇൻഷുറൻസ് എടുത്ത് സംരക്ഷിച്ചിട്ടില്ലെന്നാണ് മുരളി തുമ്മാരുകുടി എഴുതുന്നത്. എന്നാൽ പണ്ടത്തെപോലെ നൂറ്റാണ്ടിൽ ഒരിക്കൽ മാത്രം വരുന്ന ദുരന്തമല്ല പ്രളയമെന്ന് ഇക്കുറി മലയാളിക്ക് മനസിലായിട്ടുണ്ടാവും. കാലാവസ്ഥയിലെ മാറ്റവും, പ്രകൃതി വിഭവങ്ങൾ അശാസ്ത്രീയമായി കവരുന്നതും കേരളത്തിൽ പ്രളയസാദ്ധ്യത വർദ്ധിപ്പിക്കുന്ന കാരണങ്ങളായി മാറിയിരിക്കുകയാണ്. ഈ സാഹചര്യത്തിൽ നമ്മുടെ വാഹനങ്ങൾ ഇൻഷുറൻസ് ചെയ്യുന്നതു പോലെ വീടും ഇൻഷുറൻസ് ചെയ്ത് സുരക്ഷിതമാക്കേണ്ട ആവശ്യകതയാണ് മുരളി തുമ്മാരുകുടി പങ്കുവയ്ക്കുന്നത്. എന്നാൽ സർക്കാർ വക ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കണമെന്നും അല്ലെങ്കിൽ സർക്കാരിന്റെ വരുമാനത്തിന്റെ ഭൂരിഭാഗവും ഇപ്പോൾ ശമ്പളത്തിനും പെൻഷനും പോകുന്നത് പോലെ നഷ്ടപരിഹാരത്തിനും കൂടി പോകുന്ന കാലം വരുമെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
വീടുകൾക്ക് സർക്കാർ വക ഇൻഷുറൻസ്.
രണ്ടാം വർഷവും കേരളത്തിൽ പ്രളയവും മണ്ണിടിച്ചിലും മൂലം ധാരാളം വീടുകളിൽ വെള്ളം കയറുകയും മറ്റു നാശനഷ്ടങ്ങൾ ഉണ്ടാവുകയും ചെയ്തല്ലോ. ഇത്തവണയും സർക്കാർ നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്, നല്ല കാര്യം.
വികസിത രാജ്യങ്ങളിൽ വീടുകൾക്ക് ഇൻഷുറൻസ് നിർബന്ധമാണ്. നമ്മൾ വാടകക്ക് താമസിക്കമ്പോൾ പോലും വീടിന് ഇൻഷുറൻസ് എടുക്കണം (വീട്ടിൽ നമ്മുടെ സ്ഥാവര ജംഗമ വസ്തുക്കൾക്ക് വേറെയും). ഇൻഷുറൻസ് ഇല്ലാത്ത വീടിന് അപകടം പറ്റിയാൽ അത് വീട്ടുകാരന്റെയും വാടകക്കാരന്റെയും ഉത്തരവാദിത്തമാണ്. മിക്കവാറും വീടുകൾക്ക് കുറച്ചെങ്കിലും വായ്പ (മോർട്ട് ഗേജ്) ഉള്ളതിനാൽ അവിടെ നിന്നുള്ള നിർബന്ധവും കാണും. ദുരന്ത സാധ്യതയുള്ള സ്ഥലങ്ങളിൽ താമസിക്കുന്നവർക്ക് ഇൻഷുറൻസ് തുക കൂടുതലാണ്. ജപ്പാനിൽ 2011 ൽ സുനാമി വന്ന സ്ഥലങ്ങളിൽ വീണ്ടും വീട് നിർമ്മിക്കാൻ പോയവർക്ക് ഇൻഷുറൻസ് കമ്പനിക്കാർ കവറേജ് കൊടുത്തില്ല. ആളുകളെ കൂടുതൽ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറ്റാനുള്ള ഒരു മാർഗ്ഗം കൂടിയാണിത്.
കേരളത്തിലെ സ്ഥിതി അതല്ല, ഒരു ശതമാനം വീടുകൾക്ക് പോലും ഇൻഷുറൻസ് ഇല്ലെങ്കിലും അപകടം ഉണ്ടായിക്കഴിഞ്ഞാൽ ആളുകളുടെ കഷ്ട സ്ഥിതി കാരണം സർക്കാർ നഷ്ടപരിഹാരം കൊടുക്കുന്നു. അങ്ങനെ സർക്കാർ കൊടുക്കുമെന്ന് ആളുകൾ പ്രതീക്ഷിക്കുന്നു, വീണ്ടും വീണ്ടും കൊടുക്കാൻ സർക്കാർ നിർബന്ധിതമാകുന്നു.
