modi

ന്യൂഡൽഹി: ഒട്ടും പ്രതീക്ഷിക്കാത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് രാജ്യം കടന്ന് പോകുന്നതെന്ന് നീതി ആയോഗ് വൈസ് ചെയർമാൻ. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചത് തൊട്ടുള്ള എഴുപത് വർഷ കാലയളവിൽ രാജ്യം ഇത്തരത്തിലൊരു പ്രതിസന്ധിയെ അഭിമുഖീകരിച്ചിട്ടില്ലെന്നും വൈസ് ചെയർമാൻ രജീവ് കുമാർ വെളിപ്പെടുത്തി. രാജ്യത്തെ സാമ്പത്തിക രംഗം പൂർണമായും ഇത്തരത്തിൽ ഒരു പ്രതിസന്ധിയിലാണെന്നും പണലഭ്യത കുറയുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സ്വകാര്യ സാമ്പത്തിക രംഗത്തെ കുറിച്ചുള്ള മുൻധാരണകൾ സർക്കാർ മാറ്റി വെയ്‌ക്കേണ്ടതുണ്ടെന്നും രജീവ് കുമാർ ചൂണ്ടിക്കാട്ടി.

രാജ്യം ഏറ്റവും കുറഞ്ഞ സാമ്പത്തിക വളർച്ചാ നിരക്ക് രേഖപ്പെടുത്തുന്ന വേളയിലാണ് മുൻനിര സാമ്പത്തിക ശാസ്ത്രജ്ഞരിൽ ഒരാളായ രജീവ് കുമാർ ഇങ്ങനെയൊരു പ്രസ്താവനയുമായി രംഗത്തെത്തുന്നത്. സാമ്പത്തിക രംഗത്തിനാണ് തകരാറെന്ന് കേന്ദ്ര സർക്കാർ പൂർണമായും മനസിലാക്കുന്നുണ്ടെന്നും പണലഭ്യത കുറയുന്നത് പാപ്പരത്തത്തിലേക്ക് സർക്കാരിനെ നയിക്കുമെന്നും അതിനാൽ ഇത് എത്രയും പെട്ടെന്ന് തടയേണ്ടതുണ്ടെന്നും രജീവ് കുമാർ പറയുന്നു. ഇതിന്റെ വീഡിയോ ദൃശ്യം പുറത്ത് വന്നിട്ടുണ്ട്.

'ആരും ആരെയും വിശ്വസിക്കാൻ തയാറല്ല. കേന്ദ്ര സർക്കാരും സ്വകാര്യ മേഖലയും മാത്രമല്ല, സ്വകാര്യ മേഖലയ്ക്കുള്ളിലും ഒരാളും മറ്റൊരാൾക്ക് കടം കൊടുക്കാൻ തയാറല്ല. രണ്ട് കാര്യങ്ങളാണ് സർക്കാർ ഇപ്പോൾ ചെയ്യേണ്ടത്. ഒന്ന്, സാമ്പത്തിക പ്രശ്നങ്ങൾ ഒഴിവാക്കാൻ അനിതരസാധാരണമായ മാർഗങ്ങൾ സർക്കാർ സ്വീകരിക്കേണ്ടി വരും. രണ്ട്, സ്വകാര്യ മേഖലയെ പറ്റി മുൻധാരണകൾ കേന്ദ്ര സർക്കാർ വച്ചുപുലർത്തുന്നത് അവസാനിപ്പിക്കണം.' രാജ്യത്തെ പണലഭ്യത കുറയുന്നതിനെ പറ്റി രജീവ് കുമാർ പറയുന്നു.

കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ, ഇന്ത്യയുടെ ആഭ്യന്തര ഉത്പാദന നിരക്ക് ജനുവരി-മാർച്ച് മാസത്തിൽ 5.8 ശതമാനം ആയിരുന്നു. മാർച്ച് 31ന് ഇത് 6.8 ശതമായാണ് അവസാനിച്ചത്. എന്നാൽ ഈ സാമ്പത്തിക വർഷത്തിന്റെ തുടക്കത്തിൽ തന്നെ വളർച്ചാ നിരക്ക് 5.7 ആയി കുറായാണ് സാദ്ധ്യതയുണ്ടെന്നാണ് വിവരം. കുറഞ്ഞ ഉപഭോഗ നിരക്ക്, നിക്ഷേപങ്ങളിൽ വന്ന കുറവ്, മോശം പ്രകടനം കാഴ്ച വയ്ക്കുന്ന രാജ്യത്തെ സേവന മേഖല എന്നിവയാണ് ഇതിന് കാരണം. 'നോമുറ' എന്ന സാമ്പത്തിക സ്ഥാപനമാണ് ഈ കണക്കുകൾ നൽകുന്നത്. എന്നാൽ ജൂലൈ-സെപ്തംബർ മാസത്തിൽ നേരിയ പുരോഗമനം സാമ്പത്തിക രംഗത്ത് ഉണ്ടാകുമെന്നും 'നോമുറ' പറയുന്നുണ്ട്.