crime

ആലുവ: മേലുദ്യോഗസ്ഥന്റെ പീഡനത്തെ തുടർന്ന് തടിയിട്ടപറമ്പ് പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐ ആലുവ കുട്ടമശേരി പുൽപ്ര വീട്ടിൽ പി.സി. ബാബു (48) ആത്മഹത്യചെയ്ത സംഭവത്തിൽ ആരോപണ വിധേയനായ എസ്.ഐ രാജേഷിനെ കോട്ടയത്തേക്ക് സ്ഥലം മാറ്റി. ബാബുവിന്റെ മൃതദേഹം വീട്ടിലെത്തിച്ചപ്പോൾ രോഷാകുലരായ നാട്ടുകാർ എസ്.ഐയെ സസ്പെൻഡ്‌ ചെയ്യണമെന്നാവശ്യപ്പെട്ട് കുട്ടമശേരിയിൽ ആലുവ - മൂന്നാർ റോഡ് ഉപരോധിച്ചു.

അൻവർ സാദത്ത് എം.എൽ.എ,​ ഡി.ഐ.ജി എസ്. സുരേന്ദ്രനുമായി ബന്ധപ്പെട്ട് എസ്.ഐക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് ഉറപ്പ് നൽകിയതിനെ തുടർന്നാണ് സമരം അവസാനിപ്പിച്ചത്. സസ്പെൻഷൻ ഉണ്ടായില്ലെങ്കിൽ ഇന്ന് രാവിലെ 10ന് എം.എൽ.എയുടെ സാന്നിദ്ധ്യത്തിൽ യോഗം ചേർന്ന് സമരപരിപാടികൾ നിശ്ചയിക്കും.

എൻ.എസ്.എസ് നേതാക്കളുടെ നേതൃത്വത്തിലാണ് നാട്ടുകാർ വഴിതടഞ്ഞത്. അശോകപുരം കാർമ്മൽ ആശുപത്രിയിൽ സൂക്ഷിച്ച മൃതദേഹം ഇന്നലെ രാവിലെ വീട്ടിലേക്ക് കൊണ്ടുപോകുമ്പോൾ ജില്ലാ പൊലീസ് ആസ്ഥാനത്തെത്തിച്ച് അവിടെ പ്രതിഷേധിക്കാനായിരുന്നു ബന്ധുക്കളുടെയും നാട്ടുകാരുടെയും ആദ്യ തീരുമാനം. എസ്.പിയുമായുള്ള ചർച്ചയിലാണ് ഇതൊഴിവാക്കിയത്.

ബുധനാഴ്ച തടിയിട്ടപറമ്പ് പൊലീസ് സ്റ്റേഷനിൽ മൃതദേഹം പൊതുദർശനത്തിന് വച്ചപ്പോൾ മേലുദ്യോഗസ്ഥർ അന്തിമോപചാരം അർപ്പിക്കാൻ എത്താതിരുന്നത് വിവാദമായിരുന്നു. കേസന്വേഷിക്കുന്ന ഡി.ഐ.ജി എസ്. സുരേന്ദ്രൻ, എസ്.പി കെ. കാർത്തിക്, ഡിവൈ.എസ്.പി ജി. വേണു എന്നിവർ ഉൾപ്പെടെയുള്ളവർ ഇന്നലെ കുട്ടമശേരിയിലെ വീട്ടിലെത്തി. ബെന്നി ബെഹനാൻ എം.പി, അൻവർ സാദത്ത് എം.എൽ.എ, ബി.ജെ.പി ജില്ലാ സെക്രട്ടറി എം.എൻ. ഗോപി തുടങ്ങിയവർ അന്തിമോപചാരം അർപ്പിച്ചു.

എസ്.ഐയുടെ പിടിവാശി ജീവനെടുത്തു

ബാബു ആത്മഹത്യ ചെയ്തതിന്റെ തലേന്ന് എസ്.ഐയുമായുള്ള പ്രശ്നം പരിഹരിക്കാനായി പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ ജില്ലാ നേതാക്കൾ സ്റ്റേഷനിലെത്തിയിരുന്നു. ഒന്നര മണിക്കൂറോളം കാത്തിരുന്നിട്ടും എസ്.ഐ ചർച്ചയ്ക്ക് വന്നില്ല. ബാബുവിനെ കൂടാതെ സ്റ്റേഷനിലെ മറ്റൊരു പൊലീസുകാരനും എസ്.ഐക്കെതിരെ അസോസിയേഷനിൽ പരാതി നൽകിയിട്ടുണ്ട്.