കേരളം വീണ്ടുമൊരു വെള്ളപ്പൊക്കത്തിന്റെ ഭീഷണിയെ അഭിമുഖീകരിക്കുകയുണ്ടായി. കഴിഞ്ഞ വർഷമുണ്ടായ പ്രളയ ദുരന്തത്തിൽ നിന്ന് പൂർണമായും നമുക്ക് മുക്തി നേടാനായിട്ടില്ല. പ്രകൃതി ദുരന്തങ്ങൾ ലോകത്തെല്ലായിടത്തുമുണ്ട്. പല രൂപത്തിലും ഭാവത്തിലുമാണെന്നുമാത്രം. അതേപ്പറ്റിയാണ് ഇക്കുറി
അന്ത്യോക്യയിലെ ഭൂകമ്പം
ഇതുവരെ രേഖപ്പെടുത്തപ്പെട്ടതിൽ വച്ചേറ്റവും പഴയ ഭൂകമ്പമാണ് എ.ഡി. 526ൽ അന്ത്യോക്യയിലുണ്ടായത്. തുർക്കിയുടെ ഭാഗമായ ഈ പട്ടണം ബൈസാന്റിയൻ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു. ഒരു ആഘോഷത്തിനിടയ്ക്കാണ് ഭൂമി കുലുക്കമുണ്ടായത്. നിമിഷങ്ങൾക്കകം പട്ടണം ശ്മശാനമായി മാറി. ഇതിനോടൊപ്പം തന്നെ പട്ടണത്തിൽ തീപിടിത്തവുമുണ്ടായി. മൂന്ന് ലക്ഷത്തോളം പേർ അന്ന് മരിച്ചു. പതിനെട്ടു മാസങ്ങളോളം ഭൂകമ്പത്തിന്റെ തുടർ ചലനങ്ങളുണ്ടായത്രേ!!
ഹെയ്തിയിലെ ഭൂകമ്പം
കരീബിയൻ കടലിലെ ചെറിയ ദ്വീപാണ് ഹെയ്തി. ചുഴലിക്കാറ്റും വെള്ളപ്പൊക്കവും നിരന്തരം നാശം വിതയ്ക്കുന്ന ഹെയ്തിയിൽ 2010ലാണ് ഭൂകമ്പമുണ്ടായത്. കെട്ടിടങ്ങൾ തകർന്നു വീണു. രണ്ടര ലക്ഷം ആൾക്കാരാണ് സെക്കൻഡുകൾ കൊണ്ട് മരിച്ചത്. രണ്ടര ലക്ഷം ആളുകൾ മരിച്ച ഹെയ്തി ഭൂകമ്പം ഈ നൂറ്റാണ്ടിലെ വൻ ദുരന്തങ്ങളിലൊന്നാണ്.
പൊട്ടിത്തെറിച്ച് ടംപോറ
ഇന്തോനേഷ്യയിലെ സംബാവ ദ്വീപിലാണ് ടംപോറ. 1815 ലാണ് ടംപോറ അഗ്നി പർവതം ഭീകരമായി പൊട്ടിത്തെറിച്ചത്. 70000 ത്തിലധികം ജനങ്ങളാണ് സ്ഫോടനത്തിൽ മരിച്ചത്. വലിയ അളവിൽ പാറക്കഷണങ്ങൾ, ചാരം എന്നിവ അന്തരീക്ഷത്തിലേക്ക് തെറിച്ചു. അവശിഷ്ടങ്ങൾ അന്തരീക്ഷത്തിൽ നിന്നതുകാരണം ഒരു വർഷം അവിടെ വേനലുണ്ടായിരുന്നില്ലത്രേ! 'വോൾക്കാനിക്ക് വിന്റർ" എന്ന പ്രതിഭാസം കാരണം കൃഷി നാശമുണ്ടായി.
വോൾക്കാനിക് വിന്റർ
ടംപോറ പൊട്ടിത്തെറിച്ചതിനെത്തുടർന്ന് 4300 മീറ്റർ ഉയരമുണ്ടായിരുന്ന അഗ്നി പർവതം 3000 മീറ്ററിനു താഴെയായി കുറഞ്ഞു. അഗ്നി പർവതം പൊട്ടിത്തെറിച്ചുണ്ടായ ശബ്ദം 2000 കിലോമീറ്റർ ദൂരെയുള്ള സുമാത്ര ദ്വീപ് വരെയെത്തി. 1880 ലും പൊട്ടിത്തെറിച്ച ടംപോറ പിന്നെ പൊട്ടിത്തെറിച്ചിട്ടില്ല.
