ദുബായ്: ചെക്ക് കേസുമായി ബന്ധപ്പെട്ട് യു.എ.ഇയിലെ അജ്മാൻ പൊലീസ് അറസ്റ്റ് ചെയ്ത് അജ്മാൻ കോടതിയിൽ അടച്ച
ബി.ഡി.ജെ.എസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി ഇന്നലെ ജാമ്യത്തിലിറങ്ങി. തുഷാറിന് ജാമ്യത്തുകയായ പത്ത് ലക്ഷം ദിർഹം (രണ്ട് കോടിയോളം രൂപ) അജ്മാൻ കോടതിയിൽ കെട്ടിവയ്ക്കാൻ പ്രവാസി വ്യവസായി എം.എ.യൂസഫലിയാണ് സഹായിച്ചത്.
ജാമ്യത്തിലിറങ്ങിയെങ്കിലും തുഷാറിന് പെട്ടെന്ന് നാട്ടിലേക്ക് മടങ്ങാനാവില്ല. ജാമ്യത്തുകയോടൊപ്പം പാസ്‌പോര്‍ട്ടും കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. കോടതിയുടെ അടുത്ത പ്രവൃത്തി ദിവസമായ ഞായറാഴ്ച വീണ്ടും തുഷാർ ഹാജരാകണം.
കേസ് നിയമപരമായി നേരിടുമെന്ന് ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ തുഷാര്‍ പറഞ്ഞു. ചതിയിൽപ്പെടുത്തി പണം തട്ടാനുള്ള ശ്രമമാണ് നടന്നത്. പത്ത് വർഷം മുമ്പുള്ള ചെക്ക് ബുക്കിൽ നിന്നുള്ള ലീഫുകളാണ് നല്‍കിയത്. അതിലൊന്നിലെ ഒപ്പ് പോലും വ്യാജമാണെന്ന് സംശയിക്കുന്നു . ഭീഷണിക്ക് വഴങ്ങി പണം നൽകാനോ , ഒത്തുതീർക്കാനോ തയ്യാറല്ല. ഇപ്പോൾ സ്വന്തമായി ഒരു ബിസിനസ്സും എനിക്ക് ഇവിടെ ഇല്ല. ഉള്ളത് കുറച്ച് സ്ഥലമാണ്. അത് വാങ്ങാൻ താല്‍പ്പര്യമുണ്ടെന്ന് ചിലർ പറഞ്ഞിരുന്നു. അത് സംസാരിക്കുന്നതിനിടയിലാണ് രണ്ട് സി.ഐ.ഡിമാർ വന്ന് അറസ്റ്റ് ചെയ്തത്- തുഷാർ പറഞ്ഞു. .