കരുനാഗപ്പള്ളി: കേരളത്തിൽ നവോത്ഥാന പ്രവർത്തനങ്ങൾക്ക് അടിത്തറ പാകിയത് ശ്രീ വിദ്യാധിരാജ ചട്ടമ്പിസ്വാമിയാണെന്ന് വാഴൂർ തീർത്ഥപാദാശ്രമം മഠാധിപതി പ്രജ്ഞാനാനന്ദ തീർത്ഥപാദർ പറഞ്ഞു. ചട്ടമ്പി സ്വാമിയുടെ 166ാമതു ജയന്തി സമ്മേളനം പന്മന ആശ്രമത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മതാന്ധതയിലായിരുന്ന കേരള സമൂഹത്തെ വെളിച്ചത്തിന്റെ പാതയിലേക്ക് കൈപിടിച്ച് ഉയർത്തിയത് സ്വാമിയുടെ നിരന്തരമായ പ്രവർത്തനത്തിന്റെ ഫലമായിരുന്നു. എല്ലാ ജീവജാലങ്ങളെയും ആത്മതുല്യം സ്നേഹിച്ച ഋഷീശ്വരനായിരുന്നു സ്വാമികൾ. മനുഷ്യരെ സമഭാവനയേടെ കാണാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. ചട്ടമ്പി സ്വാമിയുടെ ദർശനങ്ങൾ സമൂഹത്തിന്റെ താഴെത്തട്ടിൽ പ്രചരിപ്പിക്കാൻ സ്വാമി ഭക്തർ തയ്യാറാകണം. ചട്ടമ്പി സ്വാമിയുടെ ജന്മസ്ഥലവും മഹാസമാധിയും തീർത്ഥാടന കേന്ദ്രങ്ങളായി ഉയർത്താൻ സർക്കാർ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എൻ.വിജയൻപിള്ള എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. എൻ.കെ.പ്രേമചന്ദ്രൻ എം.പി മുഖ്യപ്രഭാഷണം നടത്തി.