vpm

തിരുവനന്തപുരം: സുപ്രീം കോടതി വിധിയെ തുടർന്ന് ശബരിമലയിൽ യുവതി പ്രവേശനം അനുവദിച്ച വിഷയത്തിൽ നിലപാട് മയപ്പെടുത്താൻ സി.പി.എം തീരുമാനം. സി.പി.എം സംസ്ഥാന കമ്മിറ്റി യോഗമാണ് ഇക്കാര്യത്തിൽ തീരുമാനമെടുത്തത്. ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കാൻ പാർട്ടി മുൻകൈ എടുക്കേണ്ട ആവശ്യമില്ലെന്ന് യോഗത്തിൽ തീരുമാനമായി. വിശ്വാസികളുടെ വികാരം മാനിക്കണം. പ്രാദേശിക ക്ഷേത്രക്കമ്മിറ്റികളിൽ പാർട്ടി പ്രവർത്തകർ സജീവമാകണം. വിശ്വാസികളുടെ വികാരം മാനിക്കാൻ പാർട്ടി പ്രവർത്തകർ മുൻകൈ എടുക്കണമെന്നും വിവാദ നിലപാടുകളിൽ പാർട്ടിയുമായി അകലരുതെന്നും സംസ്ഥാന കമ്മിറ്റി യോഗത്തിൽ തീരുമാനമായി.

കഴിഞ്ഞ ദിവസത്തെ യോഗത്തിന്റെ ചർച്ചയിൽ സി.പി.എം മന്ത്രിമാർക്കെതിരെയും വിമർശനങ്ങളുയർന്നിരുന്നു. പ്രവർത്തകരെ കണ്ടാൽ ചില മന്ത്രിമാരെങ്കിലും മുഖം തിരിക്കുന്നെന്നും അതുപോലെ വീടുകളിൽ നിന്നുള്ള നിർബന്ധിത പിരിവ് പാർട്ടിയുടെ പ്രതിച്ഛായ നഷ്ടപ്പെടുത്തുന്നുണ്ടെന്നും അഭിപ്രായം ഉയർന്നിരുന്നു. പിരിവ് തരാത്തവരെ വെറുപ്പിക്കരുതെന്ന ശക്തമായ നിർദ്ദേശം കീഴ്ഘടകങ്ങൾക്ക് നൽകണം. പിരിവിന് ചെല്ലുന്നവർ വീട്ടുകാരോട് വിനയത്തോടെ പെരുമാറണം. പിരിവ് തരാതിരിക്കുകയോ രാഷ്ട്രീയമായി ചോദ്യം ചെയ്യുകയോ ചെയ്താൽ അവരോട് തട്ടിക്കയറുന്നത് പാർട്ടിക്ക് ക്ഷീണമുണ്ടാക്കുന്നു. പിരിവ് തരാത്ത വീട്ടുകാരെ വെറുപ്പിക്കുകയോ അപമാനിക്കുകയോ രാഷ്ട്രീയമായി ദ്രോഹിക്കുകയോ അരുത്. വീടുകളിൽ വിവാഹം പോലുള്ള ചടങ്ങുകളിലെല്ലാം പാർട്ടിപ്രവർത്തകരുടെ സജീവസാന്നിദ്ധ്യമുണ്ടാകണം. നേതാക്കളുടെ പെരുമാറ്റത്തിൽ മേൽത്തട്ടിലടക്കം മാറ്റം വേണം.