ചാരം തീർത്ത വെസുവിയസ്
ഇറ്റലിയുടെ തെക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്ന നേപ്പിൾസ് കടലിനടുത്താണ് വെസുവിയസ് അഗ്നി പർവതം. ഈ പർവതം പൊട്ടിത്തെറിച്ച് പോംപേ, ഹെർക്കുലേനിയം നഗരങ്ങളെ വിഴുങ്ങി. അഗ്നി പർവതം പൊട്ടിത്തെറിച്ച് ചാരം നഗരങ്ങളെ മൂടി. പിറ്റേ ദിവസം മഴ പെയ്തതോടുകൂടി ചാരം ഉറച്ചു കട്ടിയായി. ജനങ്ങൾ ഇതിനടിയിൽപ്പെട്ട് ശ്വാസം മുട്ടി മരിച്ചു. എന്നാൽ കെട്ടിടങ്ങൾക്ക് കുഴപ്പമൊന്നുമുണ്ടായില്ല. ഒരു കുഴപ്പവും കൂടാതെ പുരാവസ്തുക്കൾ ഗവേഷകർ കുഴിച്ചെടുത്തു.
പോംപെ നഗരം ഗ്രീക്ക് സംസ്കാരത്തിന്റെ കേന്ദ്രമായിരുന്നു. 1952ൽ ഈ നഗരത്തെ ഗവേഷകർ പുനഃസൃഷ്ടിച്ചു. യുനെസ്കോയുടെ പൈതൃകപ്പട്ടികയിൽ ഇടം നേടിയ നഗരമാണിത്. ലോക പ്രശസ്ത സഞ്ചാര കേന്ദ്രവും.
ദുരന്തമായ േക്രാക്കത്തോവ
ലോകത്തെ നടുക്കിയ ഭീകര ദുരന്തമായിരുന്നു 1883ൽ ഇന്തോനേഷ്യയിൽ േക്രാക്കത്തോവ അഗ്നി പർവതം പൊട്ടിത്തെറിച്ചത്. അഗ്നി പർവതം പൊട്ടിത്തെറിച്ചതിന്റെ ശബ്ദം 5000 കിലോമീറ്റർ അകലെ വരെ കേട്ടിരുന്നു.
ഹിരോഷിമയിൽ അമേരിക്കയുടെ അണുബോംബിന്റെ ആയിരക്കണക്കിന് ഇരട്ടി ശക്തിയുള്ള സ്ഫോടനമായിരുന്നു ഇത്. ഈ സ്ഫോടനത്തിൽ കടൽ ഇളകിമറിഞ്ഞ് സുനാമിത്തിരകൾ രൂപംകൊണ്ടു. കരയിലേക്ക് ഇരച്ചുകയറിയ സുനാമിൽ തിരകളിൽപ്പെട്ട് 36000 ജനങ്ങൾ ഒഴുകിപ്പോയി. ഏറ്റവും വലിയ അഗ്നിപർവത സ്ഫോടനമായാണ് ക്രോക്കത്തോവ സ്ഫോടനത്തെ വിലയിരുത്തുന്നത്.
കരകവിഞ്ഞ ഹുയാങ്ഹോ
ചൈനയുടെ അന്നത്തെ തലസ്ഥാനമായിരുന്ന 10 ലക്ഷത്തോളം പേർ താമസിച്ചിരുന്ന സിയാൻ ഷെങ്സി എന്ന പ്രദേശത്തായിരുന്നു സിയാൻ. 1556 ലെ ഒരു രാത്രിയിലാണ് അതിശക്തമായ ഭൂകമ്പം ഇവിടെയുണ്ടായത്. ഭൂകമ്പം ഉണ്ടായതിനെത്തുടർന്ന് ഹുയാങ്ഹോ നദി കരകവിഞ്ഞൊഴുകി. 8 ലക്ഷത്തിൽ കൂടുതലാളുകൾ കൊല്ലപ്പെട്ടുവെന്നാണ് കണക്ക്. ചൈനയുടെ ദുഃഖമാണ് മഞ്ഞ നദി എന്നറിയപ്പെടുന്ന ഹുയാങ്ഹോ.
ചൈനയുടെ ദുഃഖം
ഹുയാങ്ഹോ നദിയെ ചൈനയുടെ ദുഃഖമായാണ് അറിയപ്പെടുന്നത്. പല തവണ കരകവിഞ്ഞൊഴുകിയ നദി നിരവധി ജീവനുകളെയാണ് കവർന്നത്. പലതവണ എന്ന് പറഞ്ഞാൽ 1500 തവണ.
