ന്യൂഡൽഹി: ഇന്ത്യയിലെ ടെലികോം കമ്പനികളിൽ മുകേഷ് അംബാനിയുടെ ജിയോ ഒഴികെയുള്ള ടെലികോം സർവീസ് കമ്പനികളെല്ലാം കടുത്ത പ്രതിസന്ധിയിലാണ്. ഈ സാഹചര്യത്തിൽ കേന്ദ്രധനമന്ത്രി നിർമലാ സീതാരാമനോട് ടെലികോം മന്ത്രി രവിശങ്കർ പ്രസാദ് ടെലികോം മേഖലയിൽ ഇളവുകൾ ആവശ്യപ്പെട്ടു. ലൈസൻസ് ഫീ, ജി.എസ്.ടി തുടങ്ങിയവയിൽ ഇളവ് വേണമെന്നാണ് രവിശങ്കർ പ്രസാദിന്റെ പ്രധാന ആവശ്യം.
റിലേൻസ് ജിയോ മാത്രമാണ് ലാഭമുണ്ടാക്കുന്ന ഏക കമ്പനി. മറ്റ് ടെലികോം കമ്പനികൾ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ ടെലികോം സേവനദാതാക്കളുടെ യോഗം ആഗസ്റ്റ് 22ന് വിളിച്ചിരുന്നു. യോഗത്തിൽ വോഡഫോൺ-ഐഡിയ ചെയർമാൻ കുമാർ മംഗളം ബിർള ടെലികോം ഉപകരണങ്ങളുടെ ജി.എസ്.ടി 18 ശതമാനത്തിൽ നിന്ന് 12 ശതമാനമാക്കി കുറക്കണമെന്ന് ആവശ്യപ്പെട്ടതായി രവിശങ്കർ പ്രസാദ് വ്യക്തമാക്കിയിരുന്നു. ടെലികോം മേഖലയിൽ നിന്നുള്ള വരുമാനം 2017 സാമ്പത്തിക വർഷത്തിൽ 1.85 ലക്ഷം കോടിയായിരുന്നത് ഈ സാമ്പത്തിക വർഷം 1.39 ലക്ഷം കോടിയായി കുറഞ്ഞതായും അദ്ദേഹം കൂട്ടിച്ചേർത്തു. ഏകദേശം എട്ട് ലക്ഷം കോടിയാണ് ടെലികോം മേഖലയുടെ ആകെ ബാദ്ധ്യത.
ഏകദേശം 9,838.91 കോടി രൂപയുടെ അധിക വരുമാനമാണ് റിലൻസ് ജിയോ നേടിയിട്ടുള്ളതെന്ന് കണക്കുകളിലൂടെ വ്യക്തമാണ്. വരുമാനത്തിന്റെ 76 ശതമാനം വർദ്ധനവാണ് ജനുവരി മുതൽ മാർച്ച് വരെയുള്ള കാലയളവിൽ റിലൻസ് നേടിയത്. അതേസമയം, എയർടെല്ലിലിന്റെ വരുമാനം 8.7 ശതമാനം കുറഞ്ഞ് 5,920.22 കോടി രൂപയായി. വോഡഫോൺ ഐഡിയയുടെ വരുമാനം 1.25 ശതമാനം ഇടിഞ്ഞ് 7133.40 കോടിയുമായി. ഏപ്രിൽ അവസാനത്തിലെ റിപ്പോർട്ട് പ്രകാരം ജിയോയ്ക്ക് 31.5 കോടി വരിക്കാരുണ്ട്. വോഡഫോൺ ഐഡിയക്ക് 39.3 കോടിയും ഭാരതി എയർടെലിന് 32.2 കോടി വരിക്കാരുമുണ്ട്.
ചെറുതും വലുതുമായ നിരവധി ടെലികോം കമ്പനികൾ പ്രവർത്തിച്ചിരുന്ന ഇന്ത്യയിൽ ഇപ്പോൾ ജിയോയെ കൂടാതെ മറ്റ് മൂന്നു കമ്പനികൾ മാത്രമാണ് നിലവിലുള്ളത്. ഐഡിയയും വോഡഫോണും ഒന്നിച്ചു. എയർടെലും ടാറ്റാ ഡോകോമോയും ഒന്നിച്ചു. മൂന്നാമത്തെ കമ്പനി ബി.എസ്.എൻ.എൽ ആണ്.