triple-talaq

ന്യൂഡൽഹി: മുത്തലാഖ് ക്രിമിനൽ കുറ്റമാക്കി പാർലമെന്റ് പാസാക്കിയ നിയമത്തെ ചോദ്യം ചെയ്ത സമർപ്പിച്ച ഹർജികൾ പരിശോധിക്കുമെന്ന് സുപ്രീം കോടതി . ഇതുമായി ബന്ധപ്പെട്ട് പ്രതികരണം അറിയാൻ സുപ്രീം കോടതി കേന്ദ്ര സർക്കാരിന് നോട്ടീസ് അയച്ചു. മൂന്ന് ഹർജികളാണ് ഇതുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയിൽ സമർപ്പിച്ചിരിക്കുന്നത്. മുത്തലാഖ് നിയമം ഭരണഘടനയ്ക്ക് വിരുദ്ധമാണെന്നാണ് ഹർജിയിലെ വാദം.


ജസ്റ്റിസ് എൻ.വി രമണ,​ ജസ്റ്റിസ് അജയ് രസ്‌തഗി എന്നിവരുടെ ബെഞ്ചാണ് കേന്ദ്രത്തിന്റെ പ്രതികരണം അറിയാൻ നോട്ടീസ് അയച്ചത്. മുത്തലാഖ് ചെയ്യുന്ന പുരുഷൻമാരെ മൂന്ന് വർഷം തടവിന് ശിക്ഷിക്കുന്ന നിയമം വീണ്ടും പരിശോധിക്കണമെന്ന് ഹർജിക്കാർക്ക് വേണ്ടി ഹാജരായ സൽമാൻ ഖുർഷിദ് കോടതിയെ അറിയിച്ചു. മുത്തലാഖ് ചൊല്ലി വിവാഹബന്ധം പിരിയുന്നതിന് നിയമസാധുതയില്ലെന്ന് സുപ്രീം കോടതി 2017 ആഗസ്റ്റിൽ സൈറ ബാനു കേസിൽ ഉത്തരവിട്ടിട്ടുണ്ട്. അത് കൊണ്ട് തന്നെ ഇത് ക്രിമിനൽ കുറ്റമാക്കേണ്ടതില്ലെന്നും സൽമാൻ ഖുർഷിദ് വാദിച്ചു. നിയമം പരിശോധിക്കണമെന്നുള്ള അദ്ദേഹത്തിന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. മുത്തലാഖ് ക്രിമിനൽക്കുറ്റമാക്കിയ നിയമം ചോദ്യംചെയ്ത് ഡൽഹി ഹൈക്കോടതിയിലും ഹർജിയുണ്ട്.

ഏറെ വിവാദങ്ങൾക്കൊടുവിൽ കഴിഞ്ഞ മാസമാണ് 78നെതിരെ 302 വോട്ടുകൾക്ക് മുത്തലാഖ് ബില്ല് ലോക്സഭയിൽ പാസായത്. കഴിഞ്ഞ വർഷം ആഗസ്റ്റിൽ മുത്തലാഖ് നിരോധിച്ചുകൊണ്ട് സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവിനെ തുടർന്നാണ് സർക്കാർ ബില്ല് കൊണ്ടുവന്നത്. മുത്തലാഖ് ചൊല്ലുന്ന പുരുഷന് മൂന്നുവർഷം വരെ ജയിൽ ശിക്ഷ വ്യവസ്ഥ ചെയ്യുന്നതാണ് നിയമം. ലിംഗ നീതിയുടെ വിജയമാണെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ബില്ല് പാസായതിന് ശേഷം ട്വീറ്റ് ചെയ്തത്.