തിരുവനന്തപുരം: കനത്ത മഴയും മണ്ണിടിച്ചിലും ഉരുൾപൊട്ടലും രൂക്ഷമായ വേളയിൽ ഏർപ്പെടുത്തിയ ഖനനവിലക്ക് കഴിഞ്ഞ ദിവസം സർക്കാർ പിൻവലിച്ചതിനെതിരെ രൂക്ഷവിമർശനവുമായി ഭരണപരിഷ്കാര കമ്മിഷൻ അദ്ധ്യക്ഷൻ വി.എസ്. അച്യുതാനന്ദൻ.
താഴ്വാരങ്ങളിൽ മൃതദേഹം തിരയുന്നതിനിടയിൽ കുന്നിൻ മുകളിലെ ക്വാറികൾക്ക് അനുമതി നൽകുന്ന ഉദ്യോഗസ്ഥരെ നിലയ്ക്ക് നിറുത്താൻ സർക്കാരിന് കഴിയണമെന്ന് വി.എസ് ഫേസ്ബുക് പോസ്റ്റിൽ പറഞ്ഞു.
അത് കേരള ജനതയ്ക്ക് വേണ്ടിയാണ്. സുസ്ഥിരവികസനം എന്ന ഇടതുപക്ഷ കാഴ്ചപ്പാടിന് വേണ്ടിയാണ്. ഭൂമാഫിയകളുടെ പണക്കൊഴുപ്പിന് വിട്ടുകൊടുക്കാനുള്ളതല്ല സാധാരണ ജനങ്ങളുടെ ജീവനും സ്വത്തും ജീവിക്കാനുള്ള അവകാശവും.
കേരളം രണ്ടാമത്തെ പ്രളയവും കടന്നപോയിരിക്കുന്നു. ഇപ്പോഴും വീണ്ടെടുക്കാനുള്ള മൃതദേഹങ്ങൾ മണ്ണിനടിയിലാണ്. മണ്ണൊലിപ്പും ഉരുൾപൊട്ടലും ഉണ്ടായ മേഖലകളിലെല്ലാം കുന്നിടിക്കലിന്റേയും തടയണകളടേയും ക്വാറികളടേയും സാന്നിദ്ധ്യമുണ്ട് എന്നത് കേവലം യാദൃഛികമല്ലെന്നാണ് വിദഗ്ധരുടെ പ്രതികരണങ്ങളിൽ നിന്ന് കാണുന്നത്. താഴ്വാരങ്ങളിലെ കുടിലുകളും ചെറു ഭവനങ്ങളുമാണ് മാഫിയകളുടെ ആർത്തിയിൽ ഒലിച്ചപോയത്. കുന്നിൻ മണ്ടയിൽ ഇത്തരം വികസനം നടത്തുന്നത് നവകേരള നിർമ്മാണം എന്ന കാഴ്ച്ചപ്പാടിന് വിരുദ്ധമാണ്. ഇക്കാര്യത്തിൽ ശാസ്ത്രീയ കാഴ്ച്ചപ്പാടുയർത്തിപ്പിടിച്ച് നടപടികളിലേക്ക് കടക്കുകയാണ് ഭരണകൂടങ്ങളുടെ ചുമതലയെന്നും വി.എസ് ചൂണ്ടിക്കാട്ടി.