മുംബയ്: ഭാര്യയെ കഴുത്തറുത്ത് കൊന്നതിന് ശേഷം ഭർത്താവ് ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്തു. നവി മുംബയിൽ ചൊവ്വാഴ്ചയായിരുന്നു സംഭവം. കൊലയ്ക്ക് ശേഷം ഇവരുടെ ഒന്നും രണ്ടും പ്രായമുള്ള പെൺകുട്ടികളെ മുറിയിൽ പൂട്ടിയിട്ടതിന് ശേഷമാണ് 31കാരൻ ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്തത്. 24 മണിക്കൂറോളം ഭക്ഷണവും വെള്ളവുമില്ലാതെ മുറിയിൽ കഴിഞ്ഞ കുട്ടികളെ യുവാവ് ജോലി ചെയ്യുന്ന കമ്പനിയിലെ അധികൃതർ എത്തിയതിന് ശേഷമാണ് രക്ഷപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു.
വീടിന് സമീപത്ത് നിന്ന് ഒന്നര കിലോ മീറ്റർ അകലെയുള്ള റെയിൽപാളത്തിലാണ് യുവതിയുടെ ഭർത്താവായ രാജ്കുമാർ റായി (31) ആത്മഹത്യ ചെയ്തത്. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് രാജ്കുമാർ തന്നെയാണ് ഭാര്യയെ കൊലപ്പെടുത്തിയതെന്ന് കണ്ടെത്തിയത്. ഒരു കമ്പനിയിൽ സൂപ്പർവൈസറായാണ് രാജ്കുമാർ ജോലി ചെയ്തത്. കമ്പനിയുടെ താമസസ്ഥലത്ത് തന്നെയാണ് ഇവർ താമസിച്ചിരുന്നത്. ഭാര്യയെ കഴുത്തറുത്ത് കൊന്നതിന് ശേഷം കുട്ടികളെ മൃതദേഹത്തോടൊപ്പം കെട്ടിയിട്ട് ഇയാൾ ആത്മഹത്യ ചെയ്യുകയായിരുന്നെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ചൊവ്വാഴ്ച രാത്രിയോടെയാണ് ഇയാളുടെ മൃതദേഹം റെയിൽവെ ട്രാക്കിൽ നിന്ന് കണ്ടെടുത്തതെന്ന് അസി. ഇൻസ്പെകടർ അതുൽ അതിരെ പറഞ്ഞു.
ബുധനാഴ്ച വൈകീട്ട് കമ്പനിയിലെ മറ്റുജോലിക്കാർ പൂട്ടിയിട്ട വീടിനുള്ളിൽ നിന്ന് എന്തോ ശബ്ദം കേട്ട് നോക്കിയപ്പോഴാണ് സംഭവം പുറംലോകമറിയുന്നത്. മൃതദേഹവും രണ്ട് കുട്ടികളെയും വീട്ടിൽ കണ്ടെത്തിയതോടെ തൊഴിലാളികൾ പൊലീസിനെ വിവരമറിയിച്ചു. ഭർത്താവിനെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു. പിന്നീട് ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയയാളുടെ ഫോട്ടോ, തൊഴിലാളികളെ കാണിച്ചപ്പോഴാണ് മരിച്ചത് കൊല്ലപ്പെട്ട സ്ത്രീയുടെ ഭർത്താവാണെന്ന് വ്യക്തമായത്. കൊലപാതകത്തിനും ആത്മഹത്യക്കും പിന്നിലെ കാരണം ഇപ്പോഴും വ്യക്തമല്ലെന്ന് പൊലീസ് പറഞ്ഞു. പോസ്റ്റ് മോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷം കൂടുതൽ കാര്യങ്ങൾ വ്യക്തമാകുമെന്നാണ് പൊലീസ് കരുതുന്നത്.