കോട്ടയം: കെവിൻ വധക്കേസുമായി ബന്ധപ്പെട്ട് തനിക്ക് ചിലത് വെളിപ്പെടുത്താനുണ്ടെന്ന് നീനുവിന്റെ അച്ഛനും കേസിൽ കോടതി വെറുതെവിട്ടയാളുമായ ചാക്കോ ജോണിന്റെ പ്രതികരണം. തനിക്ക് മകളെയും മകനെയും നഷ്‌ടപ്പെട്ടു. കെവിനെക്കുറിച്ചോ, അവന്റെ കുടുംബത്തെക്കുറിച്ചോ തങ്ങൾക്ക് അറിയില്ലായിരുന്നു. തന്നെയും മകനെയും കേസിൽ കുടുക്കിയതാണ്. ഇതിനെ കുറിച്ച് ശിക്ഷ വന്ന ശേഷം പ്രതികരിക്കും. താനും മകനും ഇപ്പോൾ ജയിലിൽ കിടക്കുന്നവരും നിരപരാധികളാണ്. ദൈവം നൽകിയ ഒരു ജീവൻ എടുക്കാൻ തങ്ങൾക്ക് അധികാരമില്ല. താനും മകനും കെവിനെ കൊലപ്പെടുത്തിയിട്ടില്ല. ദൈവം ഉണ്ടെങ്കിൽ ഒരിക്കൽ സത്യം തെളിയുമെന്നും കേസിൽ നിയമപരമായി മുന്നോട്ടുപോകുമെന്നും ചാക്കോ പറഞ്ഞു. കെവിൻ കേസിൽ സംശയത്തിന്റെ ആനുകൂല്യം നൽകി കോടതി വെറുതെ വിട്ടതിന് പിന്നാലെ മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ചാക്കോ.
അതേസമയം, കെവിൻ കേസിൽ നീനുവിന്റെ സഹോദരൻ സാനു ചാക്കോ ഉൾപ്പെടെ 10 പ്രതികൾ കുറ്റക്കാരാണെന്ന് കോട്ടയം പ്രിൻസിപ്പൽ സെഷൻസ് കോടതി കണ്ടെത്തിയിരുന്നു. നീനുവിന്റെ അച്ഛൻ ചാക്കോയ്‌ക്കെതിരെയുള്ള കുറ്റങ്ങൾ തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ല. കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്തതിന് തെളിവുകൾ ലഭിക്കാത്ത സാഹചര്യത്തിൽ സംശയത്തിന്റെ ആനകൂല്യം നൽകി ചാക്കോയെ വിട്ടയച്ചു. ദളിത് ക്രിസ്ത്യൻ വിഭാഗത്തിൽപ്പെട്ട കെവിൻ നീനുവിനെ വിവാഹം ചെയ്തതിലുള്ള നീനുവിന്റെ ബന്ധുക്കളുടെ ദുരഭിമാനമാണ് കൊലപാതകത്തിന് കാരണമെന്നാണ് കുറ്റപത്രം. ഇത് അംഗീകരിച്ച കോടതി കേസ് ദുരഭിമാനക്കൊലയാണെന്ന് വിധിച്ചു. കൊലക്കുറ്റം ഉൾപ്പെടെ പത്ത് വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്. കുറ്റക്കാരാണെന്ന് കണ്ടെത്തിയ പ്രതികൾക്ക് 10 വകുപ്പുകളും ബാധകമാകും. ഇതനുസരിച്ച് പരമാവധി ശിക്ഷ വരെ ഇവർക്ക് ലഭിക്കുമെന്നാണ് വിവരം.