പല്ലവി രവീന്ദ്രൻ എന്ന ആസിഡ് ആക്രമണത്തിനെ അതിജീവിച്ച പെൺകുട്ടിയുടെ കഥപറഞ്ഞ ചിത്രമാണ് മനു അശോകൻ സംവിധാനം ചെയ്ത ഉയരെ. ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രത്തിൽ പല്ലവിയായി എത്തിയത് പാർവതി തിരുവോത്തായിരുന്നു. പാർവതി പല്ലവിയായി ജീവിക്കുകയായിരുന്നു എന്ന അഭിപ്രായവുമായി അന്യഭാഷകളിൽ നിന്നുള്ളവർവരെ രംഗത്തെത്തിയിരുന്നു. എന്നാൽ ഇപ്പോഴിതാ ചിത്രത്തിനെ വിമർശിച്ച് ഫേസ്ബുക്കിലൂടെ രംഗത്തെത്തിയിരിക്കുകയാണ് നടൻ ഹരീഷ് പേരടി.
ആസിഡ് ആക്രമണത്തിനു ശേഷവും നായികയെ കാണാൻ നല്ല ഭംഗിയുണ്ട്, എന്നാൽ ആ സിനിമയിലെ തന്നെ ആസിഡ് ആക്രമണ അതിജീവന കേന്ദ്രത്തിലെ മറ്റു പെൺകുട്ടികൾക്കൊന്നും ആ ഭംഗിയില്ല എന്നാണ് ഹരീഷ് പേരടിയുടെ വിമർശനം. 'ഇടതു ഭാഗവും വലതു ഭാഗവും കൃത്യമായി അളന്നു മുറിച്ചുള്ള ആസിഡ് ആക്രമണമൊക്കെ കാണുമ്പോഴാണ് സങ്കേതികത ഇത്രയൊന്നും വളരാത്ത കാലത്തുള്ള സൂര്യമാനസത്തിന്റെ സംവിധായകൻ വിജി തമ്പി സാറിനൊരു ഉമ്മ കൊടുക്കാൻ തോന്നുന്നത്'-ഹരീഷ് പേരടി കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം
ആസിഡ് ആക്രമണത്തിനു ശേഷവും നായികയെ കാണാൻ നല്ല ഭംഗിയുണ്ട്... എന്നാൽ ആ സിനിമയിലെ തന്നെ ആസിഡ് ആക്രമണ അതിജീവന കേന്ദ്രത്തിലെ മറ്റു പെൺകുട്ടികൾക്കൊന്നും ആ ഭംഗിയില്ലാ.. (ജീവിത യാഥാർത്ഥ്യങ്ങളാണെന്ന് തോന്നുന്നു.)... സൗന്ദര്യം ഒന്നുമല്ലാ കഴിവാണ് പ്രധാനം എന്ന് പറയുന്ന സിനിമയിൽ പോലും നായികയുടെ സൗന്ദര്യം നിലനിർത്താനുള്ള ആ കച്ചവട ബുദ്ധിക്കു മുന്നിൽ കൈയ്യടിച്ചേ പറ്റു.... ഇടതു ഭാഗവും വലതു ഭാഗവും കൃത്യമായി അളന്നു മുറിച്ചുള്ള ആസിഡ് ആക്രമണം... എത്ര മനോഹരമാണത്.. (ഇതൊക്കെ കാണുമ്പോഴാണ് സങ്കേതികത ഇത്രയൊന്നും വളരാത്ത കാലത്തുള്ള സൂര്യമാനസത്തിന്റെ സംവിധായകൻ വിജി തമ്പി സാറിനൊരു ഉമ്മ കൊടുക്കാൻ തോന്നുന്നത്)..ഇത്തരം സിനിമകൾ ഒരു പാട് ഫെസ്റ്റിവലുകൾ ഇനിയും കയറി ഇറങ്ങുതോറും നല്ല ആസിഡ് ഏറുക്കാരെ തേടി പുറം രജ്യങ്ങളിൽ നിന്ന് ആളു വരുമോ എന്നാണെന്റെ പേടി....