മാറുന്ന കാലാവസ്ഥയുടെ സാഹചര്യത്തിൽ ലോകത്തിൽ ഒരു സർക്കാരിനും ഇത്തരം ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാൻ പറ്റില്ല. ഇത് നമുക്ക് താമസിയാതെ ബോധ്യമാകും. സർക്കാർ നൽകുന്ന നഷ്ടപരിഹാര തുക വളരെ കുറവായതിനാൽ അതുകൊണ്ടു മാത്രം വീട് പുനർനിർമ്മിക്കാൻ പറ്റില്ല. പുതിയതായി നിർമ്മിക്കുന്ന വീടുകൾക്കും ഇൻഷുറൻസ് നിർബന്ധമല്ലെങ്കിൽ എവിടെയും വീട് വെക്കുന്നതിൽ നിന്ന് ആളുകളെ പിന്തിരിപ്പിക്കാൻ ഇപ്പോൾ വേറെ മാർഗ്ഗങ്ങൾ ഒന്നുമില്ല.
ഈ കാര്യം സർക്കാർ കാര്യമായി എടുക്കണം. കേരളത്തിലെ എല്ലാ വീടുകൾക്കും പ്രകൃതി ദുരന്തങ്ങളിൽ നിന്നും അഗ്നിബാധയിൽ നിന്നുമുള്ള നഷ്ടപരിഹാരത്തിനായി ഒരു മിനിമം തുക കണക്കാക്കി (ശരാശരി പത്തുലക്ഷം രൂപ) ഒരു ഇൻഷുറൻസ് സംവിധാനം ഉണ്ടാക്കണം. വളരെ ന്യായമായ ഒരു പ്രീമിയം വച്ചാൽ മതി (ഉദാഹരണം ആയിരം രൂപ). പ്രകൃതി ദുരന്തം കൊണ്ടോ അഗ്നിബാധകൊണ്ടോ വീടിന് നാശനഷ്ടമുണ്ടായാൽ പരമാവധി പത്തുലക്ഷം രൂപ വരെ കിട്ടുന്ന സംവിധാനം ആയിരിക്കണം അത്, സർക്കാർ നേരിട്ട് നടപ്പിലാക്കുന്നതും. ഈ പ്രീമിയം സർക്കാരിന് കിട്ടും, ആവശ്യമനുസരിച്ച് വർഷാവർഷം വരുന്നവർക്ക് കൊടുക്കാം. ബാക്കി തുക, ഉണ്ടെങ്കിൽ നമ്മുടെ ദുരന്ത ലഘൂകരണ സംവിധാനങ്ങൾ നന്നാക്കാൻ ഉപയോഗിക്കുകയും ചെയ്യാം.
ഇത്തരം സംവിധാനം ഇപ്പോൾ തന്നെ സ്വിറ്റ്സർലണ്ടിൽ ഞാൻ താമസിച്ചിരുന്ന വോ എന്ന സംസ്ഥാനത്ത് ഉണ്ട് (ഇമിീേി ീള ഢമൗറ). കേരളത്തിന് താല്പര്യമുണ്ടെങ്കിൽ ഈ മാതൃകയെപ്പറ്റി കൂടുതൽ വിവരങ്ങൾ ലഭ്യമാക്കാം.
കേരളത്തിലെ മിക്കവാറും വീടുകൾക്ക് പത്തുലക്ഷത്തിലധികം വിലയുണ്ട്, പല വീടുകളിലെയും വസ്തുക്കൾക്കും അതിലും കൂടുതൽ വില കണ്ടേക്കാം. അവർക്ക് അധിക തുകക്ക് സ്വകാര്യ ഇൻഷുറൻസ് എടുക്കാമല്ലോ. സ്ഥാപനങ്ങൾക്കും ബിസിനസ്സുകൾക്കും അതപോലെ സ്വകാര്യ ഇൻഷുറൻസ് എടുക്കാം.
ഇതൊക്കെ ഇപ്പോൾ ചെയ്ത് തുടങ്ങിയാൽ വലിയ നഷ്ടമില്ലാതെ കാര്യങ്ങൾ നീക്കാം. അല്ലെങ്കിൽ സർക്കാരിന്റെ വരുമാനത്തിന്റെ ഭൂരിഭാഗവും ഇപ്പോൾ ശമ്പളത്തിനും പെൻഷനും പോകുന്നത് പോലെ ഇത്തരം നഷ്ടപരിഹാരത്തിനും കൂടി പോകുന്ന കാലം വരും.