തിരുവനന്തപുരം: എസ്.എൻ.ഡി.പി യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളിയെ വ്യാജ ചെക്കുകൾ ഉപയോഗിച്ച് കള്ളക്കേസിൽ കുടുക്കിയാണ് യു.എ.ഇയിലെ അജ്മാനിൽ ജയിലിലടച്ചതെന്ന് യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.ജാമ്യത്തുക കെട്ടിവച്ച് ഇന്നലെ ജാമ്യത്തിലിറങ്ങിയ തുഷാർ അജ്മാനിലെ അതേ കോടതിയിൽ സത്യം തെളിയിച്ച് വിജയിയായി തിരിച്ചെത്തുമെന്നും വെള്ളാപ്പള്ളി കേരളകൗമുദിയോട് വെളിപ്പെടുത്തി.
നഷ്ടത്തെ തുടർന്ന് 14 വർഷം മുമ്പ് അജ്മാനിൽ അടച്ചുപൂട്ടിയ ബോയിംഗ് കൺസ്ട്രക്ഷൻസ് എന്ന കമ്പനിയിൽ തുഷാറിന്റെ മാനേജരായിരുന്ന അരുൾദാസും കള്ളക്കേസിലെ വാദിയായ നാഫിൽ അബ്ദുള്ളയും ചേർന്ന് ഒരുക്കിയ കെണിയിൽ തുഷാറിനെ കുടുക്കുകയായിരുന്നു. തുഷാറിന്റെ സഹപാഠിയും നാട്ടുകാരനുമായ അരുൾദാസിനെ കമ്പനി നടത്തിപ്പിലെ കെടുകാര്യസ്ഥതയെ തുടർന്ന് തുഷാർ നേരത്തേ പിരിച്ചുവിട്ടിരുന്നു. കമ്പനിയുടെ സബ് കോൺട്രാക്ട് തൃശൂർ സ്വദേശിയായ നാഫിൽ അബ്ദുള്ളയ്ക്ക് അരുൾദാസ് നൽകിയതും തുഷാറിന്റെ അറിവോടെയായിരുന്നില്ല.
കമ്പനി അടച്ചുപൂട്ടി തുഷാർ നാട്ടിൽ തിരിച്ചെത്തിയ ശേഷവും തുഷാർ ഒപ്പിട്ട കമ്പനിയുടെ ബ്ലാങ്ക് ചെക്കുകൾ അരുൾദാസിന്റെ പക്കലുണ്ടായിരുന്നു. ഈ ബ്ലാങ്ക് ചെക്കുകളിൽ തുകയെഴുതിച്ചേർത്താണ് അരുൾദാസ് അടുത്തകാലത്ത് നാഫിലിന് കൈമാറിയത്.ഇത് ഉപയോഗിച്ചാണ് ഇരുവരും ചേർന്ന് തുഷാറിനെതിരെ അജ്മാൻ പൊലീസിൽ കള്ളക്കേസ് നൽകിയത്. കേസിൽ വാദി ഹാജരാക്കിയ ചെക്കുകളിൽ തന്നെ കൃത്രിമമുണ്ട്. തുഷാറിന്റെ ഒപ്പ് നീല മഷിയിലാണ്. തുകയും തീയതിയും എഴുതിയിരിക്കുന്നത് കറുത്ത മഷിയിലും.
തുഷാറിനെ എത്തിച്ചത്
വസ്തു ഇടപാടിന്റെ പേരിൽ
അജ്മാനിൽ തുഷാറിന് സ്വന്തമായുള്ള വസ്തു ഇടപാടിനെക്കുറിച്ച് സംസാരിക്കാനെന്ന പേരിലാണ് തുഷാറിനെ കേസിലെ വാദിയും കൂട്ടാളിയും ചേർന്ന് ഒരു ഇടപാടുകാരന്റെ സഹായത്തോടെ അജ്മാനിൽ എത്തിച്ചതെന്ന് വെള്ളാപ്പള്ളി പറഞ്ഞു.
