ന്യൂഡൽഹി: മുൻ എം.പിയും കോൺഗ്രസ് നേതാവും നടിയുമായ ദിവ്യ സ്പന്ദന വിവാഹിതയായി എന്ന മട്ടിലുള്ള വാർത്തകൾ കഴിഞ്ഞ ഏതാനും ദിവസങ്ങളായി പുറത്ത് വരാൻ തുടങ്ങിയിട്ട്. ദുബായിൽ വച്ച് പോർച്ചുഗീസ് പൗരനും വ്യവസായിയുമായ റാഫേലുമായുള്ള ദിവ്യയുടെ വിവാഹം കഴിഞ്ഞു എന്ന രീതിയിലായിരുന്നു വാർത്തകൾ. എന്നാൽ ഇത് വാസ്തവവിരുദ്ധമാണെന്നും ദിവ്യയുടെ വിവാഹം കഴിഞ്ഞിട്ടില്ലെന്നും വ്യക്തമാക്കികൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ദിവ്യ സ്പന്ദനയുടെ അമ്മ.
ദിവ്യയുടെ വിവാഹം കഴിഞ്ഞിട്ടില്ലെന്നും അങ്ങനെ സംഭവിച്ചിട്ടുണ്ടെങ്കിൽ 'അവൾ' അത് രഹസ്യമാക്കി വയ്ക്കില്ലെന്നുമാണ് അമ്മ രഞ്ജിത പറയുന്നത്. അങ്ങനെ നടക്കുകയാണെങ്കിൽ എല്ലാവരെയും അറിയിക്കുമെന്നും ദയവായി വ്യാജവാർത്തകൾ പ്രചരിപ്പിക്കരുതെന്നും രഞ്ജിത അഭ്യർത്ഥിച്ചു. ദിവ്യ കാമുകനുമായി വേർപിരിഞ്ഞുവെന്നും ഇരുവരും അവരുടേതായ ജോലിത്തിരക്കുകളിൽ വ്യാപൃതരായപ്പോൾ അത് അവരുടെ ബന്ധത്തെ ബാധിച്ചുവെന്നും അമ്മ രഞ്ജിത വെളിപ്പെടുത്തി.
മാത്രമല്ല പോർച്ചുഗലിൽ താമസിക്കാൻ ദിവ്യക്ക് യാതൊരു താല്പര്യവുമില്ലെന്നും അതിനാലാണ് അവർ വേർപിരിയാൻ തീരുമാനിച്ചതെന്നും എന്നാൽ അവർ സുഹൃത്തുക്കളായി തുടരുമെന്നും രഞ്ജിത അറിയിച്ചു. 2012ലാണ് ദിവ്യ സിനിമ രംഗത്തോട് വിട പറഞ്ഞുകൊണ്ട് കോൺഗ്രസിൽ ചേരുന്നത്. 2013ൽ മാണ്ഡ്യയിൽ നടന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ദിവ്യ വിജയിച്ചിരുന്നു. എന്നാൽ തുടർന്ന് 2014ൽ നടന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ അവർ പരാജയപ്പെട്ടു. കോൺഗ്രസിന്റെ ഡിജിറ്റൽ മീഡിയ ടീമിനെ ഏറെ നാൾ നയിച്ചത് ദിവ്യയായിരുന്നു.