സാവോപോളോ: ലോകത്തിലെ ഏറ്റവും വലിയ മഴക്കാടായ ബ്രസീലിലെ ആമസോൺ മഴക്കാടുകൾ കാട്ടുതീയിൽ കത്തിയമരുന്നു. ചരിത്രത്തിലെ ഏറ്റവും വലിയ കാട്ടുതീയാണ് ആമസോൺ വനങ്ങളിൽ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. വനങ്ങളിൽ അടിക്കടിയുണ്ടാകുന്ന കാട്ടുതീ ലോകത്തിന്റെ പരിസ്ഥിതി സംതുലനത്തിന് ഗുരുതരമായ ഭീഷണിയുയർത്തുമെന്നാണ് പരിസ്ഥിത ഗവേഷകർ അഭിപ്രായപ്പെടുന്നത്. കാട്ടുതീ മൂലം ബ്രസീലിലെ ആമസോണാസ് സംസ്ഥാനത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.
ഈ വർഷം ഓഗസ്റ്റ് വരെ ആമസോൺ മഴക്കാടുകളിൽ 74,155 തവണ കാട്ടുതീ റിപ്പോർട്ട് ചെയ്യപ്പെട്ടതായി ബ്രസീലിന്റെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സ്‌പേസ് റിസർച്ച് വ്യക്തമാക്കുന്നു. പലപ്പോഴും പുറംലോകം അറിയാതെ ദിവസങ്ങളോളം കാട് കത്തിക്കൊണ്ടിരുന്നതായും പഠനം പറയുന്നു. കഴിഞ്ഞ ഒരാഴ്ച മാത്രം 9,500ലധികം തവണ കാട്ടുതീ ഉണ്ടായതായി ഉപഗ്രഹചിത്രങ്ങൾ വ്യക്തമാക്കുന്നു.
കാട്ടുതീയുടെ ഫലമായുണ്ടായ രൂക്ഷമായ പുകപടലങ്ങൾ പല പ്രദേശങ്ങളെയും വലയംചെയ്തിരിക്കുകയാണ്. സാവോ പോളോ അടക്കമുള്ള നഗരങ്ങളിൽ കറുത്ത പുക മൂടിയിരിക്കുന്നതിനാൽ ഇരുട്ട് മൂടിയ അവസ്ഥയാണ്. അന്തരീക്ഷത്തിൽ പുകപടലങ്ങൾ രൂക്ഷമായതിനാൽ മഴ പെയ്യുമ്പോൾ കറുത്ത നിറത്തിലുള്ള വെള്ളമാണ് ഭൂമിയിലെത്തുന്നത്.
ആമസോൺ മേഖലയിൽ അന്തരീക്ഷത്തിലെ കാർബൺ മോണോക്‌സൈഡിന്റെ അംശം വർദ്ധിച്ചതായി യൂറോപ്യൻ യൂണിയന്റെ കീഴിലുള്ള കോപർനിക്ക്‌സ് ക്ലൈമറ്റ് ചേഞ്ച് സർവീസ് എന്ന സംഘടനയുടെ റിപ്പോർട്ടിൽ പറയുന്നു. കൂടാതെ കാർബൺ ഡൈയോക്‌സൈഡും വൻതോതിൽ പുറന്തള്ളുന്നുണ്ട്. മനുഷ്യനടക്കമുള്ള ജീവജാലങ്ങളുടെ ആരോഗ്യത്തിന് വലിയ ഭീഷണിയുയർത്തുന്നു. കൂടാതെ ആഗോള താപനം രൂക്ഷമാക്കുന്നതിൽ ഇത് വലിയ പങ്കുവഹിക്കുമെന്നും ഗവേഷകർ ഭയപ്പെടുന്നു.
ബൊളീവിയ, ബ്രസീൽ, കൊളംബിയ, ഇക്വഡോർ, ഫ്രഞ്ച് ഗയാന, ഗയാന, പെറു, സുരിനേം, വെനിസ്വേല എന്നീ രാജ്യങ്ങളിലായാണ് ആമസോൺ വനമേഖല പരന്നുകിടക്കുന്നത്. ഇതിന്റെ 60 ശതമാനവും ബ്രസീലിലാണ്.
മൊത്തം 55 ലക്ഷം ചതുരശ്ര കിലോമീറ്റർ വിസ്തൃതിയാണ് ആമസോൺ വനമേഖലയ്ക്കുള്ളത്. ഭൂമിയുടെ ശ്വാസകോശം എന്നാണ് ആമസോണ്‍ മഴക്കാടുകള്‍ റിയപ്പെടുന്നത്. ആഗോള താപനത്തിന്റെ രൂക്ഷത കുറയ്ക്കുന്നതിൽ ഈ വനമേഖലയ്ക്ക് വലിയ പങ്കുള്ളതായി ഗവേഷകർചൂണ്ടിക്കാട്ടുന്നു. ഭൂമിയുടെ സമൃദ്ധമായ വനസമ്പത്താണ് ഇപ്പോൾ കാട്ടുതീയിൽ കത്തിയെരിഞ്ഞുകൊണ്ടിരിക്കുന്നത്. അപൂർവമായ സസ്യങ്ങളും വൃക്ഷങ്ങളും ലക്ഷക്കണക്കിന് കാട്ടുമൃഗങ്ങളും കാട്ടുതീയ്ക്ക് ഇരയായികൊണ്ടിരിക്കുന്നു.അനിയന്ത്രിതമായ കാട്ടുതീ വലിയ കാലാവസ്ഥാ വ്യതിയാനത്തിന് ഇടയാക്കുമെന്നാണ് ഗവേഷകർ മുന്നറിയിപ്പു നല്‍കുന്നത്.
അതേസമയം, സന്നദ്ധ സംഘടനകൾ മനഃപൂർവം ആമസോൺ കാടുകൾക്ക് തീയിടുകയാണെന്നാണ് ബ്രസീൽപ്രസിഡന്റ് ബൊൽസോനാരോ പറയുന്നത്. ആമസോണ്‍ കാടുകളിലെ ഖനനവും കൃഷിയും വ്യാപിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾക്ക് തുരങ്കംവെക്കാനും തന്റെ പ്രതിച്ഛായ നശിപ്പിക്കുന്നതിനുമാണ് ഇങ്ങനെ ചെയ്യുന്നതെന്നും അദ്ദേഹം ആരോപിക്കുന്നു.
എന്നാൽ ബൊൽസോനാരയുടെ പ്രസ്താവനയ്‌ക്കെതിരെ പരിസ്ഥിതി സ്നേഹികൾ രംഗത്ത് വന്നിട്ടുണ്ട്.
20% of the oxygen in your lungs right now was produced by the Amazon rainforest.
— James Wong (@Botanygeek) August 22, 2019
It’s been on fire for 3 weeks.pic.twitter.com/b2yti4a4FS