അജ്മാനിൽ തുഷാർ 15 സെന്റ് ഭൂമി വാങ്ങിയത് ചതുരശ്ര അടിക്ക് 31 യു.എ.ഇ ദിർഹമിനാണ്. ചതുരശ്ര അടിക്ക് 61 ദിർഹം വീതം നൽകാമെന്ന ഒാഫറോടെ ഒരു ഇടപാടുകാരനെക്കൊണ്ട് രണ്ട് ദിവസം മുമ്പ് തുഷാറിനെ വിളിപ്പിക്കുകയായിരുന്നു. ചെക്കുകേസ് ഉളള കാര്യം മറച്ചുവച്ചായിരുന്നു ഇത്. വില്ലയ്ക്ക് നല്ല ഒാഫർ ലഭിച്ചതിനാൽ അജ്മാനിലെ ഹോട്ടലിൽവച്ച് ചർച്ചയ്ക്കുള്ള ഇടപാടുകാരന്റെ ക്ഷണം എന്റെ അറിവോടെ തുഷാർ സ്വീകരിക്കുകയായിരുന്നു.
അവിടെ എത്തിയപ്പോഴാണ് പൊലീസിന്റെ സഹായത്തോടെ തുഷാറിനെ കുരുക്കിയത്. സംഭവം അറിഞ്ഞ ഉടനെ മുഖ്യമന്ത്രി പിണറായി വിജയൻ എന്നെ ബന്ധപ്പെട്ടു. ഇത് കള്ളക്കേസാണെന്ന് ഞാൻ ബോദ്ധ്യപ്പെടുത്തി. ദുബായിലുള്ള മലയാളി വ്യവസായി യൂസഫലിയെ വിളിച്ച് തുഷാറിനെ ജാമ്യത്തിലിറക്കാനുള്ള ഏർപ്പാടുകൾ ചെയ്യാമെന്ന് അദ്ദേഹം ഉറപ്പ് നൽകി. പിന്നാലെ യൂസഫലിയും എന്നെ വിളിച്ചു. വ്യാഴാഴ്ചതന്നെ തുഷാറിനെ ജാമ്യത്തിന് ഇറക്കാനുള്ള ഏർപ്പാടുകൾ ചെയ്യാമെന്ന് യൂസഫലി അറിയിച്ചു. ഇതിനിടെ തുഷാറിന്റെ സഹായത്തിന് സന്നദ്ധരായി ദുബായിലും മറ്റ് ഗൾഫ് രാജ്യങ്ങളിലും കേരളത്തിലുമുള്ള നിരവധി സുഹൃത്തുക്കൾ രംഗത്തെത്തിയിരുന്നു. എന്നാൽ യൂസഫലി തന്നെ സെക്യൂരിറ്റി തുകയായ 10 ലക്ഷം ദിർഹം (1.94 കോടി രൂപ) ഇന്നലെ കോടതിയിൽ കെട്ടിവച്ച് തുഷാറിനെ ജാമ്യത്തിൽ ഇറക്കുകയായിരുന്നു.
നഷ്ടപരിഹാര
കേസ് നൽകും
തുഷാറിനെതിരെ അജ്മാൻ പൊലീസ് എടുത്തത് കള്ളക്കേസാണെന്ന് അജ്മാൻ കോടതിയിൽ തെളിയിക്കുമെന്ന് വെള്ളാപ്പള്ളി പറഞ്ഞു. കള്ളക്കേസ് നൽകിയവർക്കെതിരെ നഷ്ടപരിഹാര കേസ് നൽകും. തുഷാർ ഒരു കോടി യു.എ.ഇ ദിർഹം നൽകാനുണ്ടെന്ന കേസിലെ വാദിയുടെ അവകാശവാദം തെറ്റാണെന്ന് തെളിയിക്കും. ജാമ്യത്തുക ഉൾപ്പെടെ തിരിച്ചുവാങ്ങി കേസിൽ തുഷാർ വിജയിക്കുമെന്ന കാര്യത്തിൽ സംശയംവേണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു.