ന്യൂഡൽഹി: ഒന്നിന് പിറകെ ഒന്നായി കടിച്ചാൽ പൊട്ടാത്ത ഇംഗ്ലീഷ് വാക്കുകളുടെ ജാഥയാണിപ്പോൾ. ശശി തരൂരിന്റെ 'തരൂരിയൻ ഇംഗ്ലീഷ്" ന് പിന്നാലെ കഠിനവാക്കുകളുമായി എത്തിയിരിക്കുന്നത്, ആർ.ബി.ഐ ഗവർണർ ശശികാന്ത് ദാസും മോണിട്ടറി പോളിസി കമ്മിറ്റി(എം.പി.സി)
അംഗം ചേതൻ ഘട്ടുമാണ്. പുതിയ വാക്കുമായി വന്ന് താൻ കളംവിട്ടിട്ടില്ലെന്ന് ശശി തരൂരും പ്രഖ്യാപിച്ചുകഴിഞ്ഞു.
രാജ്യത്തിന്റെ സാമ്പത്തിക ഭദ്രത കെട്ടഴിയുന്ന അവസ്ഥയെ വിശദീകരിക്കാനാണ് റിസർവ് ബാങ്ക് ഗവർണ്ണർ തിങ്കളാഴ്ച കടുകട്ടിപ്രയോഗം നടത്തിയത്. പാൻഗ്ലോസിയൻ - Panglossian എന്ന വാക്കാണ് തന്റെ പ്രസംഗത്തിൽ ദാസ് ഉപയോഗിച്ചത്. അങ്ങേയറ്റം അമിതമായ ശുഭാപ്തി വിശ്വാസം എന്നാണ് വാക്കിന്റെ അർത്ഥം. ''അങ്ങേയറ്റം അമിത ശുഭാപ്തി വിശ്വാസം(പാൻഗ്ലോസിയൻ) വെച്ചു പുലർത്തി എല്ലാ പ്രതിസന്ധികളെയും ഞങ്ങൾ ചിരിച്ചു തള്ളുകയാണെന്ന് ഞാൻ പറയുന്നില്ല" എന്നാണ് ദാസ് പറഞ്ഞത്.
തൊട്ടുപിന്നാലെ ബുധനാഴ്ചയാണ് എം.പി.സി അംഗമായ ചേതൻ ഘട്ടെയും തരൂർ മുമ്പൊരവസരത്തിൽ ഉപയോഗിച്ച നീളമേറിയ വാക്കുമായി എത്തിയത്. 'estimates of economic growth in India have unfortunately been subject to a fair degree of floccinaucinihilipilification. Notwithstanding this, growth is likely to pick up' എന്നാണ് ചേതൻ ഘട്ടെ പറഞ്ഞത്. ഇന്ത്യൻ സാമ്പത്തിക വ്യവസ്ഥയുടെ മൂല്യം നിർഭാഗ്യവശാൽ ഒന്നിനും കൊള്ളാത്തതായി ചിത്രീകരിക്കപ്പെട്ടു എന്നാണ് വാക്യത്തിന്റെ ഏകദേശ അർത്ഥം.
മുൻ ധനമന്ത്രി പി.ചിദംബരത്തെ അറസ്റ്റ് ചെയ്ത വാർത്ത വന്നയുടൻ വന്നു തരൂരിന്റെ പുതിയ ട്വീറ്റ്. മറ്റൊരാളുടെ ദുര്യോഗത്തിൽ സന്തോഷിക്കുന്ന മാനസികാവസ്ഥയെന്ന് അർത്ഥമുള്ള ഷാഡിൻഫ്രോയ്ഡ് (schadenfreude) എന്ന വാക്കാണ് തരൂർ ട്വിറ്റിൽ ഉപയോഗിച്ചത്. ജർമ്മനിയിൽനിന്ന് ഇംഗ്ലീഷിലേക്കെത്തിയ വാക്കാണിത്.
പാൻഗ്ലോസ് വന്നവഴി
ഫ്രഞ്ച് തത്വചിന്തകനായ വോൾട്ടയറിന്റെ നോവലിൽനിന്നുളള ഡോ. പാൻഗ്ലോസ് എന്ന കഥാപാത്രത്തിൽ നിന്നാണ് ഈ പദത്തിന്റെ വരവ്. ജീവിതത്തിൽ വളരെയധികം കഷ്ടപ്പാടുകൾ നേരിട്ടിട്ടും അമിതമായ ശുഭാപ്തി വിശ്വാസിയായി തുടരുന്ന കഥാപാത്രമാണ് ഡോക്ടർ പാൻഗ്ലോസ്.
ഫ്‌ളോക്‌സിനോസിനിഹിലിപിലിഫിക്കേഷൻ
18-ാം നൂറ്റാണ്ടിലാണ് വാക്കിന്റെ ഉദ്ഭവം. ബ്രിട്ടനിലെ ഈറ്റൻ കോളേജിലെ വിദ്യാർത്ഥികളോ അദ്ധ്യാപകരോ ഒരു തമാശയ്ക്കുണ്ടാക്കിയ വാക്കാണിതെന്നാണ് കരുതുന്നത്. 1741-ൽ ഇംഗ്ലീഷ് കവി വില്യം ഷെൻസ്റ്റോൺ ഒരു കത്തിലാണ് ഈ വാക്ക് ആദ്യം പ്രയോഗിച്ചത്. ഇംഗ്ലീഷിൽ ഏറ്റവുമധികം അക്ഷരങ്ങളുള്ള വാക്കിന് ഉദാഹരണമായാണ് ഈ വാക്കിനെ ചൂണ്ടിക്കാട്ടാറ്.
ഷാഡിൻഫ്രോയ്ഡ്
അർത്ഥം മറ്റൊരാളുടെ ദുര്യോഗത്തിൽ സന്തോഷിക്കുന്ന മാനസികാവസ്ഥ. എല്ലാറ്റിനുമൊടുവിൽ ന്യായം പുലരുമെന്നും അതുവരെ ദുഷിച്ച മനസ്സുള്ളവരെ ഇതു കണ്ട് സന്തോഷിക്കാൻ അനുവദിക്കാമെന്നുമായിരുന്നു ട്വീറ്റ്.