university-college-

കൊച്ചി: യൂണിവേഴ്സിറ്റി കോളേജിലെ മുൻ എസ്‌.എഫ്‌.ഐ പ്രവർത്തകർ പ്രതികളായ വധശ്രമക്കേസിലും പി.എസ്‍.സി പരീക്ഷാത്തട്ടിപ്പ് കേസിലും പൊലീസിനെതിരെ രൂക്ഷവിമർശനം ഉയർത്തി ഹൈക്കോടതി. 'മുൻകൂർ ജാമ്യം തേടി സുപ്രീംകോടതിയിൽപ്പോയ മുൻകേന്ദ്രമന്ത്രിയടക്കം അറസ്റ്റിലായി. എന്നിട്ടും ഈ കേസിലെ പ്രതികളെ പിടിക്കാൻ പൊലീസ് മടിക്കുന്നതെന്തിനെന്ന് കോടതി ചോദിച്ചു.

സമാനമായ സംഭവം മറ്റൊരു രാഷ്ട്രീയ പാർട്ടിയുടെ ആളാണ് ചെയ്തതെങ്കില്‍ പോലീസ് ഈ സമീപനം തന്നെ സ്വീകരിക്കുമോയെന്നും ഹൈക്കോടതി ചോദിച്ചു. കുറ്റത്തിന്റെ ഗൗരവമാണ്, അല്ലാതെ സാങ്കേതികതയല്ല കണക്കിലെടുക്കേണ്ടതെന്ന് കോടതി പൊലീസിനോട് പറഞ്ഞു. വധശ്രമക്കേസിലെ പ്രതിയായ അമറിന്റെ മുൻകൂർ ജാമ്യ ഹർജി പരിഗണിക്കവെയായിരുന്നു കോടതിയുടെ വിർശനം. അമറിനെ സമൂഹത്തിൽതുറന്നു വിടുന്നത് ആപത്താണെന്നും കോടതി പറഞ്ഞു. സഹപാഠിയെ കുത്തിയ കേസിലെ പ്രതിയെ എന്തുകൊണ്ടാണ് ഇനിയും അറസ്റ്റ് ചെയ്യാത്തതെന്നും കോടതി ചോദിച്ചു.

കേസിലെ നാലാംപ്രതി സഫീറിന്റെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോൾ പി.എസ്‍.സിയെയും കോടതി വിമർശിച്ചു. സമൂഹത്തിൽ പിഎസ്‍സിയുടെ വിശ്വാസ്യത തന്നെ നഷ്ടപ്പെട്ടിരിക്കുകയാണ്. ഉന്നത ബന്ധങ്ങൾ ഉള്ളവർക്ക് ചോദ്യ പേപ്പറും ഉത്തരവും ഉയർന്ന മാർക്കും ലഭിക്കുന്ന അവസ്ഥയാണുള്ളത്. മൊബൈൽ എങ്ങനെയാണ് ഒരു മത്സരപ്പരീക്ഷയിൽ അനുവദിക്കാനാവുകയെന്നും ഇങ്ങനെയാണോ പരീക്ഷ നടത്തേണ്ടതെന്ന് കോടതി ചോദിച്ചു. മുൻകൂർ ജാമ്യാപേക്ഷയുണ്ടെന്ന് കരുതി അറസ്റ്റിന് തടസ്സമല്ലെന്ന് കോടതി സൂചിപ്പിച്ചു.