amazon

ആമസോണസ്: ഭൂമിയുടെ നിലനിൽപ്പിന് തന്നെ ഭീഷണിയുയർത്തി വീണ്ടും ആമസോൺ മഴക്കാട്ടിൽ കാട്ടുതീ പടരുന്നു. ചരിത്രത്തിലെ ഏറ്റവും വലിയ കാട്ടുതീയിൽ വനത്തിലെ ലക്ഷക്കണക്കിന് ജീവജാലങ്ങൾ ഉൾപ്പെടെ കത്തിയമരുകയാണ്. കാട്ടുതീ മൂലം ബ്രസീലിലെ ആമസോണാസ് സംസ്ഥാനത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. കഴിഞ്ഞ ഒരാഴ്ച്ചയായി 9,500ലധികം തവണയാണ് കാട്ടുതീ ഉണ്ടായത്. കഴിഞ്ഞ വർഷത്തേക്കാൾ 85 ശതമാനം അധികമാണിത്. എൽ നിനോ പ്രതിഭാസവുമായി ബന്ധപ്പെട്ട് കടുത്ത വരൾച്ചയാണ് ഈ വർഷം ആമസോൺ കാടുകളടക്കമുള്ള മേഖലകളിൽ അനുഭവപ്പെട്ടത്. ഇത് കാട്ടുതീ ഉണ്ടാവുന്നതിനും വ്യാപകമായി പടരുന്നതിനും അനുയോജ്യമായ കാലാവസ്ഥയൊരുക്കി. കാട്ടുതീയുടെ ഫലമായി അന്തരീക്ഷത്തിലുയർന്ന രൂക്ഷമായ പുകപടലങ്ങൾ ബ്രസീലിലെ സാവോ പോളോ അടക്കം പല പ്രദേശങ്ങളിലും വ്യാപിച്ചിട്ടുണ്ട്. നഗരങ്ങളിലെമ്പാടും കറുത്ത പുക മൂടിയിരിക്കുന്നതിനാൽ സൂര്യപ്രകാശം എത്തിച്ചേരുന്നില്ല. ഇക്കാരണത്താൽ ഇവിടെ നട്ടുച്ചയ്ക്കു പോലും രാത്രിയുടെ പ്രതീതിയാണ്. മാത്രമല്ല, മഴ പെയ്യുമ്പോൾ കറുത്ത നിറത്തിലുള്ള വെള്ളമാണ് ഭൂമിയിലെത്തുന്നത്. ബ്രസീലിലെ വടക്കൻ സംസ്ഥാനമായ റോറൈമയുടെ ഇരുണ്ട ചിത്രം നാസ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. തീപിടുത്തം ബഹിരാകാശത്തു നിന്നും കാണാൻ സാധിക്കുണ്ടെന്ന് നാസ വ്യക്തമാക്കി. ലോകത്തിലെ തന്നെ ഏറ്റവും വലിയ മഴക്കാടായ ആമസോൺ പ്രകൃതിയിലെ കാർബൺ ഡൈ ഓക്‌സൈഡ് തുലനം ചെയ്തു നിർത്തുന്നതിൽ മുഖ്യ പങ്കു വഹിക്കുന്നുണ്ട് .മാത്രമല്ല, ഇവിടെ നിന്നും 20 ശതമാനത്തോളം ഓക്‌സിജനാണ് അന്തരീക്ഷത്തിലേക്ക് പുറന്തള്ളുന്നത്. എന്നാൽ,​ മനുഷ്യനിർമിത ദുരന്തമാണ് ആമസോൺ നേരിടുന്നതെന്നാണ് ഒരു വിഭാഗം ഗവേഷകർ അഭിപ്രായപ്പെടുന്നത്. കൂടാതെ,​ അനിയന്ത്രിതമായ കാട്ടുതീ വലിയ കാലാവസ്ഥാ വ്യതിയാനത്തിന് ഇടയാക്കുമെന്നും ഗവേഷകർ മുന്നറിയിപ്പു നൽകി. ബ്രസീൽ സർക്കാരിന്റെ ഭൂവിനിയോഗ നയങ്ങൾ സംബന്ധിച്ച് കടുത്ത വിമർശനങ്ങൾക്കും ഇത് വഴിതെളിച്ചിട്ടുണ്ട്. എന്നാൽ ഇതിനെതിരെ ബ്രസീൽ പ്രസിഡന്റ് ബൊൽസോനാരോ രംഗത്തെത്തി. സന്നദ്ധ സംഘടനകൾ മനഃപൂർവം തീയിടുകയാണെന്നാണ് ബൊൽസോനാരോ പറയുന്നത്. ആമസോൺ കാടുകളിൽ ഖനനവും കൃഷിയും വ്യാപിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾക്ക് തുരങ്കംവെക്കാനും തന്റെ പ്രതിച്ഛായ നശിപ്പിക്കുന്നതിനുമാണ് ഇങ്ങനെ ചെയ്യുന്നതെന്നും അദ്ദേഹം ആരോപിക്കുന്നു.

എന്നാൽ,​ ബൊൽസോനാരോയുടെ പ്രസ്താവനകൾ അസംബന്ധമാണെന്നാണ് പരിസ്ഥിതി പ്രേമികൾ പറയുന്നത്. ജൂലായ് മുതൽ സെപ്തംബർ വരെയാണ് സാധാരണയായി ആമസോൺ മഴക്കാടുകളിലെ വരണ്ടകാലം. ഇതിന് ശേഷമുള്ള ഈർപ്പമുള്ള കാലാവസ്ഥ മൂലം കാട്ടുതീ നിയന്ത്രിക്കപ്പെടും. എന്നാൽ മനുഷ്യന്റെ അനിയന്ത്രിത ഇടപെടൽ മൂലം ചെറിയ തീപ്പൊരികളിൽ പോലും വൻ തീപിടുത്തമുണ്ടാകുന്ന സാഹചര്യമാണുള്ളതെന്ന് ഗവേഷകർ പറയുന്നു.