single-woman

വിവാഹം കഴിക്കാത്ത സ്ത്രീകൾ അടുത്ത കാലം വരെ ഒരു ബാദ്ധ്യതയായിരുന്നു. വീട്ടുകാർക്കല്ല. സമൂഹത്തിന്. സ്ത്രീകൾക്ക് വ്യക്തിസ്വാതന്ത്ര്യം ഉണ്ടെന്നും അവർ വിവാഹം കഴിക്കുന്നില്ല എന്ന് തീരുമാനിക്കുന്നുവെങ്കിൽ അവർക്ക് അതിനുള്ള അവകാശമുണ്ടെന്ന് വീട്ടുകാർ മനസിലാക്കിയാലും നാട്ടുകാർ അത് വിലയ്‌ക്കെടുക്കാറില്ല. വിവാഹം കഴിക്കാത്ത സ്ത്രീകൾ ഭർത്താവ് മരിച്ചുപോയവരോ, പ്രേമ നൈരാശ്യം ഉള്ളവരോ, അല്ലെങ്കിൽ അവരുടെ 'കൈയിലിരുപ്പ്' കാരണമാണ് വിവാഹാലോചനകൾ വരാത്തവർ എന്നോ മറ്റോ സമൂഹം കണക്കാകുക. എന്നാൽ തങ്ങളുടെ ജോലിക്ക് വേണ്ടി, സ്വതന്ത്രമായ ജീവിതത്തിന് വേണ്ടി, അവർ ആ തീരുമാനമെടുത്തുവെന്ന് കേൾക്കുന്നത് നാട്ടുകാർക്ക് അത്ര സഹിക്കില്ല. നാട്ടുകാർക്കും ബന്ധുകൾക്കുമായിരിക്കും ഇക്കാര്യത്തിൽ ഏറ്റവും ആവലാതി എന്നുള്ളതാണ് രസകരമായ കാര്യം. പെൺകുട്ടിയുടെ വീട്ടുകാർ ഇക്കാര്യത്തിൽ പെൺകുട്ടിയോടൊപ്പം തന്നെയായിരിക്കും.

സ്ത്രീകൾ പൂർണമായും അവരുടെ ജീവിതം സ്വന്തം കൈപ്പിടിയിൽ തന്നെ നിർത്തുന്ന കാലമാണിത്. കണക്കുകൾ അനുസരിച്ച് പുരുഷന്മാരേക്കാൾ കൂടുതൽ സമ്പാദിക്കാനും സ്ത്രീകൾ ആരംഭിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ തങ്ങളെ അടക്കി നിർത്തുന്ന, പിതൃമേധാവിത്ത മനസ്ഥിതി പണികഴിപ്പിച്ച വിവാഹം എന്ന കരാറിനെ ജീവിതത്തിൽ നിന്നും മാറ്റി നിർത്താനാണ് സ്ത്രീകൾ ആഗ്രഹിക്കുന്നത്. തങ്ങൾക്കിഷ്ടമുള്ളവരോടൊപ്പം പരസ്പരസമ്മതത്തോടെ ജീവിക്കാനും ശാരീരിക ബന്ധത്തിൽ ഏർപ്പെടാനും വേണമെങ്കിൽ കുട്ടികളെ പ്രസവിക്കാനും ഇവർ ആഗ്രഹിക്കുന്നു. ഇതിൽ യാതൊരു തെറ്റും ഇവർ കാണുന്നില്ലെന്ന് മാത്രമല്ല, ഇങ്ങനെയുള്ള ജീവിതത്തിൽ സ്ത്രീകൾ തന്നെയാകും അവരുടെ കാര്യങ്ങൾ തീരുമാനിക്കുക. എന്നാൽ സമൂഹം പലപ്പോഴും ഇവിടെ വില്ലനാകാറുണ്ട്. ഒറ്റയ്ക്ക് അല്ലെങ്കിൽ ഇഷ്ടപെട്ട അയാളോടൊപ്പം താമസിക്കുന്ന സ്ത്രീകൾക്ക് മേൽ സദാചാര പ്രശ്നങ്ങൾ ആരോപിച്ചാണ് സമൂഹം കടന്നുകയറ്റം നടത്തുക. ഇതിനെ പ്രതിരോധിക്കാൻ പൂർണമായും സധൈര്യം സ്വന്തം കാലിൽ നിൽക്കുക എന്നതാണ് സ്ത്രീകൾക്ക് മുൻപിലുള്ള ഏക മാർഗം.