ഗർഭകാലത്തെ ഭക്ഷണരീതി പോലെ പ്രധാനമാണ് ഗർഭിണി ഇടപഴകുന്ന ചുറ്റുപാടും. സുന്ദരമായ സംഗീതവും പക്ഷികളുടെ ശബ്ദവും അരുവിയുടെ ഒഴുക്കുമൊക്കെ ഗർഭസ്ഥശിശുവിന് ശാന്തവും സ്വസ്ഥവും സുഖകരവുമായ മാനസികാവസ്ഥ പ്രദാനം ചെയ്യും. ശാന്തമായ സംഗീതം കേൾക്കുമ്പോൾ കുഞ്ഞ് ആഹ്ലാദിക്കുന്നതും ശാന്തനായിരിക്കുന്നതും അമ്മയ്ക്കറിയാനാവും. എന്നാൽ കനത്ത ശബ്ദങ്ങൾ കുഞ്ഞിനെ ഭയപ്പെടുത്തുകയും അസ്വസ്ഥനാക്കുകയും ചെയ്യും. ഉയർന്നതും കടുത്തതുമായ ശബ്ദം ഗർഭസ്ഥശിശുവിന്റെ കേൾവിയെപ്പോലും ബാധിച്ചിേക്കാം. എയർപോർട്ട്, യന്ത്രോപകരണങ്ങൾ, ഫാക്ടറി, കാതടിപ്പിക്കുന്ന സംഗീതം, വർക്ക് ഷോപ്പുകൾ എന്നിവയ്ക്ക് സമീപമാണ് ഗർഭിണിയെങ്കിൽ കുഞ്ഞിന്റെ കേൾവിക്കും ആരോഗ്യത്തിനും ദോഷമുണ്ടാക്കും.
ഉയർന്നതും കനത്തതുമായ ശബ്ദം കാരണം ഗർഭിണിയുടെ രക്തസമ്മർദ്ദം വർദ്ധിക്കാനിടയുണ്ട്. അമ്മയുടെ രക്തസമ്മർദ്ദമുയരുന്നത് ഗർഭസ്ഥശിശുവിനു ദോഷകരമാണ്. കുഞ്ഞിന്റെ ശരീരഭാരം കുറയുന്ന തരത്തിൽപ്പോലും ഗൗരവമായ പ്രശ്നങ്ങളുണ്ടാകാം. ഗർഭാവസ്ഥയിൽ ശാന്തമായ സംഗീതം കേൾക്കുക, കടുത്ത ശബ്ദങ്ങളിൽ നിന്ന് അകന്നു നിൽക്കുക.