minor-killed

ലഖിമ്പൂർ: ആറ് വയസുള്ള കുട്ടിയെ ക്രൂരമായി പീഡിപ്പിച്ച് കൊന്ന് പ്രായപൂർത്തിയെത്താത്ത സഹോദരങ്ങൾ. ഉത്തർ പ്രദേശിലെ ലഖിമ്പൂർ ഖേരി ജില്ലയിലാണ് മനുഷ്യ മനസാക്ഷിയെ നടുക്കുന്ന ഈ സംഭവം നടന്നത്. ചൊവാഴ്ച ഉച്ചയോടെയാണ് ഒന്നാം ക്‌ളാസുകാരിയായ വിദ്യാർത്ഥിയെ വീട്ടിൽ നിന്നും കാണാതാകുന്നത്. വീടിന് മുന്നിലായി കളിച്ച് കൊണ്ടിരിക്കുന്ന കുട്ടിയെയാണ് മാതാപിതാക്കൾ അവസാനമായി കാണുന്നത്. കുട്ടി വീട്ടിലേക്ക് കയറാത്തത് കണ്ട് വീട്ടുകാർ അന്വേഷിച്ചിറങ്ങി.

തുടർന്ന് കുട്ടിയെ കണ്ടെത്താൻ കഴിയാതെ ഇരുന്നതിനാൽ അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ ഇവർ വിവരമറിയിക്കുകയായിരുന്നു. പരാതി ലഭിച്ചതിനെ പൊലീസ് കുട്ടിയെ തിരയാനാരംഭിച്ചു. തിരച്ചിൽ രാത്രി വരെ നീണ്ടപ്പോൾ ആൺകുട്ടികളുടെ അമ്മ തന്നെ കാര്യങ്ങൾ പൊലീസിനോട് തുറന്ന് പറയുകയായിരുന്നു. കുട്ടിയെ സഹോദരങ്ങളായ അവരുടെ മക്കൾ ചേർന്ന് ശ്വാസം മുട്ടിച്ച് കൊന്നത് കണ്ട അമ്മ മൃതദേഹം മറവ് ചെയ്യാൻ അവരെ സഹായിക്കുകയായിരുന്നു. ഇവരുടെ വീട്ടിൽ നിന്നും 200 മീറ്റർ മാറിയാണ് മൃതദേഹം മറവ് ചെയ്തത്.

മിഠായി ഉപയോഗിച്ചാണ് സഹോദരങ്ങൾ ആറ് വയസുകാരിയെ തങ്ങളുടെ വീട്ടിലേക്ക് ആകർഷിച്ചതെന്ന് ഫൂൽബെഹാദ് പൊലീസ് സ്റ്റേഷനിലെ എസ്.എച്ച്.ഒ ശ്യാം നാരായൺ സിംഗ് പറയുന്നു. ഈ സഹോദരങ്ങൾ 12ഉം 15ഉം വയസ് ഉള്ളവരും സ്‌കൂൾ പഠനം ഉപേക്ഷിച്ചവരുമാണ്. ആക്രി സാധനങ്ങൾ ശേഖരിച്ച് വിറ്റാണ് ഇവരുടെ കുടുംബം കഴിയുന്നത്. സഹോദരങ്ങൾ കുറ്റസമ്മതം നടത്തിയിട്ടുണ്ട്. പൊലീസ് ഇവർക്കെതിരെ പോക്‌സോ ഉൾപ്പെടെയുള്ള കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.