പാരീസ്: കാശ്മീർ വിഷയത്തിൽ മൂന്നാം കക്ഷിയുടെ ആവശ്യമില്ലെന്നും ഇന്ത്യയും പാകിസ്ഥാനും തമ്മിൽ ചർച്ച ചെയ്ത് വിഷയം പരിഹരിക്കണമെന്നും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു മാക്രോണിന്റെ പ്രസ്താവന.റഫാൽ വിമാനങ്ങൾ സമയബന്ധിതമായി കൈമാറുമെന്നും പ്രസ്താവനയിൽ ഫ്രഞ്ച് പ്രസിഡന്റ് വ്യക്തമാക്കി.
ഭീകരതയ്ക്കെതിരെ ഒറ്റക്കെട്ടായി പോരാടുമെന്ന് ഇമ്മാനുവൽ മാക്രോണുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മോദി പറഞ്ഞു. ഡിജിറ്റൽ മേഖലയിലെ സഹകരണം, സൈബർ സുരക്ഷ എന്നീ വിഷയങ്ങളും കൂടിക്കാഴ്ചയിൽ ചർച്ചയായി. ജി-7 ഉച്ചകോടിക്ക് മുന്നോടിയായി വ്യാഴാഴ്ചയാണ് നരേന്ദ്ര മോദി പാരീസിലെത്തിയത്. പാരീസിൽ നിന്ന് 60 കിലോമീറ്റർ അകലെയുള്ള ഷാന്റ്ലി എന്ന സ്ഥലത്തുവച്ചാണ് മാക്രോണുമായി കൂടിക്കാഴ്ച നടത്തിയത്.
അതേസമയം ഇന്ത്യ നിരസിച്ചിട്ടും കാശ്മീർ വിഷയത്തിൽ മദ്ധ്യസ്ഥത വഹിക്കാൻ സന്നദ്ധത അറിയിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വീണ്ടും രംഗത്തെത്തി. ഇന്ത്യയും പാകിസ്ഥാനും ആവശ്യപ്പെട്ടാൽ കാശ്മീർ വിഷയത്തിൽ സഹായിക്കാൻ ഡൊണാൾഡ് ട്രംപ് തയ്യാറാണെന്ന് വൈറ്റ് ഹൗസ് വ്യാഴാഴ്ച പറഞ്ഞു.
ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 ലെ വ്യവസ്ഥകൾ റദ്ദാക്കുകയും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്തതോടെ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധം കൂടുതൽ വഷളായി. 'കശ്മീരിലെ സ്ഥിതിഗതികൾ അമേരിക്ക വളരെ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. സമാധാനപരമായി വിഷയം കൈകാര്യം ചെയ്യണമെന്ന് ഞങ്ങൾ വീണ്ടും ആഹ്വാനം ചെയ്യുന്നു. ഇരുപക്ഷത്തിന്റെയും പിരിമുറുക്കം കുറയ്ക്കാൻ ഇന്ത്യയ്ക്കും പാകിസ്ഥാനും സമ്മതമാണെങ്കിൽ സഹായിക്കാൻ താൻ തയ്യാറാണെന്ന് അദ്ദേഹം (ട്രംപ്) സൂചിപ്പിച്ചെങ്കിലും ഇന്ത്യ ഇതുവരെ ഔപചാരികമായി മദ്ധ്യസ്ഥത ആവശ്യപ്പെട്ടിട്ടില്ലെന്ന് ഞങ്ങൾക്കറിയാം'- ട്രംപും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിലുള്ള ഉഭയകക്ഷി കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായി വൈറ്റ് ഹൗസിലെ മുതിർന്ന ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. ഈ ആഴ്ച അവസാനമാണ് ഫ്രാൻസിൽ ജി- 7 ഉച്ചകോടി.