ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണമാതൃക പൂർണമായി മോശമല്ലെന്നും അദ്ദേഹത്തിന്റെ പ്രവൃത്തികളെ എല്ലായ്പ്പോഴും തള്ളിക്കളയേണ്ട ആവശ്യമില്ലെന്നും മുതിർന്ന കോൺഗ്രസ് നേതാവ് ജയറാം രമേശ്. മോദിയെ എല്ലായ്‌പോഴും കുറ്റപ്പെടുത്തുന്നത് ഗുണകരമാകില്ലെന്നും അദ്ദേഹം പറഞ്ഞു.ഡൽഹിയിൽ ഒരു പുസ്തക പ്രകാശന വേളയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
2014 മുതൽ 2019വരെയുള്ള കാലയളവിൽ മോദി എന്തൊക്കെയാണ് ചെയ്തതെന്ന് പരിശോധിക്കേണ്ട സമയമാണിത്. 2019ലെ തിരഞ്ഞെടുപ്പിൽ ബി.ജെ.പി 37.4 ശതമാനം വോട്ടുകളും എൻ.ഡി.എ 45 ശതമാനം വോട്ടുകളും നേടി. ഈ വിധത്തിൽ വീണ്ടും അധികാരത്തിലെത്താന്‍ മോദിയെ സഹായിച്ചതെന്താണെന്ന് പരിശോധിക്കണമെന്നും ജയ്റാം രമേശ് പറഞ്ഞു.
ജനങ്ങളുമായി അദ്ദേഹത്തെ ബന്ധിപ്പിക്കുന്ന തരത്തിലുള്ള ഭാഷയിലാണ് മോദി സംസാരിക്കുന്നത്. ഇതിനു മുന്‍പ് ആരും ചെയ്തിട്ടില്ലാത്തതും ജനങ്ങള്‍ അംഗീകാരമുള്ളതുമായ കാര്യങ്ങളാണ് അദ്ദേഹം ചെയ്യുന്നത് എന്ന കാര്യം തിരിച്ചറിയാതെ നമുക്ക് മോദിയെ നേരിടാനാവില്ല. എല്ലായ്‌പോഴും മോദിയെ കുറ്റപ്പെടുത്തിക്കൊണ്ട് അദ്ദേഹത്തെ ശരിയായി ചെറുക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രിയെ പുകഴ്‌ത്താനോ സ്തുതിക്കാനോ അല്ല താൻ ആവശ്യപ്പെടുന്നതെന്നും മറിച്ച്, ഭരണനിർവഹണത്തിൽ അദ്ദേഹത്തിനുള്ള സവിശേഷതകൾ തിരിച്ചറിയണമെന്നാണ് പറയുന്നതന്നും ജയ്‌റാം രമേശ് വിശദീകരിച്ചു