1887 സെപ്തംബർ 28 ന് അതിഭീകരമായ മഴ പെയ്തതിനെത്തുടർന്ന് നദി കരകവിഞ്ഞതിനെത്തുടർന്ന് 4500 കിലോമീറ്റർ ചുറ്റളവിൽ പ്രളയമായി. ഭക്ഷ്യക്ഷാമം, പട്ടിണി, രോഗങ്ങൾ എന്നിവ അതിനു പിന്നാലെ ജനങ്ങളെ ബാധിച്ചു.
1931 ൽ യാങ്സെ നദി കരകവിഞ്ഞൊഴുകിയതാണ് ചൈനയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വെള്ളപ്പൊക്കം. 40 ലക്ഷത്തോളം പേർ ഈ വെള്ളപ്പൊക്കത്തിൽ കൊല്ലപ്പെട്ടു. കോടിക്കണക്കിന് ജനങ്ങൾക്ക് വീട് നഷ്ടമായി. 88000 ചതുരശ്ര കിലോമീറ്റർ പ്രദേശം വെള്ളത്തിനടിയിലായി.
തകർന്ന നേപ്പാൾ
നേപ്പാളിലെ ലാംജങ് ജില്ലയിലാണ് 2015ൽ ഭൂകമ്പമുണ്ടായത്.
90000 ആളുകൾക്കാണ് അന്ന് ജീവൻ നഷ്ടമായത്. എവറസ്റ്റിനെയും ബാധിച്ച ആ ഭൂമികുലുക്കത്തിൽ നേപ്പാളിൽ കനത്ത മഞ്ഞു വീഴ്ചയുണ്ടായി. എവറസ്റ്റിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ മഞ്ഞു വീഴ്ചയായിരുന്നു ഇത്. മണ്ണിടിച്ചിലിലും ഒട്ടേറെപ്പേർ മരിച്ചു.
കാറ്റിൽ കരഞ്ഞവർ
ഇരുപതാം നൂറ്റാണ്ടിൽ ഇന്ത്യയിലുണ്ടായ ഏറ്റവും വലിയ ചുഴലിക്കൊടുങ്കാറ്റായിരുന്നു 1999 ഒക്ടോബർ 29 ന് ഒഡിഷയിൽ വീശിയടിച്ചത്. ഒരു ദിവസം മുഴുവൻ തീരത്ത് വീശിയടിച്ച കൊടുങ്കാറ്റ് കാരണം കടൽത്തിരകൾ തീരം തകർത്തു. ആയിരക്കണക്കിന് പേർ ഒഴുകി പോവുകയും പതിനായിരത്തോളം പേർ കൊല്ലപ്പെടുകയും ചെയ്തു. ആയിരം കോടിയോളം രൂപയുടെ നഷ്ടമുണ്ടായ ഈ കൊടുങ്കാറ്റിൽ മൂന്നേകാൽ ലക്ഷം ഹെക്ടർ കൃഷി ഭൂമിയിൽ നാശമുണ്ടായി.
തെൽമ കൊടുങ്കാറ്റ്
ഫിലിപ്പൈൻസിൽ 6000 പേരുടെ മരണത്തിന് ഇടയാക്കിയ കൊടുങ്കാറ്റാണ് 'തെൽമ'. 1991 ലാണ് ഈ കൊടുങ്കാറ്റ് വീശിയടിച്ചത്.
കത്രീന കൊടുങ്കാറ്റ്
അമേരിക്കയിൽ വൻ നാശനഷ്ടം വിതച്ച കൊടുങ്കാറ്റായിരുന്നു 2005ൽ വീശിയടിച്ച 'കത്രീന'. അതിവേഗത്തിൽ ശക്തിയാർജിച്ച കത്രീന ഫ്ളോറിഡ പട്ടണത്തെ നാശത്തിലാഴ്ചി. ന്യൂ ഒർലിയൻസ് നഗരത്തിലെ റോഡുകൾ ഒഴിഞ്ഞുപോകുന്നവരുടെ വാഹനങ്ങളാൽ നിറഞ്ഞു. ഇന്ധനക്ഷാമം രൂക്ഷമായി.
12 മീറ്ററോളം ഉയരത്തിൽ ജലനിരപ്പ് ഉയർന്ന മിസിസിപ്പി നദി ചെറിയ പട്ടണങ്ങളെ വെള്ളത്തിലാക്കി.
ന്യൂ ഓർലിയൻസും നഗരവും വെള്ളത്തിലായി. ആയിരക്കണക്കിന് ജനങ്ങൾ കൊല്ലപ്പെടുകയും 9 ലക്ഷം പേർ ന്യൂ ഓർലിയൻസ് നഗരം വിട്ടു പോവുകയും ചെയ്തു.